Palakkad

മഴയ്ക്ക് മുന്‍പ് റോഡുകളുടെ അറ്റകുറ്റപ്പണി

പൂര്‍ത്തീകരിക്കണം: മന്ത്രി എം.ബി രാജേഷ്

ജല്‍ജീവന്‍ പ്രവൃത്തികളുടെ ഭാഗമായി പൊളിച്ചിട്ട തൃത്താല നിയോജകമണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ മഴയ്ക്ക് മുന്‍പ് പൂര്‍ത്തീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ജല അതോറിറ്റി-പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വികസനപ്രവര്‍ത്തനങ്ങളില്‍ പ്രധാന തടസമായി നില്‍ക്കുന്ന റോഡുകളിലെ കട്ടിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേര്‍ന്നത്. തൃത്താല മണ്ഡലത്തിലെ കറുകപുത്തൂര്‍-അക്കിക്കാവ്, വട്ടോളികാവ്-കറുകപുത്തൂര്‍, തണ്ണീര്‍ക്കോട്-നടുവട്ടം, തണ്ണീര്‍ക്കോട്-ചാലിശ്ശേരി, ആനക്കര-കാലടി തുടങ്ങിയ റോഡ് പ്രവൃത്തികളുടെ തടസങ്ങള്‍ നീക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

തൃത്താല, ചാലിശ്ശേരി, തിരുമിറ്റക്കോട്, നാഗലശ്ശേരി പഞ്ചായത്തുകളിലെ പി.ഡബ്ല്യു.ഡി റോഡ് കട്ടിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കറുകപുത്തൂര്‍-അക്കിക്കാവ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കായി വാട്ടര്‍ അതോറിറ്റി ഒടുക്കിയ തുക കൊണ്ട് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

ചാലിശ്ശേരി-തണ്ണീര്‍ക്കോട് പൈപ്പ് ലൈന്‍ ഇടുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. പുനരുദ്ധാരണ പ്രവൃത്തികള്‍ തുടങ്ങുന്നതിനുമുമ്പ് അതുവഴിയുള്ള ഭാരവാഹനങ്ങളുടെ യാത്ര താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നതിനായി ആര്‍.ടി.ഒക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് പി.ഡബ്ല്യൂ.ഡി റോഡ്‌സ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. തണ്ണീര്‍ക്കോട്-നടുവട്ടം റോഡ് പുനരുദ്ധാരണ കരാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ വെയ്ക്കുമെന്ന് പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം അറിയിച്ചു. ജല്‍ജീവന്‍ മിഷന്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി റോഡ് പുനരുദ്ധാരണം, റോഡ് കട്ടിങ് എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതിനാലും പുതിയ പ്രവൃത്തിയുടെ ഭാഗമല്ലാത്തതിനാലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നാലും ഭരണാനുമതി കിട്ടുന്ന മുറയ്ക്ക് പണി ചെയ്താല്‍ മാത്രമേ മഴക്കാലത്തിനുമുമ്പ് പൂര്‍ത്തീകരിക്കാന്‍ സാധിക്കൂവെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ സബ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, പി.ഡബ്ല്യു.ഡി, വാട്ടര്‍ അതോറിറ്റി, ജല്‍ജീവന്‍ മിഷന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close