THRISSUR

സ്ത്രീകള്‍ക്ക് നിയമപരമായ പരിജ്ഞാനം അനിവാര്യം: വനിതാ കമ്മിഷന്‍

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തരണം ചെയ്യാന്‍ നിയമപരമായ പരിജ്ഞാനമുള്ളവരായി സ്ത്രീകള്‍ ഉയരണമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍. കേരള വനിതാ കമ്മീഷന്‍ ഗുരുവായൂര്‍ നഗരസഭയുമായി ചേര്‍ന്ന് അതിക്രമങ്ങളും സ്ത്രീ സുരക്ഷയും, സൈബര്‍ ഇടവും കുടുംബവും എന്നീ വിഷയങ്ങളില്‍ നടത്തിയ ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിത കമ്മിഷനംഗം.

അതിലേക്കായി നിയമ ബോധവല്‍ക്കരണ ക്ലാസ്സുകളും ജാഗ്രതാ സമിതി പരിശീലനവും വനിതാ കമ്മിഷന്‍ എല്ലാ ജില്ലകളിലും നടത്തി വരികയാണ്.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക്‌നേരെയുള്ള ചൂഷണത്തിനെതിരെ പ്രവര്‍ത്തിക്കാനും ലിംഗനീതി, ലിംഗസമത്വം തുടങ്ങിയവയെക്കുറിച്ചും ഭരണഘടനാപരമായ നിയമങ്ങളും സ്ത്രീകള്‍ അറിഞ്ഞിരിക്കണമെന്നും അതിക്രമങ്ങള്‍ക്കെതിരെ ചെറുത്ത് നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

ഗുരുവായൂര്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നടന്ന ജില്ലാ സെമിനാറില്‍ ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷയായി. ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് മുഖ്യാതിഥിയായി.

അതിക്രമങ്ങളും സ്ത്രീ സുരക്ഷയും എന്ന വിഷയം കില അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഡോ. കെ.പി.എന്‍. അമൃതയും, സൈബര്‍ ഇടവും കുടുംബവും എന്ന വിഷയം സാമൂഹിക നീതി വകുപ്പ് കൗണ്‍സിലര്‍ മാല രമണനും അവതരിപ്പിച്ചു.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഷൈലജ സുധന്‍, ബിന്ദു അജിത് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ അമ്പിളി ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close