Idukki

മഴക്കാല മുന്നൊരുക്കം : വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിക്കണം :ജില്ലാ കളക്ടർ

മഴക്കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിർവഹിക്കേണ്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണസമിതി  യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.
അപകട സാധ്യതയുള്ള മേഖലകൾ, അവിടെനിന്നും നിന്നും മാറ്റി താമസിപ്പിക്കേണ്ടവരുടെ പട്ടിക എന്നിവ വില്ലേജ് തലത്തിൽ തയ്യാറാക്കി  താലൂക്ക് തലത്തിൽ ഏകോപിപ്പിക്കണം. തഹസിൽദാർമാരും തദ്ദേശസ്ഥാപന തലത്തിൽ മാറ്റി താമസിപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി  ജില്ലാ തലത്തിൽ ക്രോഡീകരിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറും ഡി ഇ ഒ സി യിൽ ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ  നിർദ്ദേശിച്ചു. മൺസൂണിനു മുന്നോടിയായി സ്വീകരിക്കേണ്ട കാര്യങ്ങളെപ്പറ്റി വിശദമായ ചർച്ചകളും നിർദ്ദേശങ്ങളുമാണ് യോഗത്തിൽ ഉയർന്നത്.

റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും നീക്കം  ചെയ്യാൻ  പൊതുമരാമത്ത് വകുപ്പ് റോഡ്‌സ്, എൻ.എച്ച് വിഭാഗങ്ങളും എൻ എച്ച് എ ഐ  യും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര നടപടികൾ സ്വീകരിക്കണം.. റോഡിന്റെ വശങ്ങളിൽ, വനഭൂമിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും  ശിഖരങ്ങളും  മുറിച്ചു നീക്കുന്നതിന് അതാത്  വകുപ്പുമായി ചേർന്ന് സോഷ്യൽ ഫോറസ്ട്രി വിഭാഗം അടിയന്തര നടപടികൾ സ്വീകരിക്കണം. വിവിധ വകുപ്പുകളുടെ ഓഫീസ് പരിസരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ നീക്കം ചെയ്യുവാൻ ഓഫീസ് മേധാവികൾ നടപടികൾ എടുക്കണം.

റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യേണ്ടണ്ട സന്ദർഭങ്ങളിൽ  കെ എസ് ഇ ബി ലൈനുകൾ ഓഫ് ചെയ്യുന്നതിന് / അഴിച്ചുമാറ്റുന്നതിന് കെ എസ് ഇ ബി  അടിയന്തര നടപടി സ്വീകരിക്കണം. പക്ഷെ  അതിനുള്ള  ഫീസ് ആവശ്യപ്പെടുന്നത് ഒഴിവാക്കണം. ഇത്തരം വിഷയങ്ങൾ നേരത്തെ അറിയിച്ചാൽ സത്വര നടപടികൾ കൈക്കൊള്ളുമെന്ന് കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനിയർ യോഗത്തെ അറിയിച്ചു.  

സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ ശിഖരങ്ങൾ എന്നിവ മൂലം നാശനഷ്ടം ഉണ്ടായാൽ നഷ്ടപരിഹാരം ഭൂഉടമ വഹിക്കണം.  
മരവും ശിഖിരവും മുറിച്ചുമാറ്റാൻ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് വില്ലേജ് തല ട്രീ കമ്മിറ്റി ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാകണം. ഈ വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉണ്ടാകുന്ന പക്ഷം അടിയന്തിരമായി പരിഹരിച്ച് ഉത്തരവ് നൽകുന്നതിന് റവന്യു ഡിവിഷണൽ ഓഫിസർമാർ ശ്രദ്ധ ചെലുത്തേണ്ടതാണ്.

