Palakkad

മണ്ഡലാടിസ്ഥാന വികസന വാര്‍ത്തകള്‍ ആലത്തൂര്‍ നിയോജകമണ്ഡലം ആലത്തൂരില്‍ 22 കോടിയില്‍ കണ്ണാടി കുടിവെള്ള പദ്ധതി പഞ്ചായത്ത് തലത്തില്‍ കളിസ്ഥലങ്ങള്‍ വണ്ടാഴി തളികകല്ല് കോളനിയില്‍ 37 ഭവനങ്ങുടെ നവീകരണം

ആലത്തൂരില്‍ ഇക്കാലയളവില്‍ 22 കോടിയില്‍ കണ്ണാടി കുടിവെള്ള പദ്ധതി, മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലായി 12 കോടിയില്‍ ഒന്‍പത് കളിസ്ഥലങ്ങള്‍, വണ്ടാഴി തളികക്കല്ല് ആദിവാസി കോളനിയില്‍ 37 വീടുകളുടെ നവീകരണം, പോത്തന്‍തോടിന് കുറുകെ പാലവും അനുബന്ധ റോഡ് നിര്‍മാണം തുടങ്ങിയ സമഗ്രമായ പദ്ധതികളാണ് നടപ്പിലാക്കിയത്.

22 കോടിയില്‍ കണ്ണാടി-കുഴല്‍മന്ദം-തേങ്കുറുശ്ശി കുടിവെള്ള പദ്ധതി

കണ്ണാടി-കുഴല്‍മന്ദം-തേങ്കുറുശ്ശി പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതി 22 കോടിയിലാണ് പൂര്‍ത്തിയാക്കിയത്. പദ്ധതിയിലൂടെ മൂന്ന് പഞ്ചായത്തുകളിലെ 1,18,000 പേര്‍ക്ക് ജല ലഭ്യം ഉറപ്പിക്കും വിധമാണ് നടപ്പിലാക്കിയത്. 15 കോടിയില്‍ ആദ്യഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണാടി ചെക്ക്ഡാമിന് സമീപം കിണറിന്റെ പുനരുദ്ധാരണം, പുഴയ്ക്കല്‍ അമ്പലപ്പറമ്പ് ഹെല്‍ത്ത് സെന്ററിന് സമീപം 9.5 എം.എല്‍.ഡി സംഭരണ ശേഷിയുള്ള ജല ശുദ്ധീകരണശാല, റോ വാട്ടര്‍ പമ്പിങ് മെയിന്‍ സ്ഥാപിക്കല്‍, മൂന്ന് പഞ്ചായത്തുകളിലേയും ജലസംഭരണശാലകളിലേക്ക് പ്രധാന പൈപ്പ് ലൈന്‍, ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കല്‍ എന്നിവ പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ ഏഴ് കോടിയില്‍ 8.5 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി, വിതരണ ശൃംഖലകള്‍ സ്ഥാപിക്കല്‍ എന്നിവയും പൂര്‍ത്തീകരിച്ചു.

പഞ്ചായത്ത് തലത്തില്‍ കളിസ്ഥലങ്ങള്‍

ഏഴ് പഞ്ചായത്തുകളുള്ള മണ്ഡലത്തില്‍ ഒന്‍പത് കളിസ്ഥലങ്ങളാണ് നിര്‍മിച്ചത്. ആലത്തൂരില്‍ കാട്ടുശ്ശേരി ജി.എല്‍.പി സ്‌കൂളില്‍ 78 ലക്ഷത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, 95.74 ലക്ഷത്തില്‍ തേങ്കുറിശ്ശി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മിനി സ്റ്റേഡിയം, 1.02 കോടിയില്‍ കുഴല്‍മന്ദം സി.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയം, 1.06 കോടിയില്‍ എരിമയൂര്‍ ജി.എച്ച്.എസ്.എസില്‍ സ്റ്റേഡിയം എന്നിവ പൂര്‍ത്തിയായി. 2.13 കോടിയില്‍ മേലാര്‍കോട് എം.എന്‍.കെ.എം. എച്ച്. എസ്.എസ്, 95.73 ലക്ഷത്തില്‍ വണ്ടാഴി സി.വി.എം എച്ച്.എസ്.എസ് എന്നിവിടങ്ങളിലും 2.13 കോടിയില്‍ കിഴക്കഞ്ചേരി ജി.എച്ച്.എസ്.എസില്‍ മിനി സ്റ്റേഡിയം, 95.73 ലക്ഷത്തില്‍ കുനിശ്ശേരി ജി.എച്ച്.എസ്.എസില്‍ സ്റ്റേഡിയം എന്നിവയും പൂര്‍ത്തിയായി. ഇത്തരത്തില്‍ ആകെ 12 കോടിയിലാണ് മണ്ഡലത്തില്‍ കളിസ്ഥലങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

