THRISSUR

ഇരിങ്ങാലക്കുട കോടതി സമുച്ചയം; 62 കോടി 74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി: മന്ത്രി ഡോ. ആർ ബിന്ദു:

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

രണ്ടാംഘട്ട നിര്‍മ്മാണത്തിനായി 64 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ബാക്കി ഒന്നേകാൽ കോടി രൂപ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്ന സമയത്ത് ഫർണിച്ചറുകൾ വാങ്ങുന്നതിനായി ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയർ സാങ്കേതികാനുമതി നൽകിയതിനെ തുടർന്ന് ടെൻഡറിംഗിനുള്ള നടപടികൾ നീതിന്യായ കെട്ടിടവിഭാഗം എറണാകുളം സെക്ഷനിൽ പുരോഗമിക്കുകയാണ്.

1,68,555 ചതുരശ്ര അടിയില്‍ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറു കാറുകള്‍ക്ക് പാര്‍ക്ക്‌ ചെയ്യാനുള്ള സൗകര്യവുമടങ്ങുന്ന വിധത്തിലാണ് കോടതിസമുച്ചയം ഒരുങ്ങുന്നത്.

ജഡ്ജിമാര്‍ക്കുള്ള പ്രത്യേക പാര്‍ക്കിംഗ്‌ സൗകര്യം, 2450 ചതുരശ്ര അടി വിസ്താരത്തില്‍ റെക്കോര്‍ഡ്‌ റൂം, തൊണ്ടി റൂമുകള്‍, ഇലക്ട്രിക്‌ സബ് സ്റ്റേഷന്‍, ബാര്‍ കൗൺസില്‍ റൂം, ലേഡി അഡ്വക്കേറ്റുമാര്‍ക്കും പോലീസിനുമുള്ള വിശ്രമമുറി, ജഡ്ജിമാരുടെ ലോഞ്ച്, ചേംബറിനോട്‌ ചേര്‍ന്ന് ലൈബ്രറി, കറന്റ് റെക്കോര്‍ഡ്സ്‌ സൗകര്യങ്ങള്‍, അഡിഷണല്‍ സബ്‌കോടതി, പ്രിന്‍സിപ്പല്‍ സബ്‌കോടതി, ജഡ്ജസ്‌ ചേംബര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, ഗവണ്മെന്റ് പ്ലീഡര്‍ ഓഫീസ് അനുബന്ധസൗകര്യങ്ങള്‍, കുടുംബ കോടതി, കൗൺസലിംഗ് വിഭാഗം, തുടങ്ങി നിരവധി സൗകര്യങ്ങളോടെയാണ് സമുച്ചയമുയരുന്നത്.

ആറു നിലകളുടെ സ്ട്രക്ച്ചര്‍ ജോലികളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഏഴാം നിലയുടെ നിര്‍മ്മാണവും, ഇതടക്കമുള്ള എല്ലാ നിലകളിലെയും ഇലക്ട്രിക്കല്‍ ജോലികളടക്കമുള്ള ഫിനിഷിംഗ് പ്രവൃത്തികളും രണ്ടാംഘട്ടത്തോടെ പൂര്‍ത്തിയാവും. എല്ലാ നിലകളിലും ഭിന്നശേഷിസൗഹൃദ ശുചിമുറികളും ഉണ്ടായിരിക്കും.

ടെൻഡറിംഗ് നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. “ഹൈക്കോടതി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇരിങ്ങാലക്കുട കോടതി-മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close