ആരോഗ്യവകുപ്പ് അടിയന്തരമായി ആശാവർക്കർമാരുടെയും പി.എച്ച്.സി ജീവനക്കാരുടെയും ജില്ലാതല യോഗം ചേരണമെന്നും സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. മഴക്കാലത്തുണ്ടാകുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ ആവശ്യമായ മരുന്നുകൾ ശേഖരിച്ചതായും   ആശുപത്രികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സജീവമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കിയതായും ആരോഗ്യ വകുപ്പ് പ്രതിനിധി യോഗത്തെ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ആംബുലൻസുകളും സജ്ജമാക്കി.

റോഡുകളുടെ വശങ്ങളിൽ കാഴ്ച മറയുന്ന രീതിയിൽ വളർന്നു നിൽക്കുന്ന കുറ്റിക്കാടുകളും റോഡിലേക്ക് ചേർന്നു നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിനും, നിലവിലുള്ള മുന്നറിയിപ്പ് ബോർഡുകൾ വൃത്തിയാക്കുന്നതിനും ആവശ്യമെങ്കിൽ പുതിയവ സ്ഥാപിക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് റോഡ്‌സ്, എൻഎച്ച് വിഭാഗങ്ങളും എൻ എച്ച് എ ഐ യും നടപടികൾ സ്വീകരിക്കണം . റോഡുകളുടെ വശങ്ങളിലുള്ള ഓടകൾ വൃത്തിയാക്കുന്നതിനും, ആവശ്യമായ ആറ്റകുറ്റപ്പണികൾ നടത്തുന്നതിനും പൊതുമരാമത്ത് വകുപ്പ് റോഡ്‌സ്, എൻ.എച്ച് വിഭാഗങ്ങളും എൻ എച്ച് എ ഐ യും അടിയന്തര നടപടികൾ സ്വീകരിക്കണം. ജില്ലയിലെ പ്രധാന റോഡുകളുടെ സെൻട്രൽ ലൈൻ വ്യക്തമായി കാണത്തക്ക രീതിയിൽ വരയ്ക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ്, എൻ.എച്ച് വിഭാഗങ്ങളും എൻ എച്ച് എ ഐയും നടപടി സ്വീകരിക്കണം.. റോഡുകളുടെ വശങ്ങളിലെ ഓടകൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള സ്ലാബുകൾ പരിശോധിക്കുന്നതിനും അപകടാവസ്ഥയിലുളളവ എത്രയും വേഗം മാറ്റി സ്ഥാപിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് റോഡ്‌സ്, എൻ.എച്ച് വിഭാഗങ്ങളും, എൻ എച്ച് എ ഐ യും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 
പോലീസ്, ഫയർ ആൻഡ് റെസ്‌ക്യു വകുപ്പുകളുടെ കൈവശമുള്ള എല്ലാ അസ്‌കാ ലൈറ്റുകളും പ്രവർത്തനസജ്ജം ആണെന്ന്  ഉറപ്പുവരുത്തിയതായി പ്രതിനിധികൾ പറഞ്ഞു.
ജില്ലയിലെ എല്ലാ സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വവും പരിസരങ്ങൾ പൂർണ്ണമായും വൃത്തിയാക്കി ഇഴജന്തുക്കളുടെ സാന്നിദ്ധ്യമില്ലെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ ഉറപ്പുവരുത്തണമെന്നും സ്വകാര്യ സ്‌കൂളുകളിലുൾപ്പെടെ അപകടകരമായി മരങ്ങളും ശിഖരങ്ങളും ഉണ്ടെങ്കിൽ എത്രയും വേഗം അവ മുറിച്ച് നീക്കി അപകട സാദ്ധ്യത ഒഴിവാക്കുന്നതിന്  അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു. ഇക്കാര്യങ്ങൾ മുൻനിർത്തി നടപടികൾ സ്വീകരിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടർ യോഗത്തെ അറിയിച്ചു.