അടിസ്ഥാന സൗകര്യം ഉറപ്പാക്കി തളികക്കല്ല് കോളനി

ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വണ്ടാഴി തളികക്കല്ല് കോളനിയില്‍ 2.66 കോടിയില്‍ 37 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 7.2 ലക്ഷം രൂപയില്‍ 450 വിസ്തീര്‍ണമുള്ള ഓരോ കോണ്‍ക്രീറ്റ് റൂഫിങ് വീട്ടിലും രണ്ട് കിടപ്പുമുറികള്‍, ലിവിങ് റൂം, അടുക്കള, സിറ്റ്ഔട്ട്, ശുചിമുറി സൗകര്യങ്ങളും വൈദ്യുതി കണക്ഷനും ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ നിര്‍മ്മാണത്തില്‍ 1.11 കോടി ചെലവില്‍ പോത്തന്‍ തോടിന് മുന്‍പ് 154 മീറ്റര്‍ റോഡും ശേഷം 361 മീറ്റര്‍ റോഡും അധികമായി 160 മീറ്ററും ഉള്‍പ്പടെ 675 മീറ്റര്‍ നീളത്തില്‍ റോഡും പോത്തന്‍തോടിന് കുറുകെ 21 മീറ്റര്‍ നീളത്തിലും 3.3 മീറ്റര്‍ വീതിയിലുമുള്ള പാലവും നിര്‍മിച്ചിട്ടുണ്ട്.

സമഗ്ര വികസനത്തിന് കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ പദ്ധതികള്‍

പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ത്ഥികളുടെ അക്കാദമിക വ്യക്തിത്വ വികസനത്തിന് നടപ്പിലാക്കുന്ന ദിശ പദ്ധതിയിലൂടെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ദിശയിലൂടെ അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേളകളും സംഘടിപ്പിച്ചുവരുന്നു. മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ നിറയിലൂടെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. കര്‍ഷകര്‍ക്ക് കാര്‍ബണ്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കി. ആലത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ സജീകരിച്ച നിറ ഇക്കോ സ്റ്റോറിലൂടെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികളും മറ്റുത്പന്നങ്ങളും വിപണനം ചെയ്യുന്നുണ്ട്. നന്മ ആരോഗ്യ പരിരക്ഷ പദ്ധതിയിലൂടെ വിവിധ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്.

വിവിധ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയായി

7 കോടിയില്‍ കുഴല്‍മന്ദം ഗവ ഹൈസ്‌കൂള്‍ കെട്ടിടം, 5 കോടിയില്‍ കിഴക്കഞ്ചേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം, 3.90 കോടിയില്‍ എരിമയൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം, 3 കോടിയില്‍ ആലത്തൂര്‍ ഗവ ജി.എച്ച്.എസ്.എസ് കെട്ടിടം, 1 കോടിയില്‍ ആലത്തൂര്‍ താലൂക്ക് ജനസേവന കേന്ദ്രം ഒന്നാം ഘട്ടം പൂര്‍ത്തിയായി. രണ്ടാം ഘട്ടം നടന്നുവരുന്നു. ഒന്ന് വീതം കോടിയില്‍ തേങ്കുറിശ്ശി കമ്യൂണിറ്റി ഹാള്‍, കുനിശ്ശേരി ഗവ ഹൈസ്‌കൂള്‍ കെട്ടിടം, മുടപ്പല്ലൂര്‍ ഗവ ഹൈസ്‌കൂള്‍ കെട്ടിടം, തേങ്കുറിശ്ശി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം, പുതിയങ്കം ഗവ യുപി സ്‌കൂള്‍ കെട്ടിടം എന്നിവ പൂര്‍ത്തിയായവയില്‍ ഉള്‍പ്പെടുന്നു. 85 ലക്ഷത്തില്‍ തൃപ്പാളൂര്‍ ക്ഷേത്രം കമ്യൂണിറ്റി ഹാള്‍, 20.75 ലക്ഷത്തില്‍ ആലത്തൂര്‍ മത്സ്യഭവന്‍ കെട്ടിടം എന്നിവയും പൂര്‍ത്തിയായി.

മംഗലംഡാം കുടിവെള്ള പദ്ധതി

മംഗലംഡാമിലെ ജലസ്രോതസുപയോഗിച്ച് മണ്ഡലത്തിലെ പ്രധാന പദ്ധതികളിലൊന്നാണ് മംഗലംഡാം കുടിവെള്ള പദ്ധതി. പദ്ധതിയുടെ ഭാഗമായി മംഗലം ഡാമിന് സമീപം 240 ലക്ഷം ലിറ്റര്‍ പ്രതിദിനം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ശുദ്ധീകരണ ശാലയുടെയും 15 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെയും നിര്‍മ്മാണം പുരോഗമിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയാണ് പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനം നടപ്പിലാക്കുന്നത്. വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെയും തരൂര്‍ മണ്ഡലത്തിലെ വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പദ്ധതിയിലൂടെ കഴിയും. നിലവില്‍ പഞ്ചായത്തുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് വരികയാണ്.

