Ernakulam

പഞ്ചായത്തുകളിൽ  ഭിന്നശേഷിക്കാർക്ക് അദാലത്ത് സംഘടിപ്പിക്കാൻ നിർദേശം നൽകും: നിയമസഭാ സമിതി

സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച  സമിതി യോഗം ചേർന്നു

പഞ്ചായത്തുകളിൽ എല്ലാ മാസവും ഭിന്നശേഷി അദാലത്ത് സംഘടിപ്പിക്കാൻ നിർദേശം നൽകുമെന്ന് സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച  നിയമസഭാസമിതി ചെയർപേഴ്സൺ യു.പ്രതിഭ പറഞ്ഞു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭിന്നശേഷിക്കാരുടെ റെക്കോർഡുകൾ സൂക്ഷിക്കണം. പരാതികളിൽ കാലതാമസം ഒഴിവാക്കണമെന്നും നിയമസഭാസമിതി നിർദേശിച്ചു. എറണാകുളം ജില്ലയിലെ നിയമസഭാസമിതി തെളിവെടുപ്പ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ.

യു.ഡി.ഐ.ഡി കാർഡ്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, ഭിന്നശേഷി ആനുകൂല്യങ്ങൾ, തസ്തികകൾ, നിയമനം തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതൽ പരാതികളും വന്നത്. ആറു മാസത്തിനു ശേഷം ജില്ലയിൽ നിയമസഭാസമിതി യോഗം വീണ്ടും ചേരും.

കളക്ടറേറ്റിൽ നടന്ന യോഗത്തിൽ 
ജില്ലയിലെ രണ്ട് പഴയ പരാതികളിൽ സമിതി തെളിവെടുപ്പ് നടത്തി. 31 പുതിയ പരാതികൾ പരിഗണിച്ചു. ഇതിൽ 25 എണ്ണം സമിതി നേരിട്ട് ഇടപെടും. മൂന്ന് പരാതികൾ ജില്ലാ കളക്ടർക്ക് കൈമാറി. 

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ നിയമസഭാസമിതി അംഗങ്ങളായ കാനത്തിൽ ജമീല, സി.കെ ആശ, ഒ.എസ് അംബിക, കെ.ശാന്തകുമാരി, ഉമ തോമസ് എന്നിവർ പരാതികൾ ചർച്ച ചെയ്തു. 

പി.വി ശ്രീനിജിൻ എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ, കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീണർ എസ്. ശശീധരൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 തെളിവെടുപ്പിന് ശേഷം നിയമസഭാ സമിതി  ചെയർപേഴ്സണും അംഗങ്ങളും വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. കാക്കനാട് ചിൽഡ്രൻസ് ഹോം,  ചൈൽഡ് വെൽഫെയർ കമ്മിറ്റി, സഖി വൺ സ്റ്റോപ്പ്‌ സെന്റർ, ജുവനൈൽ ജസ്റ്റിസ് ഒബ്സർവേഷൻ ഹോം തുടങ്ങിയ സ്ഥാപനങ്ങളാണ് സമിതി സന്ദർശിച്ചത്.

 ഓരോ സ്ഥാപനങ്ങളും സന്ദർശിച്ച് പ്രവർത്തന രീതികളും സേവനങ്ങളും വിലയിരുത്തി.  പരാതികളിൽ കൃത്യമായ രീതിയിൽ ഇടപെടൽ നടത്തണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് സമിതി നിർദ്ദേശം നൽകി. 

 പെൺകുട്ടികൾക്കായുള്ള കാക്കനാട് ചിൽഡ്രൻസ് ഹോമിലെ പ്രവർത്തനരീതികൾ സമിതി അംഗങ്ങൾ വിലയിരുത്തി. കുട്ടികൾക്ക് സ്ഥാപനം ഒരുക്കുന്ന സേവനങ്ങളും സൗകര്യങ്ങളും മനസിലാക്കി. കുട്ടികളെ മികച്ച വ്യക്തികളായി വളർത്തുന്നതിനും അവരുടെ കാലാകായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളെ കുറിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.

ഗാർഹിക പീഡനം ഉൾപ്പടെ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് വേണ്ട താമസവും കൗൺസിലിങ്ങും നിയമ സഹായങ്ങളും ഉൾപ്പടെയുള്ളവ ഒരു കുടക്കീഴിൽ ഒരുക്കി കാക്കനാട് പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ പ്രവർത്തനവും സമിതി വിലയിരുത്തി. ഉദ്യോഗസ്ഥരുമായി സംസാരിച്ച് ഇവിടെ നിന്ന് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും സ്ഥാപനത്തിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.  സ്ത്രീകളുടെ ഉന്നമനത്തിനായി സ്ഥാപനം നടത്തുന്ന ഇടപെടലുകളും മനസിലാക്കി.

കാക്കനാട് പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കായുള്ള ജുവനൈൽ ജസ്റ്റിസ് ഹോമിലെ പ്രവർത്തനങ്ങളും സമിതി  വിലയിരുത്തി.

നിയമസഭാ സമിതി ചെയർപേഴ്സൺ യു.  പ്രതിഭയുടെ നേതൃത്വത്തിൽ, നിയമസഭാസമിതി അംഗങ്ങളായ കാനത്തിൽ ജമീല, സി.കെ ആശ, ഒ.എസ് അംബിക, കെ.ശാന്തകുമാരി, ഉമ തോമസ് എന്നിവർ സ്ഥാപനങ്ങൾ സന്ദർശിച്ചു, വനിതാ ശിശു വികസന, സാമൂഹ്യനീതി, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സമിതി അംഗങ്ങളോടൊപ്പം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close