 
ജില്ലയിലുള്ള അംഗൻവാടികളുടെയും സ്‌കൂൾ ബസുകളുടെയും ഫിറ്റ്‌നസ് ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ വനിതാ ശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നീ വകുപ്പുകൾ നടപടികൾ സ്വീകരിക്കണം.
പാറമടകളിലെ കുളങ്ങൾക്ക് ചുറ്റും ഉറപ്പും ഉയരവുമുള്ള മുള്ളുവേലി / കമ്പിവേലി / മതിൽ കെട്ടി സംരക്ഷിക്കേണ്ടതാണ്. ഈ നിർദ്ദേശം എല്ലാ സ്വകാര്യ പാറമട ഉടമസ്ഥരും പാലിച്ചു എന്ന് ജില്ലാ ജിയോളജിസ്റ്റ് ഉറപ്പുവരുത്തണം. പുറമ്പോക്കിൽ ഉള്ള നിലവിൽ പ്രവർത്തനം നിലച്ച പാറമടകളിൽ ഉള്ള ഇത്തരം കുളങ്ങൾക്ക് ചുറ്റും കമ്പിവേലി / മതിൽ കെട്ടി സംരക്ഷിക്കേണ്ട ചുമതല മൈനിങ് ആൻഡ് ജിയോളജി വകുപ്പിനായതിനാൽഇതിനാവശ്യമായ തുക പ്രസ്തുത വകുപ്പ് ക്വാറി സേഫ്റ്റി ഫണ്ട്, ഡിസ്ട്രിക്റ്റ് മിനറൽ ഫൗണ്ടേഷൻ ഫണ്ട് എന്നിവയിൽ നിന്നും കണ്ടെത്തണം.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള പടുതാ കുളങ്ങൾ സംബന്ധിച്ച പരിശോധനകൾ നടത്തി അപകടാവസ്ഥയില്ലാ എന്ന് ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പുവരുത്തേണ്ടതാണ്. പടുതാ കുളങ്ങൾക്ക് സുരക്ഷാ വേലികൾ നിർമ്മിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ചെറുകിട ജലസേചന വകുപ്പ് നടപടികൾ സ്വീകരിക്കണം.

 
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും രൂപീകരിച്ചിട്ടുള്ള സന്നദ്ധസേന വളന്റിയർമാർക്കുള്ള പരിശീലന പരിപാടികൾ ജില്ലാ ഫയർ ഓഫീസറുമായി ചേർന്ന് പൂർത്തീകരിക്കണം.  മൺസൂൺ ദുരിതാശ്വാസ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജ്ജരാക്കേണ്ടതുമായി ബന്ധപ്പെട്ട നടപടികൾ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സ്വീകരിക്കണം.
ജില്ലയിൽ എല്ലായിടങ്ങളിലും ലഭ്യമായ ആംബുലൻസുകൾ, ജെസിബി, ഹിറ്റാച്ചി, മരം മുറിക്കുന്നതിനുള്ള യന്ത്രങ്ങൾ എന്നിവ കണ്ടെത്തി ഇവയുടെ വിവരങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ മുഖേന ക്രോഡീകരിച്ച് മെയ് 31  ന് മുമ്പായി ഡി ഇ ഒ സി യി ൽ ലഭ്യമാക്കണം  തദ്ദേശസ്ഥാപനങ്ങൾ ശേഖരിക്കുന്ന ഈ വിവരങ്ങളുടെ ഒരു പകർപ്പ് അതാത് വില്ലേജ് ഓഫീസർമാർക്കും ലഭ്യമാക്കണം.

പുഴകളിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി പൂർത്തീകരിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നടപടികൾ സ്വീകരിക്കണം.
മലവെള്ള കുത്തൊഴുക്ക് ഉണ്ടായേക്കാവുന്ന നദീതീരങ്ങൾ, കുളിക്കടവുകൾ, മണ്ണിടിച്ചിൽ ഉണ്ടായേക്കാവുന്ന മേഖലകൾ എന്നിവിടങ്ങളിൽ പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടികൾ സ്വീകരിക്കണം. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇപ്രകാരമുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം വകുപ്പ് എന്നിവർ നടപടികൾ സ്വീകരിക്കണം. ഇത്തരം ബോർഡുകൾ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ രേഖപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ഇത്തരം ബോർഡുകൾ സ്ഥാപിച്ചതായി ഡി ടി പിസി പ്രതിനിധി അറിയിച്ചു.

ഡാമുകളുടെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്കൊഴുക്കേണ്ട സാഹചര്യമുണ്ടായാൽ മുൻകരുതലായി ബഹിർഗമന പാതയുടെ ഇരുവശങ്ങളിലുമുള്ള, മാറ്റി പാർപ്പിക്കേണ്ടവരുടെ വിവര ശേഖരണം വില്ലേജ് ഓഫീസർമാർ മുഖേന നടത്തി ലിസ്റ്റ് തയ്യാറാക്കി തഹസിൽദാർമാർ  ഡി ഇ ഒ സി -യിൽ സമർപ്പിക്കേണ്ടതാണ്. ക്യാമ്പുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കാലവർഷ – തുലാവർഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാർഗ്ഗരേഖയിൽ (ഓറഞ്ച് ബുക്ക്) പരാമർശിക്കും പ്രകാരമുള്ള നടപടികൾ സ്വീകരിക്കുവാൻ തഹസിൽദാർമാരെയും, വില്ലേജ് ഓഫീസർമാരെയും. തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികളെയും യോഗം ചുമതലപ്പെടുത്തി.

വനമേഖലയിൽ അധിവസിക്കുന്ന പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് മൺസൂൺ കാലത്ത് ഭക്ഷ്യലഭ്യത ഉപ്പാക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ബന്ധപ്പെട്ട തഹസിൽദാരുമായി ചേർന്ന് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനും പട്ടിക ജാതി, പട്ടിക വർഗ്ഗ വികസന വകുപ്പുകളെ ചുമതലപ്പെടുത്തി.

എല്ലാ വകുപ്പുകളുടേയും കീഴിലുള്ള വാഹനങ്ങൾ, യന്ത്രോപകരണങ്ങൾ  രക്ഷാ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങൾ എന്നിവ പ്രവർത്തന ക്ഷമമാണെന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവികൾ ഉറപ്പു വരുത്തണം.

കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് 2024 വർഷത്തെ ഓറഞ്ച് ബുക്ക് സർക്കാർ പ്രസിദ്ധപ്പെടുത്തുന്നതുവരെ എല്ലാ വകുപ്പുകൾക്കും നിലവിൽ ലഭ്യമാക്കിയിട്ടുള്ള ഓറഞ്ച് ബുക്ക് 2023 അടിസ്ഥാനമാക്കി നടപടികൾ സ്വീകരിക്കേണ്ടതാണ്.

അപകട സാദ്ധ്യതാ മേഖലകളിൽ നിന്നും മാറ്റി താമസിപ്പിക്കേണ്ടവരെ കണ്ടെത്തി, ആയവരെ മാറ്റിപ്പാർക്കുന്നതിന് ഉചിതമായ ക്യാമ്പുകൾ സജ്ജീകരിച്ച്, ടി ക്യാമ്പുകളെ സംബന്ധിച്ച വിവരങ്ങളും, ഡാമുകൾ തുറക്കേണ്ടതായ സാഹചര്യത്തിൽ മാറ്റിപ്പാർപ്പിക്കേണ്ടവരെ സംബന്ധിച്ചും ആയതിലേക്കായി സജ്ജീകരിക്കാവുന്ന ക്യാമ്പുകളെ സംബന്ധിച്ച വിവരങ്ങളും പ്രത്യേകം ലിസ്റ്റാക്കി ബന്ധപ്പെട്ട തഹസിൽദാർമാർ  ഡി ഇ ഒ സി യിൽ ലഭ്യമാക്കണം. .
ജില്ലാ തലത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്ന സന്നദ്ധ പ്രവർത്തകരുടെ ഏകോപനത്തിലേക്കായി, താലൂക്ക് തലത്തിൽ ലഭ്യമാക്കാവുന്ന സന്നദ്ധ പ്രവർത്തകരുടെ പേര് വിവരങ്ങൾ ഫോൺ നമ്പർ സഹിതം ശേഖരിച്ച് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട തഹസിൽദാർമാരെ യോഗം ചുമതലപ്പെടുത്തി.

