Ernakulam

വോട്ടവകാശം വിനിയോഗിക്കേണ്ടത് ഓരോ പൗരന്മാരുടെയും ഉത്തരവാദിത്തം: ജില്ലാ കളക്ടർ  

ജില്ലയിലെ സ്വീപ്പ് ഐക്കണുകളെ ആദരിച്ചു 

വോട്ടവകാശം വിനിയോഗിക്കുകയെന്നത് ഓരോ പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്ന്  ജില്ലാ കളക്ടർ എൻ. എസ്. എസ്.കെ. ഉമേഷ് പറഞ്ഞു. ഇലക്ഷൻ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ സ്വീപ്പ് ടീം തെരഞ്ഞെടുത്ത സ്വീപ്പ് ഐക്കണുകളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീപ്പ് ഐക്കണുകളിലൂടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ബോധവത്ക്കരണം നടത്താനും അതു വഴി പരമാവധി ആളുകളെ വോട്ട് ചെയ്യിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും  സ്വീപ്പ് ഐക്കണായി തിരഞ്ഞെടുത്തവരെ കളക്ടർ ആദരിച്ചു. ചലച്ചിത്ര മേഖലയിൽ നിന്നും വിനയ് ഫോർട്ട്, മുതിർന്ന പൗരന്മാരുടെ പ്രതിനിധിയായി കായികതാരം പി. ഇ. സുകുമാരൻ, ജന സേവന മേഖലയിൽ നിന്നും വിൽഫ്രഡ് മാനുവൽ,  വിദ്യാർത്ഥി പ്രതിനിധിയായി എറണാകുളം സെന്റ്. തെരേസാസ് കോളേജ് വിദ്യാർത്ഥി നവീന ഷൈൻ, ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നും കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ വാർത്ത അവതാരികയായ സ്വീറ്റി ബർണാഡ്, മത്സ്യ മേഖലയിൽ നിന്നും ജാക്സൺ പോളായിൽ, ഭിന്നശേഷി വിഭാഗത്തിൽ നിന്നും ബെന്നി ബർണാഡ് , സയൻസ് ആൻഡ് ടെക്നോളജി മേഖലയിൽ നിന്നും  ക്യാൽപെയിൻ ഗ്രൂപ്പ് സി. ഇ. ഒ. ജിജോ ജി. ജോൺ, ആദിവാസി വിഭാഗത്തിൽ നിന്നും ടി. സുകു, ഹരിതകർമ്മ സേന മേഖലയിൽ നിന്നും എസ്. മുത്തുമാരി, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധിയായി എഡ്രാക് പ്രസിഡന്റ്  പി. രംഗദാസ പ്രഭു എന്നിവരാണ് ജില്ലയിലെ സ്വീപ്പ് ഐക്കണുകൾ.

ചടങ്ങിൽ  ജില്ലയിലെ  കോളേജ് വിദ്യാർത്ഥികൾക്കായി  ‘ഞാൻ എന്തിന് വോട്ട് ചെയ്യണം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും  സ്വീപ്പ് അംബാസിഡർമാരായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.  ഗ്രീൻ ഇലക്ഷൻ ലോഗോ കളക്ടർ പ്രകാശനം ചെയ്തു. 

“ഓരോ വോട്ടും വിലപ്പെട്ടതാണ്, ഒരു വോട്ടുപോലും പാഴാക്കരുത്” എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള  ഇലക്ഷൻ കമ്മീഷൻ്റെ പദ്ധതിയാണ് സ്വീപ്പ്.
ചടങ്ങിൽ അസി. കളക്ടർ നിഷാന്ത് സിഹാര,  ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടീസ് , സ്വീപ്പ് കോ ഓഡിനേറ്റർമാരായ  കെ ജി വിനോജ് , രശ്മി സി കണ്ണാട്ട് , എം. പാർവതി , മജു മനോജ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close