മമ്പാട്, ചുള്ളിമട പാലങ്ങള്‍ പുരോഗമിക്കുന്നു

6 കോടിയില്‍ കിഴക്കഞ്ചേരി-മംഗലംഡാം റോഡിലുള്ള മമ്പാട് പാലം നിര്‍മാണം പുരോഗമിക്കുകയാണ്. വീതിയും ഉയരവും കുറവുള്ള നിലവിലെ പാലം പൂര്‍ണമായി പൊളിച്ച് ഉയരം കൂട്ടി 11 മീറ്റര്‍ വീതിയിലാണ് പുതിയ പാലം നിര്‍മിക്കുന്നത്. മഴക്കാലത്ത് പാലം മുങ്ങി കിഴക്കഞ്ചേരി – രണ്ട് വില്ലേജിലെ പുന്നപ്പാടം, തച്ചക്കോട്, ഇളവംപാടം, കണിയമംഗലം പ്രദേശത്തുള്ളവര്‍ ഒറ്റപ്പെടുന്നത് പതിവായിരുന്നു. പാലം പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ യാത്രാദുരിതത്തിന് പരിഹാരമാകും. ആലത്തൂരില്‍ ഗായത്രി പുഴയ്ക്ക് കുറുകെ 9.78 കോടിയില്‍ കൂട്ടമൂച്ചിയേയും ചുള്ളിമടയേയും ബന്ധിപ്പിക്കുന്ന ചുള്ളിമട പാലം നിര്‍മാണവും പുരോഗമിക്കുകയാണ്.
ഇതിന് പുറമെ അഞ്ച് കോടിയില്‍ എരിമയൂര്‍ തൃപ്പാളൂരില്‍ ഗായത്രി പുഴയ്ക്ക് കുറുകെ തൂക്കുപാലം, ആലത്തൂരില്‍ രണ്ട് കോടിയില്‍ നീന്തല്‍ പരിശീലനത്തിന് അക്വാട്ടിക് അക്കാദമിക് അക്കാദമി, 1.42 കോടിയില്‍ കണ്ണാടി പന്നിക്കോട് റോഡ് നവീകരണം, 1 കോടിയില്‍ വണ്ടാഴി കമ്യൂണിറ്റി ഹാള്‍, 40 ലക്ഷത്തില്‍ പെരുങ്കുന്നം ജി.എല്‍.പി സ്‌കൂള്‍ പൊതു കളിസ്ഥലം എന്നിവയും ഒരുങ്ങുകയാണ്.
15 വീതം കോടിയില്‍ ആലത്തൂര്‍ ബൈപാസ്, ആലത്തൂര്‍ താലൂക്ക് ആശുപത്രി നവീകരണം, പറക്കുന്നം പാലം എന്നിവയുടെ പ്രവര്‍ത്തികളും പുരോഗമിക്കുന്നു. 7 കോടിയില്‍ നിര്‍മിക്കുന്ന കുഴല്‍മന്ദം ഗവ ഹൈസ്‌കൂള്‍ കെട്ടിടം പൂര്‍ത്തീകരണത്തിലേക്ക് എത്തിക്കഴിഞ്ഞു. 1.75 കോടിയില്‍ കിഴക്കഞ്ചേരി കമ്യൂണിറ്റി ഹാള്‍ നിര്‍മാണവും നടക്കുകയാണ്.

ആലത്തൂരില്‍ നവകേരള സദസ്സ് ഡിസംബര്‍ *മൂന്നിന്

ആലത്തൂര്‍ നിയോജക മണ്ഡലം നവകേരള സദസ്സ് ഡിസംബര്‍ മൂന്നിന് വൈകിട്ട് നാലിന് സ്വാതി ജങ്ഷനിലെ പുതുക്കുളങ്ങര കാവ് പറമ്പ് മൈതാനത്ത് നടക്കും. നവംബര്‍ 27 ഡിസംബര്‍ രണ്ട് വരെ പ്രദര്‍ശന-വിപണനമേള, വിവിധ സെമിനാറുകള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ നടക്കും. മണ്ഡലത്തില്‍ സദസിന് മുന്നോടിയായി ഇതിന് മുന്നോടിയായി പഞ്ചായത്ത് തല-ബൂത്ത് തല യോഗങ്ങള്‍, വീട്ടുമുറ്റ സദസ് എന്നിവ നടന്നു വരികയാണ്.
 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close