Ernakulam

സിവിൽ സ്റ്റേഷനിലെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി

തീപിടിത്തം, ബോംബ് ഭീഷണി തുടങ്ങിയ അടിയന്തിര ഘട്ടങ്ങളെ നേരിടാൻ സിവിൽ സ്റ്റേഷൻ ജീവനക്കാരെ സജ്ജരാകുന്നതിന് പ്രത്യേക പ്രവർത്തന മാനദണ്ഡം തയാറാക്കാൻ തീരുമാനം. സ്പാർക്ക് ഹാളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി ജനുവരി ആദ്യവാരം മോക്ക് ഡ്രിൽ സംഘടിപ്പിക്കും. ഒരു അപകടം സംഭവിച്ചാൽ ഒന്നിച്ച് കൂടേണ്ട സുരക്ഷിത കേന്ദ്രം, ആ കേന്ദ്രത്തിലേക്ക് എത്തേണ്ട മാർഗം എന്നിവ സംബന്ധിച്ച് ജീവനക്കാർക്ക് അവബോധം നൽകും. കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ സിവിൽ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾ പിൻതുടരേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച് സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. സിവിൽ സ്റ്റേഷനിലെ ഫയർ എക്സ്റ്റിംഗ്വിഷറുകളുടെ കാര്യക്ഷമത സംബന്ധിച്ച് പരിശോധന നടത്തും. 

കൂടുതൽ ജീവനക്കാരുള്ള ഓഫീസുകളിൽ എമർജൻസി റെസ്പോൺസ് ടീം രൂപീകരിക്കും.  അപകടമുണ്ടായാൽ ജീവനക്കാർ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കൃത്യമായ പദ്ധതി തയാറാക്കി സമർപ്പിക്കാൻ എ.ഡി.എം. നിർദേശം നൽകി. അസംബ്ലി പോയിന്റുകൾ കണ്ടെത്തി രേഖപ്പെടുത്തണം. വലിയ കെട്ടിട സമുച്ചയങ്ങൾക്കായി തയാറാക്കിയിട്ടുള്ള പ്രവർത്തന മാനദണ്ഡം വിശദമായി പഠിച്ച ശേഷമാകും സിവിൽ സ്റ്റേഷനിലേക്കുള്ള പദ്ധതി തയാറാക്കുക. മൂന്നാഴ്ചയ്ക്കകം പദ്ധതി തയാറാക്കാനും എ.ഡി.എം. നിർദേശിച്ചു. 

ബിപിസിഎല്ലിന്റെ സഹകരണത്തോടെയാകും സിവിൽ സ്റ്റേഷന്റെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുക.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദു മോൾ, ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ, തൃക്കാക്കര ഫയർ സ്റ്റേഷൻ ഓഫീസർ കെ എൻ സതീശൻ, പോലീസ്, സിവിൽ സപ്ലൈസ് തുടങ്ങിയ വിവിധ വകുപ്പ് ജീവനക്കാർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close