Wayanad

ദേശീയ ഡെങ്കിപ്പനി ദിനാചരണം: ജില്ലാതല ഉദ്ഘാടനം ചെയ്തു

ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ യൂണിറ്റ്  എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാ തല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. ഉറവിട നശീകരണമാണ് ഡെങ്കിപ്പനി നിയന്ത്രിക്കാനുള്ള പ്രധാന മാര്‍ഗം. ആരോഗ്യവകുപ്പിനൊപ്പം മറ്റ് വകുപ്പുകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ഉറവിട നശീകരണം ഉറപ്പുവരുത്തുമെന്ന് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആന്‍സി മേരി ജേക്കബ് പറഞ്ഞു. സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം എന്നതാണ് ദിനാചരണ സന്ദേശം. സാമൂഹിക ഉറവിട നശീകരണ ക്യാമ്പയിന്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ  പ്രിയ സേനന്‍  ഉദ്ഘാടനം ചെയ്തു.  ജില്ലാ വെക്ടര്‍ യൂണിറ്റ് ബയോളജിസ്റ്റ് കെ ബിന്ദു ഡെങ്കിപ്പനി പ്രതിരോധ പരിശീലനവും നല്‍കി. പരിപാടിയുടെ ഭാഗമായി ഒണ്ടയങ്ങാടിയില്‍  കൊതുകുകളുടെ സാമൂഹിക ഉറവിട നശീകരണ ക്യാമ്പയിന്‍ ആരംഭിച്ചു. ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ ബോധവത്ക്കരണ പരിപാടികളും സാമൂഹിക ഉറവിട നശീകരണ പരിപാടികളും സംഘടിപ്പിച്ചു. മാനന്തവാടി ബയോവിന്‍ അഗ്രോ റിസര്‍ച്ച് സെന്ററില്‍ നടന്ന പരിപാടിയില്‍ റിസര്‍ച്ച് സെന്റ ചെയര്‍മാന്‍ ആന്‍ഡ്് മാനേജിങ് ഡയറക്ടര്‍ അഡ്വ ഫാ. ജോണ്‍ ജോസഫ് അധ്യക്ഷനായി. പരിപാടിയില്‍ ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് കെ.എച്ച് സുലൈമാന്‍, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ ഡോ ജെറിന്‍ എസ് ജെറോഡ്, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ജില്ലാ ലാബ് ഓഫീസര്‍ എ.എന്‍ ഷീബ, കുറുക്കന്‍മൂല കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ എന്‍.കെ സജേഷ്, ബയോവിന്‍ അഗ്രോ റിസര്‍ച്ച് ഫാക്ടറി മാനേജര്‍ തേജസ് എന്നിവര്‍ സംസാരിച്ചു.

രോഗലക്ഷണങ്ങള്‍-മുന്‍കരുതല്‍

കഠിനമായ പനി, ശക്തമായ തലവേദന, കണ്ണുകള്‍ക്ക് പിറകിലും പേശികളിലും സന്ധികളിലുമുള്ള വേദന, മുഖത്തും നെഞ്ചിലും ചുവന്ന തടിപ്പുകള്‍, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ഈഡിസ് കൊതുകുകള്‍ പടര്‍ത്തുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ വീടും പരിസരവും കൊതുക് മുട്ടയിട്ടു പെരുകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍, വസ്തുക്കള്‍ ഇല്ലാതാക്കണം. കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍  വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ചകളിലും സ്ഥാപനങ്ങളില്‍ ശനിയാഴ്ചകളിലും വീടുകളില്‍ ഞായറാഴ്ചയും ഡ്രൈഡേ ആചരിക്കും. പനിയടക്കമുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സ്വയം ചികിത്സ പാടില്ലെന്നും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close