Ernakulam

വർണ്ണച്ചിറകുകൾ ചിൽഡ്രൻസ് ഫെസ്റ്റിന് ജില്ല ഒരുങ്ങുന്നു

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന സംസ്ഥാനതല ചിൽഡ്രൻസ് ഫെസ്റ്റിന് ജില്ല ഒരുങ്ങുന്നു. വർണ്ണചിറകുകൾ എന്ന പേരിൽ ജനുവരി 26, 27, 28 തീയതികളിൽ കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ഫെസ്റ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പരിപാടിയുടെ നടത്തിപ്പിനായി തിരഞ്ഞെടുത്ത 18 സബ് കമ്മിറ്റികളുടെ പ്രവർത്തനം വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ യോഗത്തിൽ വിലയിരുത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മത്സരയിനങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. വിവിധ സർക്കാർ വകുപ്പുകളുടെ പ്രദർശന വിപണന മേളയും കലാ പരിപാടികളും ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കും.

സർക്കാരിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും കീഴിലുള്ള ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഫെസ്റ്റ് നടത്തുന്നത്. അഞ്ച് വേദികളിൽ മൂന്ന് ദിവസങ്ങളിലായാണ് കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ അരങ്ങേറുന്നത്.

കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, കൊച്ചി കോർപ്പറേഷൻ കൗൺസിലർ ഷീബ ലാൽ, വനിതാ ശിശു വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. ഷാജു, സംസ്ഥാന പ്രോഗ്രാം മാനേജർ കെ. കൃഷ്ണമൂർത്തി, ജില്ലാ വനിത ശിശു വികസന ഓഫീസർ ഡോ. പ്രേംന മനോജ് ശങ്കർ, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ എച്ച്. താഹിറ ബീവി, ഐ. സി. ഡി. എസ്. പ്രോഗ്രാം മാനേജർ കെ.ബി. സൈന, ശിശു സംരക്ഷണ ഓഫീസർ കെ. എസ്. സിനി, വിവിധ കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close