Palakkad

ശിശുദിനത്തില്‍ മാലിന്യനിര്‍മാര്‍ജന നിര്‍ദേശങ്ങളുമായി കുട്ടികളുടെ ഹരിതസഭ

മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച പ്രശ്‌നങ്ങള്‍, അവക്കുള്ള നിര്‍ദേശങ്ങള്‍, ജനപ്രതിനിധികളോടുള്ള ചോദ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി ഹരിതസഭ സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹരിതസഭയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ മാലിന്യനിര്‍മാര്‍ജനത്തിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പുതിയ ആശയങ്ങള്‍ സംഭാവന ചെയ്യുന്നതിനും വേണ്ടിയാണ് തദ്ദേശ സ്ഥാപനതലത്തില്‍ ഹരിതസഭ സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് അതത് പ്രദേശങ്ങളിലെ മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ മനസിലാക്കാനും മാലിന്യ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടാനും ഹരിതസഭ വഴി സാധിക്കുന്നു.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ജനപ്രതിനിധികളോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനും തങ്ങളുടെ സ്‌കൂളിലെ മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ പങ്കുവക്കുന്നതിനും ക്രിയാത്മകമായ ആശയങ്ങള്‍ പങ്കുവക്കുന്നതിനുള്ള അവസരവും ഹരിതസഭയില്‍ ഒരുക്കിയിരുന്നു. മാലിന്യമുക്തം നവകേരളം ആദ്യഘട്ട ക്യാമ്പയിന്റെ ഭാഗമായി രൂപീകരിച്ച ഹരിതസഭകളില്‍ സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഭാഗമായിരുന്നത്. ഒരു ഹരിതസഭയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ എല്ലാ സ്‌കൂളുകള്‍ക്കും പ്രാതിനിധ്യം നല്‍കി കൊണ്ട് തെരഞ്ഞെടുക്കുന്ന 150 മുതല്‍ 200 വരെ കുട്ടികള്‍ ഉള്‍പ്പെടുന്നു. കോര്‍പറേഷന്‍ പരിധിയില്‍ സ്‌കൂളുകളുടെ എണ്ണം അനുസരിച്ച് ഒന്നിലധികം ഹരിതസഭകള്‍ സംഘടിപ്പിച്ചു. ഹരിതസഭയുടെ തുടര്‍നടപടിയായി സ്‌കൂളുകളില്‍ ശുചിത്വ ക്ലബുകള്‍ രൂപീകരിക്കും. നവംബര്‍ 15 മുതല്‍ നടക്കുന്ന ഗ്രാമസഭകളില്‍ കുട്ടികളുടെ ഹരിതസഭയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ടായി അവതരിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close