Ernakulam

ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധം;   ഉറവിട നശീകരണം ശക്തമാക്കും

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു

ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവധ വകുപ്പുകളെ പങ്കെടുപ്പിച്ചു ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി കൊതുകുകളുടെ ഉറവിട നശീകരണം കൂടുതല്‍ കാര്യക്ഷമമാക്കും. 

നിലവില്‍ നഗര മേഖലകളിലാണ് ഡെങ്കിപ്പനി കൂടുതല്‍  റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥിരമായി ചില മേഖലകള്‍ കേന്ദ്രീകരിച്ച് രോഗ വ്യാപനമുണ്ടാകുന്നുണ്ട്. ഇത് തടയാന്‍ പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കി മുന്നോട്ടുപോകും.  തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ്, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ എന്നിവ സംയുക്തമായി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. 

നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പല ഇടങ്ങളിലും കൊതുകിന് വളരാന്‍ അനുകൂല സാഹചര്യങ്ങളുണ്ട്. അവിടെ ഇടപെടല്‍ ആവശ്യമാണ്. ഫ്‌ളാറ്റുകള്‍ കേന്ദ്രീകിരിച്ചും ഉറവിട നശീകരണം നടത്തണം. കൃത്യമായ ഇടവേളകളില്‍ ഈ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം സ്‌കൂളുകള്‍ വഴി നടത്താനും യോഗത്തില്‍ തീരുമാനിച്ചു. 

അതിഥി തൊഴിലാളികള്‍ക്കിടയില്‍ ടി.ബി, മലേറിയ പോലുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനാല്‍ തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം ആവശ്യമാണ്. രോഗങ്ങളെന്തെങ്കിലും ഉണ്ടായാല്‍ അവര്‍ ആശുപത്രിയിലെത്തി ചികിത്സ തേടുന്ന സാഹചര്യമുണ്ടായാല്‍ ഏതു രോഗമാണെന്ന് കണ്ടെത്താനും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കും. ഇതിനായി തൊഴില്‍ വകുപ്പിന്റ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനം ശക്തമാക്കും. 

കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എം ഷഫീഖ്, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close