Uncategorized

ആസാദ് വാക്കത്തോണിന് തുടക്കമായി

*മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

ലഹരിക്കെതിരെ ആസാദ് സേനയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും നടത്തുന്ന ആസാദ് വാക്കത്തോണിന് തുടക്കമായി.  സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം, കവടിയാറിലെ വിവേകാന്ദ പാർക്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

മയക്കുമരുന്നുകൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ പ്രതിജ്ഞാബദ്ധമായിട്ടാണ് എൻ.എസ്.എസ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എൻ.എസ്.എസ് ഏറ്റെടുത്തിട്ടുള്ള ആ കടമയുള്ള ഭാഗമായിട്ടാണ് പതിനായിരത്തോളം വൊളന്റിയർമാർ അണിനിരന്നുകൊണ്ടുള്ള വാക്കത്തോണുകൾ ജില്ലാ കേന്ദ്രങ്ങളിൽ നടക്കാൻ പോകുന്നത്. ലഹരിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം മുന്നോട്ടുകൊണ്ടുപോയി യുവാക്കൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരായിട്ടുള്ള പ്രതിരോധത്തിന്റെ പരിചയാണ് ഇതിലൂടെ എൻ.എസ്.എസ് ഉയർത്തിപ്പിടിക്കുന്നത്. ലഹരി ഉപയോഗത്തിലൂടെ ഉണ്ടാകുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ച്  സംസാരിക്കുകയും ലഹരിക്കെതിരായ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസിഡർമാരായി പ്രവർത്തിക്കുകയും ചെയ്യുന്ന  ആസാദ് സേനയിലെ അംഗങ്ങൾ വലിയ അഭിനന്ദനമാണ് അർഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഹരി ഉപയോഗം വ്യക്തിയുടെയും സമൂഹത്തിന്റെയും കുടുംബത്തിന്റെയും  പുരോഗതിയെ തടസ്സപ്പെടുത്തുകയാണ്. അതിനെ അതിജീവിക്കാനുള്ള കൂട്ടായ്മയാണ് വാക്കത്തോണിലൂടെ രൂപപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. അൻസർ ആർ.എൻ, ആസാദ് സേന തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ഡോ. രേഷ്മാ സോമൻ തുടങ്ങിയവർ പങ്കെടുത്തു.  14 ജില്ലകളിലായി സംഘടിപ്പിക്കുന്ന ആസാദ് വാക്കത്തോണിൽ 15,000ത്തിലധികം എൻ.എസ്.എസ് വൊളന്റിയർമാർ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close