Palakkad

ഹരിതകര്‍മ്മസേന കേരളത്തെ മുന്നില്‍ നിന്ന് നയിക്കേണ്ട വിഭാഗം: മന്ത്രി എം.ബി രാജേഷ് ഹരിത കര്‍മ്മസേന സംഗമം നടന്നു

കേരളത്തെ മുന്നില്‍ നിന്ന് നയിക്കേണ്ട വിഭാഗമാണ് ഹരിതകര്‍മ്മ സേന എന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഹരിത കര്‍മ്മസേന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിതകര്‍മ്മ സേനയ്ക്ക് വരുമാനം ലഭ്യമാക്കുന്നത് ഉറപ്പാക്കാന്‍ യൂസര്‍ ഫീ പിരിവ് നിര്‍ബന്ധമാക്കി. അവര്‍ക്ക് ജോലി ചെയ്യുന്നതിന് ആവശ്യമായ പ്രൊട്ടക്റ്റീവ് ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി. കുടുംബശ്രീയുടെ കൈപ്പുണ്യം കേരളത്തിന് പുറത്തും അറിയിക്കാനുള്ള പദ്ധതികള്‍ തയ്യാറാവുകയാണ്. പുതിയ മേഖലകളിലേക്ക് കുടുംബശ്രീ കടന്നുവരേണ്ടത് ആവശ്യമാണ്. നാടിനെ മാറ്റിമറിക്കുന്ന സാമൂഹ്യ ശക്തിയാണ് കുടുംബശ്രീ. 
ആശ-അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനമാണ് കേരളം. കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് 164 കോടി രൂപ സബ്‌സിഡി അനുവദിച്ചു കഴിഞ്ഞു. കേരളത്തിന് ലഭിക്കാനുള്ള തുകയില്‍ വലിയ കുറവ് വന്നത് സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പോക്കിനെ തടസപ്പെടുത്താതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ സ്വന്തം വരുമാനം കണ്ടെത്തിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. റവന്യൂ ചെലവ് ഏറ്റവും കുറച്ച സംസ്ഥാനവും കേരളമാണ്. എത്ര വെല്ലുവിളികള്‍ നേരിട്ടാലും ലൈഫ് പദ്ധതിയുമായി മുന്നോട്ടു പോകും. എല്ലാവര്‍ക്കും സ്വന്തമായി വീട് ഉറപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. 
ഇന്ത്യ ചരിത്രത്തില്‍ ഇതുവരെ കാണാത്ത ഏറ്റവും വലിയ ജനകീയ ആശയവിനിമയ പരിപാടിയാണ് നവകേരള സദസ്. ഇത് വിജയിപ്പിക്കുന്നതിന് കുടുംബശ്രീ, ഹരിതകര്‍മ്മ സേന, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close