Ernakulam

സഹായം ആവശ്യമുള്ളവരെയും സഹായിക്കാന്‍ തയാറുള്ളവരെയും കൂട്ടിയിണക്കാന്‍ എവരി വണ്‍ ഫോര്‍ എറണാകുളം 

ജീവിതത്തിലെ ഏറ്റവും അവിസ്മരണീയം ദിനം….തങ്ങള്‍ ആഗ്രഹിച്ച സമ്മാനം ലഭിച്ച ദിവസം. ജീവിതത്തില്‍ വര്‍ഷങ്ങളായി ആഗ്രഹിച്ച സ്വപ്‌നം സഫലമായ ദിനം..കാക്കനാട് ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ ഈ ദിവസത്തെ ഓര്‍ത്തുവെക്കുന്നത് ഇങ്ങനെയൊക്കെയാകും. 

ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിലാണ് കാക്കനാട് ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് അവരുടെ ആഗ്രഹമനുസരിച്ചുള്ള സമ്മാനങ്ങള്‍ നല്‍കിയത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കുട്ടികള്‍ക്കായി ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷവും സംഘടിപ്പിച്ചു. 

അഞ്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെത്തിയ കളക്ടര്‍ കുട്ടികളോട് അവര്‍ ആഗ്രഹിക്കുന്ന സമ്മാനം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടത്. സ്ഥാപന മേധാവിയില്‍ നിന്നും അവിടത്തെ അത്യാവശ്യങ്ങള്‍ മനസിലാക്കുകയും ചെയ്തു. കാഡ്ബറീസ് മുതല്‍ ഗിറ്റാര്‍ വരെയുള്ള വിഷ് ലിസ്റ്റ് കുട്ടികള്‍ തയാറാക്കി കളക്ടര്‍ക്ക് നല്‍കി. ഈ ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളാണ് കളക്ടര്‍ ക്രിസ്മസ് സമ്മാനമായി വിതരണം ചെയ്തത്. ലുലു ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സമ്മാനങ്ങള്‍ ലഭ്യമാക്കിയത്. 

സഹായം ആവശ്യമുള്ളവരെയും സഹായിക്കാന്‍ തയാറുള്ളവരെയും കൂട്ടിയിണക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന എവരി വണ്‍ ഫോര്‍ എറണാകുളം ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. പദ്ധതിയുടെ ലോഞ്ചിഗും ലോഗോ പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു. കണക്ടിംഗ് ദ നീഡി വിത്ത് ദ ഗിഫ്റ്റഡ് (Connecting the needy with the gifted) എന്ന ആശയം അടിസ്ഥാനമാക്കി നടപ്പാക്കുന്ന പദ്ധതിയാണ് എവരിവണ്‍ ഫോര്‍ എറണാകുളം. സൗഭാഗ്യങ്ങള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരില്‍ നിന്നും അത്യാവശ്യങ്ങളും ആഗ്രഹങ്ങളും  ഉള്ളിലൊതുക്കി കഴിയുന്നവരിലേയ്ക്ക് ഒരു പാത സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

പരസ്പരം സഹായിക്കുന്നതിനായി ഒത്തുചേരുന്നതിനുള്ള വേദിയൊരുക്കുകയാണ് എവരിവണ്‍ ഫോര്‍ എറണാകുളം എന്ന് പദ്ധതി ലോഞ്ചിംഗ് നിര്‍വഹിച്ച് കളക്ടര്‍ പറഞ്ഞു. ചുറ്റുമുള്ള സ്‌നേഹിക്കാനുള്ളതാണ് ജീവിതം. ഔദ്യോഗിക ജോലിത്തിരക്കിനിടയില്‍ ഒരു മനുഷ്യനാണെന്ന് സ്വയം അനുഭവപ്പെടുന്ന നിമിഷമാണ് ഇത്തരം പരിപാടികള്‍. പരസ്പരം സഹായിക്കാന്‍ മനസുള്ള നിരവധി പേര്‍ ജില്ലയിലുണ്ട്. സഹായം ആവശ്യമുള്ളവരിലേക്ക് ഈ സഹായം ലഭ്യമാക്കാനുള്ള കൂടുതല്‍ ശ്രമങ്ങളാകും പദ്ധതിയുടെ ഭാഗമായി നടത്തുകയെന്നും കളക്ടര്‍ പറഞ്ഞു. 

കുട്ടികള്‍ക്കായി കളക്ടര്‍ ക്രിസ്മസ് കേക്ക് മുറിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ചോക്ലേറ്റുകളും പാവക്കുട്ടികളും പുത്തനുടുപ്പുകളും കളിക്കോപ്പുകളും പഠന സാമഗ്രികളും വാദ്യോപകരങ്ങളും ലഭിച്ച കുട്ടികള്‍ കളക്ടര്‍ക്കും ജീവനക്കാര്‍ക്കമൊപ്പം ഏറെ നേരം ചെലവിട്ട ശേഷമാണ് മടങ്ങിയത്.  

കുരുന്നുകളോടൊപ്പം ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചുകൊണ്ട് പുതിയൊരു കൂട്ടായ്മകയ്ക്ക് തുടക്കമാകുകയാണ്. ഇതുപോലെ ഒരുപാട് പേരുടെ മുഖത്തു പുഞ്ചിരിയുടെ വിളക്ക് കൊളുത്തുവാന്‍ ഒന്നിച്ചു കൈകോര്‍ക്കാന്‍ ജില്ലാ ഭരണകൂടം അഭ്യര്‍ഥിക്കുന്നു. സഹായം ആവശ്യമുളളവര്‍ക്കും സഹായം നല്‍കാന്‍ തയാറുള്ളവര്‍ക്കും എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.

ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എം.വി. ടിന്‍സി കളക്ടറില്‍ നിന്ന് സ്ഥാപനത്തിനുള്ള പ്രത്യേക ഉപഹാരം ഏറ്റുവാങ്ങി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, ലുലു ഗ്രൂപ്പ് പ്രതിനിധി ജോ പൈനാടത്ത് ജോസി, സബ് കളക്ടര്‍ കെ. മീര, ജില്ലാ വികസന കമ്മീഷണര്‍ എം.എസ്. മാധവിക്കുട്ടി, അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര, ഹുസൂര്‍ ശിരസ്തദാര്‍ അനില്‍കുമാര്‍ മേനോന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ഉഷ ബിന്ദുമോള്‍, ബി. അനില്‍കുമാര്‍, വി. ഇ. അബ്ബാസ്, വനിത ശിശു വികസന ഓഫീസര്‍ പ്രേംന മനോജ് ശങ്കര്‍, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close