Kannur

ചപ്പാരപ്പടവില്‍ മഞ്ഞപ്പിത്ത കേസുകള്‍ വര്‍ധിക്കുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

ചപ്പാരപ്പടവ് പഞ്ചായത്തില്‍ മഞ്ഞപ്പിത്ത (ഹെപ്പറ്റെറ്റിസ് എ)കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പ്രദേശത്ത് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 50 ല്‍ അധികം മഞ്ഞപ്പിത്ത കേസുകളും രണ്ടു  മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണ് ചപ്പാരപ്പടവ് പഞ്ചായത്ത്.
 

ഈ വര്‍ഷം ജില്ലയില്‍ പരിയാരം, തൃപ്പങ്ങോട്ടൂര്‍, മാലൂര്‍ എന്നീ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്ത ഔട്ട് ബ്രേക്കുകള്‍ ആയി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നത്. ഈ ഔട്ട്ബ്രേക്കുകളും മറ്റ് ഒറ്റപ്പെട്ട കേസുകളും കൂടി ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 150 ഓളം മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഔട്ബ്രേക് റിപ്പോര്‍ട്ട് ചെയ്ത പരിയാരത്ത് ഒരു കാവിലെ ഉത്സവസ്ഥലത്ത് നിന്ന് ഐസ്‌ക്രീം കഴിച്ചതുമായി ബന്ധപ്പെട്ടാണ് കുറച്ചു കേസുകള്‍  ഉണ്ടായിരുന്നത്.
 

ചപ്പാരപ്പടവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പുതിയ ഒമ്പതു  മഞ്ഞപ്പിത്ത കേസുകള്‍ അഞ്ചാം വാര്‍ഡ് പ്രദേശത്താണ്.
 

പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ്  ചെയ്യുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. മൈക്ക് അനൗണ്‍സ്മെന്റ് നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സി സച്ചിന്റെ നേത്ര്വത്വത്തിലുള്ള ജില്ലാ ടീം സ്ഥലം സന്ദര്‍ശിച്ചു.
 

മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ:
 

മലിനമായ ജലം  കുടിക്കുകയോ പാചകത്തിന് ഉപയോഗിക്കുകയോ ചെയ്യുന്നത് വഴി പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ.
ഇത് വൈറസ് പരത്തുന്ന ഒരു അസുഖമാണ്. അസുഖബാധിതരായിട്ടുള്ള രോഗികളുടെ മലത്തില്‍ കൂടി ആണ് വൈറസ് പുറത്തേക്ക് വരുന്നത്. ഈ മലം ഏതെങ്കിലും സാഹചര്യത്തില്‍ കുടിവെള്ളവുമായി കലരുകയും ആ വെള്ളം തിളപ്പിക്കാതെ പാചകം ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ വൈറസ് മറ്റു ആള്‍ക്കാരുടെ ശരീരത്തില്‍  പ്രവേശിക്കാന്‍ ഇടയാകും.
 

വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 21 ദിവസം മുതല്‍ 45 ദിവസത്തിന് ഉള്ളിലാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി എന്നിവയാണ് പ്രാരംഭത്തില്‍ കാണുന്ന ലക്ഷണങ്ങള്‍. പിന്നീട് മഞ്ഞപ്പിത്തത്തോടനുബന്ധിച്ച് ശരീരത്തിലെ ബിലുറബിന്റെ അളവ് വര്‍ധിക്കുകയും കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവയ്ക്ക് കടുത്ത മഞ്ഞനിറം അനുഭവപ്പെടുകയും ചെയ്യുന്നു.
 മഞ്ഞപ്പിത്തത്തിന്റെ തോത് കൂടുന്തോറും ലിവര്‍ എന്‍സൈമുകളും ശരീരത്തില്‍ വര്‍ധിക്കും. മഞ്ഞപ്പിത്തം കൂടുതല്‍ മാരമകമാവുകയാണെങ്കില്‍ അത് തലച്ചോറിനെയും കരളിനെയും ബാധിക്കാം. ഈ രണ്ട് കാരണങ്ങള്‍ കൊണ്ടും മരണം വരെ സംഭവിക്കാറുണ്ട്.

 ചികിത്സയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.  രോഗിക്ക് തുടര്‍ച്ചയായ വിശ്രമം ആവശ്യമാണ്.  ധാരാളമായി വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും വേണം. വൈറല്‍ അസുഖം ആയതിനാല്‍ രോഗിയുടെ രോഗലക്ഷണങ്ങള്‍ അറിഞ്ഞുള്ള ചികിത്സയാണ് നല്‍കുന്നത്.

 മഞ്ഞപ്പിത്തത്തെ ചെറുക്കുവാനായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക, ജലസ്രോതസ്സുകള്‍ ക്ലോറിനേഷന്‍ ചെയ്യുക, അതുപോലെതന്നെ വ്യവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഐസ് ഉപയോഗിച്ച് ജ്യൂസ് മറ്റു പാനീയങ്ങള്‍ എന്നിവ ഉണ്ടാക്കാതിരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഫ്രിഡ്ജില്‍ വയ്ക്കുന്ന തണുത്ത വെള്ളം , ജ്യൂസ് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന തണുത്ത വെള്ളം  എന്നിവക്ക് തിളപ്പിച്ചാറിയതോ ശുദ്ധീകരിച്ചതോ ആയ വെള്ളം മാത്രം ഉപയോഗിക്കുക.
മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയാണെങ്കില്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുകയും രോഗി നന്നായി വിശ്രമിക്കുകയും ചെയ്യണം.
രോഗബാധിതര്‍ കൃത്യമായ വ്യക്തി ശുചിത്വം പാലിച്ചില്ലെങ്കില്‍  രോഗം പകരാന്‍ സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close