Malappuram

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ.പി പരിശോധനകള്‍ക്ക് മുടക്കമില്ലെന്ന് ആരോഗ്യവകുപ്പ്

 –സ്ഥലംമാറ്റം നല്‍കിയത്  സ്പെഷ്യാലിറ്റി വിഭാഗത്തില്‍ അല്ലാത്ത ഡോക്ടര്‍മാര്‍ക്ക് മാത്രം
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ.പി പരിശോധനകള്‍ മുടക്കമില്ലാതെ തുടരുന്നതായും സ്ഥലംമാറ്റം നല്‍കിയത് സ്പെഷ്യാലിറ്റി വിഭാഗത്തില്‍ അല്ലാത്ത ഡോക്ടര്‍മാര്‍ക്ക് മാത്രമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആരോഗ്യവകുപ്പ് മന്ത്രിയുടെ ജില്ലാതല സന്ദര്‍ശന സമയത്ത് അരീക്കോട് താലൂക്ക് ആശുപത്രി, കൊണ്ടോട്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി നിര്‍ദേശം നല്‍കിയിരുന്നു.  ഇതിനു വേണ്ട ഭൗതിക സൗകര്യങ്ങള്‍ പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള 12 അസിസ്റ്റന്റുമാരില്‍ ആറ് പേരെ അരീക്കോട് ആശുപത്രിയിലേക്കും  അഞ്ച് പേരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്കും ഒരാളെ പൂക്കോട്ടൂര്‍ ബ്ലോക്ക്  ആശുപത്രിയിലേക്കും സ്റ്റോപ്പ് ഗ്യാപ്പ് വ്യവസ്ഥയില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി നിയോഗിച്ചിരുന്നു. മഞ്ചേരി  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാരെ ആരെയും തന്നെ നിലവില്‍ സ്ഥലംമാറ്റം നല്‍കിയിട്ടില്ല. നിലവില്‍ സ്ഥലംമാറ്റം നല്‍കിയ 12 പേരില്‍ ജനറല്‍ വിഭാഗം ഡോക്ടര്‍മാര്‍ മാത്രമാണ്   ഉള്‍പ്പെടുന്നതെന്നും ഡി.എം.ഒ അറിയിച്ചു.
ആരോഗ്യവകുപ്പിന് കീഴില്‍ മഞ്ചേരി ഗവ. ജനറല്‍ ആശുപത്രിയില്‍ 56 ഡോക്ടര്‍മാരും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 62 ജൂനിയര്‍ റസിഡന്റുമാര്‍, 44 സീനിയര്‍ റസിഡന്റുമാര്‍, 97 അധ്യാപക തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ 200 ലധികം ഡോക്ടര്‍മാര്‍  നിലവില്‍ ജോലി ചെയ്യുന്നുണ്ട്.  മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നടത്തിവരുന്നത് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ്. സ്ഥലംമാറ്റത്തിന്റെ പേരില്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം മൂലവും ബഹിഷ്‌കരണം മൂലവും  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ചികിത്സാ സേവനങ്ങളും മറ്റു ആരോഗ്യ സേവനങ്ങളും തടസ്സപ്പെട്ടിട്ടില്ല.

 ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ  ആരോഗ്യവകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുടെ ജോലിഭാരം കുറവാണെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരം  ഇവിടങ്ങളിലുള്ള ഡോക്ടര്‍മാരെയാണ് അരീക്കോട്, കൊണ്ടോട്ടി താലൂക്ക് ആശുപത്രികളിലേക്ക് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സേവനം നല്‍കുന്നതിനായി സ്ഥലം മാറ്റം നല്‍കി നിയോഗിച്ചത്. ഇതുവഴി  ബ്ലോക്ക് തലത്തിലും താലൂക്ക് തലത്തിലുമുള്ള  ആശുപത്രികളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിനും   അതുവഴി ജില്ലാ ജനറല്‍ ആശുപത്രിയിലും  മെഡിക്കല്‍ കോളേജ് ആശുപത്രിയിലും  പൊതുജനങ്ങള്‍ക്ക് മികച്ച വിദഗ്ധ ചികിത്സ ലഭ്യമാകുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close