THRISSUR

പുന്നയൂരില്‍ പ്രത്യേക തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കണം: വനിതാ കമ്മിഷന്‍

*ഫിഷറീസ് കോളനിയിലെ 16 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണം.

പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ തീരപ്രദേശത്തെ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഓട്ടിസം ബാധിച്ചിട്ടുള്ളവര്‍ക്കും പ്രത്യേക തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തീരദേശ മേഖല ക്യാമ്പിന്റെ ഭാഗമായി പുന്നയൂരിലെ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി എന്നിവര്‍ക്കൊപ്പം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേക തെറാപ്പിസ്റ്റിനെ നിയോഗിക്കണമെന്നും കിടപ്പു രോഗികള്‍ക്ക് ഉള്‍പ്പെടെ ഇവര്‍ വീടുകളിലെത്തി സേവനം ലഭ്യമാക്കണമെന്ന് സര്‍ക്കാരിലേക്ക് ശിപാര്‍ശ നല്‍കും. ആവശ്യമുള്ള രോഗികളെ വീട്ടിലെത്തി പരിചരണം നല്‍കുന്നത് വലിയ സമാശ്വാസം നല്‍കുന്നതിന് വഴിയൊരുക്കും. അലോപ്പതി, ഹോമിയോ, ആയുര്‍വേദ ചികിത്സകള്‍ നിലവില്‍ ലഭ്യമാക്കുന്നുണ്ട്.

ഒറ്റപ്പെട്ടു കഴിയുന്നവര്‍, കിടപ്പു രോഗികള്‍, ശാരീരിക, മാനസിക വെല്ലുവിളി എന്നിവ നേരിടുന്ന സ്ത്രീകളുടെ

പ്രശ്‌നങ്ങള്‍ ഗൗരവമായി കണ്ട് പ്രത്യേക പരിചരണം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. പുന്നയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായി പാലിയേറ്റീവ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പാലിയേറ്റീവ് സംവിധാനത്തിന്റെ പ്രവര്‍ത്തനം ഇത്തരത്തില്‍ ആവശ്യമുള്ളവര്‍ക്ക് എല്ലാവര്‍ക്കും ലഭ്യമാക്കണം.

ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11ലെ ഫിഷറീസ് കോളനിയില്‍ 16 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണം. ഇതിനായിസമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളില്‍ ഫിഷറീസ്, റവന്യു വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ച് നടപടി സ്വീകരിക്കണം.

തീരദേശത്ത് ലഹരി വസ്തുക്കളുടെ വ്യാപനമുണ്ടെന്ന് കമ്മിഷന്‍ മനസിലാക്കുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പ് മുഖേന ബോധവത്കരണം ഊര്‍ജിതമാക്കണം. ലഹരി വസ്തുക്കളുടെ വ്യാപനവും ഇതുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനങ്ങളും എവിടെയൊക്കെയാണ് നടക്കുന്നതെന്ന് കൃത്യമായി മനസിലാക്കുന്നതിനു വേണ്ടി ജാഗ്രതാ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ പുന്നയൂര്‍ പഞ്ചായത്തിലെ ജാഗ്രതാ സമിതികള്‍ക്ക് പരിശീലനം നല്‍കും.

സ്ത്രീകളെ ചൂഷണം ചെയ്യുന്ന സ്വകാര്യ പണമിടപാടുകാരുടെ പ്രവര്‍ത്തനങ്ങള്‍ തീരദേശമേഖലയില്‍ വ്യാപകമായിട്ടുണ്ട്. ഇക്കാര്യം കേരളീയ സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം. ഈ പ്രശ്‌നത്തില്‍ നിന്നും തീരദേശത്തുള്ളവരെ രക്ഷിക്കുന്നതിനു വേണ്ടി നല്ല ധനകാര്യ മാനേജ്‌മെന്റ്് സാധ്യമാകുന്ന വിധം ഇടപെടല്‍ നടത്താന്‍ ഫിഷറീസ് വകുപ്പ് പ്രത്യേകം പദ്ധതി നടപ്പാക്കണം. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് മുഖേന യുവതികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി അവരെ സ്വയംപര്യാപ്തമാക്കുന്നതിനും ചെറിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും കഴിയും. മത്സ്യ സംസ്‌കരണം, ബേക്കറി, തയ്യല്‍, കേക്ക് നിര്‍മാണം തുടങ്ങിയ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പരിശീലനം പരിഗണിക്കാവുന്നതാണ്. സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് പരിശീലനം നല്‍കുന്നതിലൂടെ തീരദേശ മേഖലയിലെ തൊഴില്‍ പ്രശ്‌നം, വരുമാന പ്രശ്‌നം തുടങ്ങിയവ പരിഹരിക്കാന്‍ സാധിക്കും. കിടപ്പുരോഗികളെയും കുട്ടികളെയും പരിചരിക്കുന്ന അമ്മമാര്‍ക്കും തൊഴില്‍ നല്‍കുന്നതിന് ഇതിലൂടെ കഴിയും.

