Pathanamthitta

സമ്പൂര്‍ണശുചിത്വം സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം :   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സമ്പൂര്‍ണശുചിത്വം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ രണ്ടാഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല കാമ്പയിനും ശുചീകരണ പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനെ മാലിന്യമുക്തമാക്കുകയെന്നത് പ്രധാനമാണ്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തി തുടങ്ങി. ജില്ലയുടെ ശുചിത്വം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന നിര്‍മല ഗ്രാമം, നിര്‍മല നഗരം , നിര്‍മല ജില്ല എന്ന പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അത് പൂര്‍ണഫലപ്രാപ്തിയിലെത്തുന്നതോടെ പത്തനംതിട്ട മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കാമ്പയിന്‍ സെക്രട്ടറിയേറ്റും ജില്ലാ യൂത്ത്ടീമും പത്തനംതിട്ട നഗരസഭയുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പയിന്‍ പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, റിംഗ്‌റോഡ് എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭാ ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഇലന്തൂര്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവകേരളമിഷന്‍ കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ.ബൈജു പോള്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ അജയ്, മുനിസിപ്പല്‍ സെക്രട്ടറി സജിത്ത്കുമാര്‍, കില ആര്‍ജിഎസ്എ കോര്‍ഡിനേറ്റര്‍ ധീരജ്, ക്ലീന്‍സിറ്റി മാനേജര്‍ വിനോദ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, എന്‍.എസ്.എസ് കോളജ് പന്തളം എന്നിവിടങ്ങളിലെ എന്‍.എസ്.എസ്, എന്‍.സി.സി വോളന്റിയര്‍മാര്‍, യുവജനക്ഷേമ ബോര്‍ഡ് ടീം കേരള വോളന്റിയര്‍മാര്‍, കെഎസ്ഡബ്ല്യുപി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close