 
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് തലത്തിൽ മുഴുവൻ സമയവും  പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജീകരിച്ച് പഞ്ചായത്ത് കൺട്രോൾ റൂമുകൾക്ക് ഫോൺ സൗകര്യങ്ങൾ ഏർപ്പെടുത്തി ആയവ പൊതു ജനങ്ങളെ മുൻകൂട്ടി അറിയിക്കുന്നതിന്  എൽ എസ് ജി ഡി  ജോയിന്റ് ഡയറക്ടർ നടപടി സ്വീകരിക്കേണ്ടതും കൺട്രോൾ റൂമുകളും ഫോൺ നമ്പറും സംബന്ധിച്ച വിവരങ്ങൾ ജില്ലാ തലത്തിൽ ക്രോഡീകരിച്ച് ലിസ്റ്റാക്കി ഡി ഇ ഒ സിയി ൽ ലഭ്യമാകാണാമെന്നും യോഗം നിർദ്ദേശിച്ചു.

വൈദ്യുത വിതരണ ലൈനുകളിലുള്ള തടസ്സങ്ങൾ/ ടച്ചുകൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യുന്നതിന്  കെ എസ് ഇ ബി  നടപടി സ്വീകരിക്കേണ്ടതാണ്.
ടെലികമ്മ്യൂണിക്കേഷൻ സിസ്റ്റം മുടക്കം കൂടാതെ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ  ബി എസ് എൻ എൽ  സ്വീകരിക്കേണ്ടതാണ്. കൂടാതെ അവശ്യസർവീസുകൾ പ്രവർത്തിക്കുന്ന ഓഫീസുകളിൽ ഫോൺ തകരാറിലായാൽ ആയത് ഉടനടി പരിഹരിക്കേണ്ടതാണ്.
ഡാമുകൾ തുറക്കുന്നതിന് അനുമതി ആവശ്യപ്പെടുമ്പോൾ അപേക്ഷ കുറഞ്ഞത് 12 മണിക്കൂർ മുമ്പെങ്കിലും ഡി ഇ ഒ സി യിൽ  ലഭ്യമാക്കേണ്ടതാണ്.
ജില്ലയിൽ വിവിധഭാഗങ്ങളിൽ പാറക്കല്ലുകൾ അപകടാവസ്ഥയിലുള്ളതിനാൽ എല്ലാ തദ്ദേശസ്ഥാപനങ്ങളും, അപകടകരമായി നിൽക്കുന്ന പാറകൾ, മൺതിട്ടകൾ എന്നിവ സംബന്ധിച്ച് ജില്ലാ ജിയോളജിസ്റ്റിന് വിവരം നൽകേണ്ടതും, ജിയോളജിസ്റ്റ് ആയത് പരിശോധിച്ച് കാലതാമസം കൂടാതെ ഡി ഇ ഒ സി യി ലേക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണ്.
ഡെങ്കിപ്പനിയും മറ്റ് പകർച്ചവ്യാധികളും വർദ്ധിച്ച രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാലും മഴക്കാലം ആരംഭിക്കുന്നതോടെ പ്രാണിജന്യ, ജലജന്യ, രോഗ പകർച്ച സാദ്ധ്യത നിലനിൽക്കുന്നതിനാലും രോഗ പകർച്ച പ്രതിരോധനിവാരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ, നിയമ നടപടികൾ എന്നിവയെ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം.

 
യോഗത്തിൽ സബ് കളക്റ്റർമാരായ അരുൺ എസ് നായർ , വി എം  ജയകൃഷ്ണൻ  എ ഡി എം ബി ജ്യോതി മറ്റു വകുപ്പ് മേധാവികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close