Kannur

പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുംവിധം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലൈഫ് ലോംഗ് ലേണിംഗ് സ്ഥാപനങ്ങളാക്കി മാറ്റും: മുഖ്യമന്ത്രി

 പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുംവിധം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലൈഫ് ലോംഗ് ലേണിംഗ് സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖാമുഖം പരിപാടിയുടെ ഭാഗമായി നടന്ന ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മറുപടി പറയുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ മാറ്റത്തിനനുസരിച്ച് ജോലിയുടെ രൂപവും ഭാവവും മാറി വരും. അതിനനുസൃതമായ കോഴ്‌സുകള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രാധാന്യം നല്‍കണം. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് അറിവ്, ശേഷി, നൈപുണി എന്നിവയില്‍ പരിഷ്‌കരണം വരുത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പുമായി ചർച്ചനടത്തും. പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായ പരിഷ്‌കാരങ്ങൾ കൈക്കൊള്ളും. പുതിയ അറിവും കഴിവും ആര്‍ജിക്കുന്നതിനായി  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലൈഫ് ലോംഗ് ലേണിംഗ് സ്ഥാപനങ്ങളാക്കി മാറ്റും.ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പ് വരുത്തും. മുഖ്യമന്ത്രി പറഞ്ഞു.
നിയമരംഗത്ത് പട്ടികജാതി വകുപ്പ് നടത്തിയ ചുവടുവെപ്പാണ് ജ്വാല പദ്ധതി. പദ്ധതിയുടെ ഭാഗമായി 69 പേര്‍ക്ക് നിയമരംഗത്ത് പ്രായോഗിക പരിശീലനം നല്‍കി വരുന്നുണ്ട്. 24 പേര്‍ ഹൈക്കോടതിയിലും 45 പേര്‍ ജില്ലാ കോടതികളിലുമാണ് പരിശീലനം നേടുന്നത്. ഗവ. പ്ലീഡര്‍ ഓഫീസുകളിലാണ് ഭൂരിഭാഗം പേരും നിയമിക്കപ്പെടുന്നത്.  ഇവര്‍ക്ക് മറ്റ് ഓഫീസുകളിലും പ്രഗത്ഭരായ മറ്റ് അഭിഭാഷകരുടെയും കീഴില്‍ ജോലി ചെയ്യാന്‍ അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.  ഇക്കാര്യം ആവശ്യപെട്ട് അഡ്വ.ഭരദ്വാജ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി .
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ പുതുതായി ആരംഭിക്കണമെന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏറണാകുളത്തും തൃശൂരിലും പെണ്‍കുട്ടികള്‍ക്ക് വേണ്ടിയും കോതമംഗലത്ത് ആണ്‍കുട്ടികള്‍ക്ക് വേണ്ടിയും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ തുടങ്ങി. കോഴിക്കോട് പെണ്‍കുട്ടികള്‍ക്കായി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ തുടങ്ങും. നിലവിലുള്ള ഹോസ്റ്റലുകള്‍ നവീകരിക്കും. പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസാനുകൂല്യം ധനകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ വര്‍ദ്ധിപ്പിക്കും.
വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനായി ഗോത്രബന്ധുപദ്ധതി വഴി 326മെന്റര്‍ ടീച്ചര്‍മാരെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ഒരിടത്തും സ്ഥിരമായി തങ്ങാത്ത ശീലമുള്ള മലപണ്ടാര വിഭാഗക്കാരെ വാസസ്ഥലമൊരുക്കി പുനരധിവസിപ്പിക്കും. പെരിഞ്ഞാട് പഞ്ചായത്തില്‍ 20 കുടുംബങ്ങള്‍ക്ക് ഭൂമിക്ക് കൈവശേ രേഖ നല്‍കി. 23 കുടുംബങ്ങള്‍ക്ക് രേഖ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍ മേഖലയില്‍ കെ എസ് ഇ ബിയുടെ ക്വാട്ടേഴ്‌സ് സ്ഥലത്ത് താമസിക്കുന്ന മലപണ്ടാരക്കാര്‍ക്കായി ഭൂമിലഭ്യമാക്കുന്നതിന് കെ എസ് ഇ ബി യുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. മലപണ്ടാരങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പാക്കേജ് നടപ്പാക്കും. ഭൂരഹിതരരായ പട്ടികവര്‍ഗ്ഗകാര്‍ക്ക് ഭൂമി കണ്ടെത്തി നല്‍കുന്നതിനുള്ള ലാന്റ് ബാങ്ക് പദ്ധതി മുന്നോട്ട് പോവുന്നു. പട്ടികജാതി ദുര്‍ബല വിഭാഗങ്ങള്‍ക്ക് 100% സബ്‌സിഡിയോടെ സ്വയംതൊഴില്‍ സംരഭ  വായ്പ അനുവദിക്കുന്നുണ്ട്. ഇത് മറ്റ് വിഭാഗങ്ങള്‍ക്ക് കൂടി വ്യാപിപ്പിക്കണമോ എന്നത് പരിശോധിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗേ മേഖലയിലെ സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് സഹകരണ വകുപ്പുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌ക്കരിക്കും. മുഖ്യമന്ത്രി പറഞ്ഞു.
പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ പാരമ്പര്യ വൈദ്യന്മാര്‍ക്ക് ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും ചികിത്സാ മാര്‍ഗ്ഗങ്ങള്‍ അടുത്ത തലമുറയ്ക്ക് കൈമാറുന്നതിനുമായി കിര്‍ത്താഡ്‌സുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കും കലാകായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കും. സ്‌പോര്‍ട്‌സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തി കുട്ടികള്‍ക്ക് അഞ്ചാം തരം മുതല്‍ പരിശീലനം നല്‍കും. സര്‍ക്കാര്‍ സഹായത്തോടെ സ്‌പെയിനില്‍ ഫുട്‌ബോള്‍ പരിശീലനം നടത്തുന്ന നന്ദുവിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ലഹരി ഉപയോഗത്തിനെതിരെ വിവിധ പദ്ധതികള്‍ നടപ്പിലാക്കും. ലഹരി വില്‍പനക്കാരോട് യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും അത്തരക്കാരെ പറ്റി അധികാരികളുടെ ശ്രദ്ധയില്‍പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്രാന്‍സ്‌ജെന്റര്‍ മാര്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. തൊഴില്‍ പരിശീലന പരിപാടികളില്‍ അവരെ ഉള്‍പ്പെടുത്തി. മാനദണ്ഡങ്ങള്‍ ഇളവ് വരുത്തി ഭൂമി നല്‍കി.ശ്മശാന റോഡുകളുടെ ഫീസിബിലിറ്റി പ്രശ്‌നം പ്രത്യേകമായി കണ്ട് ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കും. അയ്യങ്കാളിയുടെ ജന്മനാട്ടില്‍ ഗവേഷണ കേന്ദ്രമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കും. എസ് സി വിഭാഗങ്ങൾ ഇല്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  എസ് സി ഫണ്ട് തിരിച്ചടക്കുന്നതിനു പകരം എസ് സി വിഭാഗങ്ങൾ ഏറെയുള്ള തദ്ദേശസ്ഥാപനങ്ങൾക്കായി മാറ്റി നൽകാൻ കഴിയുമോ  എന്ന കാര്യം പഠിച്ച് പറയാമെന്നും അട്ടപ്പാടിയിലെ 3 വില്ലേജുകളിലെ ഡിജിറ്റല്‍ റീസര്‍വ്വെ ആറ് മാസത്തിനകം പൂര്‍ത്തികരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ചുഴലി വില്ലേജിനെ രണ്ടാം ഘട്ട റീസര്‍വ്വെ യില്‍ ഉള്‍പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close