പുന്നയൂരില്‍ ഭിന്നശേഷിക്കാര്‍, ഓട്ടിസം ബാധിച്ചവര്‍ എന്നിവരുടെ എണ്ണം കൂടുതലുണ്ടെന്ന് സന്ദര്‍ശനത്തിലൂടെ മനസിലാക്കി. ഇവര്‍ക്കായുള്ള ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തനം

ശക്തിപ്പെടുത്തണം. ഒരേ വീട്ടില്‍ തന്നെ രണ്ടു കുട്ടികള്‍ സങ്കീര്‍ണമായ ജീവിതാവസ്ഥയില്‍ കൂടെ കടന്നു പോകുന്നത് കണ്ടു. മാനസികമായ വെല്ലുവിളി അഭിമുഖീകരിക്കുന്ന കുട്ടികളെയും കണ്ടു. ഓട്ടിസവും കാഴ്ച വൈകല്യവും ഉള്ളവര്‍ ഒരേ വീട്ടിലുണ്ട്. എന്തു കൊണ്ടാണ് ഒരേ വീട്ടില്‍ തന്നെ പിറന്നു വീഴുന്ന കുട്ടികള്‍ ഇത്തരം അവസ്ഥയെ നേരിടേണ്ടി വരുന്നതെന്ന് ഗൗരവത്തോടെ കാണണമെന്ന് തോന്നുന്നു. ജനിതകമായ പ്രശ്‌നങ്ങള്‍ കാരണമാണോ ഇങ്ങനെ ഒരേ വീട്ടില്‍ തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് സംശയിക്കുന്നു. കൃത്യമായ പഠനം ഇതുസംബന്ധിച്ച് ഉണ്ടാകണമെന്ന് സര്‍ക്കാരിനു ശിപാര്‍ശ നല്‍കും.

പുന്നയൂര്‍ പഞ്ചായത്തിലെ ഏഴ്, പതിനൊന്ന് വാര്‍ഡുകളിലായി ആറ് വീടുകളിലാണ് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണും മെമ്പര്‍മാരും സന്ദര്‍ശനം നടത്തിയത്. ഓട്ടിസം ബാധിതരായ കുട്ടികള്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍, സാമ്പത്തിക പരാധീനതയാലും കിടപ്പ് രോഗത്താലും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ തുടങ്ങിയവരെ നേരില്‍ കണ്ട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കി പരിഹാരം കാണുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുകയാണ് ഗൃഹസന്ദര്‍ശനത്തിന്റെ ലക്ഷ്യം. എടക്കഴിയൂര്‍ പീടിക പറമ്പില്‍ അജിത, വേഴമ്പറമ്പത്ത് മല്ലിക, ഒളാട്ട് വീട്ടില്‍ രമ, കാനം പറമ്പത്ത് റസാഖ്, കറുത്താറം വീട്ടില്‍ ഷെരീഫ, പോള്‍ വീട്ടില്‍ സുനിത ബാബു തുടങ്ങിയവരുടെ വീടുകളാണ് സന്ദര്‍ശിച്ചത്.

പഞ്ചായത്തംഗം എം.കെ. അരാഫത്ത്, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടോണി ജോസഫ്, സാഗര്‍ മിത്ര പ്രതിനിധികളായ വി.എ. റിഷാന, ശിശിര കെ ജോസഫ് തുടങ്ങിയവരും ഗൃഹസന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close