Ernakulam

മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമാണ് കേരളം: മന്ത്രി വി.എൻ വാസവൻ

മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി സംസ്ഥാനത്ത് വർഗീയ കലാപങ്ങൾ നടന്നിട്ടില്ല. രാജ്യത്ത് പലയിടത്തും പൗരാവകാശങ്ങളും മതനിരപേക്ഷതയും ഹനിക്കപ്പെടുമ്പോൾ കേരളം ബദൽ ഉയർത്തുകയാണെന്നും മന്ത്രി പറഞ്ഞു. 

പെരുമ്പാവൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക ചരിത്രത്തിൽ ആദ്യമായി മന്ത്രിസഭ ജനങ്ങളിലേക്ക് ഇറങ്ങി വന്നപ്പോൾ സർക്കാരിൽ പ്രതീക്ഷ അർപ്പിച്ച് വൻ ജനക്കൂട്ടമാണ് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ഏഴ് വർഷമായി സംസ്ഥാന സർക്കാർ നടത്തി വന്ന സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുടെ ഫലമാണ് അഭൂത പൂർവമായ ഈ ജനപങ്കാളിത്തമെന്ന് മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം, കെ ഫോൺ, കൊച്ചി വാട്ടർ മെട്രോ തുടങ്ങിയ സുപ്രധാന പദ്ധതികൾ യാഥാർഥ്യമാക്കി. ശബരിമല വിമാനത്താവളം, മലയോര ഹൈവേ, തീരദേശ ഹൈവേ, കൊച്ചി സയൻസ് പാർക്ക് എന്നീ പദ്ധതികൾ അധികം വൈകാതെ നാടിനു സമർപ്പിക്കും. 

അതിദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് കൊണ്ടുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുന്നു. നിലവിൽ 0.73 ശതമാനമാണ് കേരളത്തിൽ അതിദരിദ്രർ. 2024 നവംബറിൽ ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

സുസ്ഥിര വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിർമാണം തുടങ്ങിയ എല്ലാ മേഖലകളിലും ആവേശകരമായ വികസനം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനു ജനങ്ങളുടെ നിർദേശങ്ങളും പിന്തുണയും അനിവാര്യമാണ്. നവകേരള നിർമ്മിതിയിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close