THRISSUR

ജനാധിപത്യ മാതൃകാ പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം കൊടുക്കുന്നത്; മന്ത്രി പി എ മുഹമ്മദ് റിയാസ്

തോണിപ്പാറ – നാലുകെട്ട് റോഡിന്റെ  നിർമ്മാണോദ്‌ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

*ഒല്ലൂർ നിയോജകമണ്ഡലത്തിലെ ടൂറിസം –  പൊതുമരാമത്ത് മേഖലയിലെ കുതിപ്പിനും ഒപ്പം ഉണ്ടാകും

ബിഎം ആന്റ് ബിസി നിലവാരത്തിലുള്ള പൊതുമരാമത്ത് റോഡുകളുടെ ദൈർഘ്യത്തിൽ സംസ്ഥാന ശരാശരിയേക്കാൾ ഒല്ലൂർ നിയോജക മണ്ഡലം മുമ്പിലാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വലക്കാവ് – തോണിപ്പാറ – നാലുകെട്ട് റോഡിന്റെ നിർമ്മാണോദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒല്ലൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ 50 കിലോമീറ്റർ ബിഎം ആന്റ് ബിസി ആയിക്കഴിഞ്ഞു. സംസ്ഥാനത്ത് ആകമാനം 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎം ആന്റ് ബിസി ആക്കാനുള്ള കഠിനപ്രയത്നത്തിലാണ് സർക്കാർ. ഒല്ലൂർ മണ്ഡലത്തിലെ ടൂറിസവുമായി ബന്ധപ്പെട്ട ക്രിയാത്മക കാര്യങ്ങളെ കാര്യക്ഷമമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഏഴുമാസമാണ് വലക്കാവ് – തോണിപ്പാറ – നാലുകെട്ട് റോഡിന്റെ നിർമ്മാണ കാലാവധി. എന്നാൽ കാലാവധിക്കും മുൻപു തന്നെ റോഡ് യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. 

പുത്തൂർ സുവോളജിക്കൽ പാർക്കിന് ആവശ്യമായുള്ള കാര്യങ്ങളെ പ്രത്യേകം പരിഗണിക്കും. മണ്ഡലത്തിലെ ടൂറിസം –  പൊതുമരാമത്ത് മേഖലയിലെ കുതിപ്പിന് ഒപ്പം ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി. ഒല്ലൂർ നിയോജക മണ്ഡലത്തിലെ റോഡുകളും മറ്റു പ്രവർത്തികളും പരിശോധിക്കുവാൻ പൊതുമരാമത്ത് വകുപ്പ് നേതൃത്വത്തിൽ വിപുലമായി യോഗം ഒക്ടോബർ ആദ്യപകുതിയിൽ ചേരുമെന്നും മന്ത്രി പറഞ്ഞു. 

കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ സാധ്യമാകുന്ന ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലയിലെ വിവിധ പ്രശ്നങ്ങൾ മേഖലാ യോഗത്തിൽ ചർച്ച ചെയ്തു. ഒരു മന്ത്രിസഭ ജില്ലയിലേക്ക് നേരിട്ട് എത്തുന്ന ചരിത്ര സംഭവമാണ് മേഖലാ യോഗത്തിലൂടെ കാണാനായത്. ഇതൊരു പുതിയ ചുവടുവെപ്പാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയായി നവ കേരള സദസ്സ് നവംബർ 18 മുതൽ ഡിസംബർ 24 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ 140 മണ്ഡലങ്ങളും സന്ദർശിച്ച് പ്രശ്നപരിഹാരങ്ങൾ കണ്ടെത്തും. ഡിസംബർ അഞ്ചിന് ഒല്ലൂരിൽ നവ കേരള സദസ്സ് നടക്കും. ഇന്നുവരെ കാണാത്ത ജനാധിപത്യ മാതൃകാ പ്രവർത്തനങ്ങൾക്കാണ് കേരള സമൂഹം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു. 

പൊതുമരാമത്ത് രംഗത്ത് കേരളത്തിൽ അത്ഭുതകരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന്  ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തോണിപ്പാറയിൽ നിന്നും കുരിശുമൂല വരെയുള്ള സുവോളജിക്കൽ പാർക്കിലേക്കുള്ള രണ്ടു കിലോമീറ്റർ ഓളം ദൈർഘ്യം വരുന്ന റോഡ് ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ചടങ്ങിൽ മന്ത്രി അഭ്യർത്ഥിച്ചു. ഇതോടെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള എല്ലാ വഴികളും ബിഎം ആന്റ് ബിസി ആക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. 

ഉദ്ഘാടന ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, നടത്തറ പഞ്ചായത്ത് വൈസ് പ്രസി. പി ആർ രജിത്ത്, ജില്ലാ പഞ്ചായത്തംഗം കെ വി സജു, ബ്ലോക്ക് പഞ്ചായത്തംഗം സിനി പ്രദീപ്കുമാർ, പഞ്ചായത്തംഗങ്ങളായ ഇ എൻ സീതാലക്ഷ്മി, ടി സി ജിനോ, പി ബി സുരേന്ദ്രൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close