Uncategorized

റിപ്പബ്ലിക് ദിനാഘോഷം: ഒരുക്കങ്ങള്‍ വിലയിരുത്തി -മന്ത്രി ജി.ആര്‍ അനില്‍ അഭിവാദ്യം സ്വീകരിക്കും

റിപ്പബ്ലിക് ദിനം മലപ്പുറം ജില്ലയില്‍ വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.  ജനുവരി 26ന് മലപ്പുറം എം.എസ്.പി പരേഡ് മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അഭിവാദ്യം സ്വീകരിക്കും.  എം.എസ്.പി, പ്രാദേശിക പൊലീസ്, സായുധ റിസര്‍വ് പൊലീസ്, എക്‌സൈസ്, വനിതാ പൊലീസ്, ഫോറസ്റ്റ്, ഫയര്‍ ഫോഴ്‌സ്, എന്‍.സി.സി, ജൂനിയര്‍ എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, എസ്.പി.സി (ബോയ്‌സ് ആന്റ് ഗേള്‍സ്)  തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നായി 34 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. പരേഡിന് എം.എസ്.പി അസി. കമാന്‍ഡന്റ് നേതൃത്വം നല്‍കും.
രാവിലെ 7.15 ന്  മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രഭാതഭേരിയോടെയാണ് ജില്ലയിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. 11 വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍  പ്രഭാതഭേരിയില്‍ പങ്കെടുക്കും.  ബാന്റ് സെറ്റുകളുടെയും സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് മാര്‍ച്ച് പാസ്റ്റിന്റെയും മറ്റും അകമ്പടിയോടെ നടക്കുന്ന പ്രഭാതഭേരിയില്‍ മികച്ച പ്രകടനം നടത്തുന്ന ടീമിനും പരേഡില്‍ മികച്ച പ്രകടനം നടത്തുന്ന വിഭാഗങ്ങള്‍ക്കും റോളിങ് ട്രോഫികള്‍ സമ്മാനിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍ അലങ്കരിക്കും. പരേഡിന് മുന്നോടിയായി എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ജനുവരി 23 വൈകീട്ട് നാലിനും 24 ന് രാവിലെ ഏഴിനും റിഹേഴ്സല്‍ നടത്തും. റിപ്പബ്ലിക് ദിനാഘോഷം, പരേഡ് തുടങ്ങിയവയുടെ പ്രാഥമിക ഒരുക്കങ്ങള്‍ക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. റിഹേഴ്സലിലും പരേഡിലും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ചിട്ടയായ ക്രമീകരണങ്ങളോടെ പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, അഡീഷണല്‍ എസ്.പി പി.എം പ്രദീപ്, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) പി. ബിനു മോന്‍, എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ് റോയ് റോഗേഴ്സ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close