Pathanamthitta

പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചു:  മന്ത്രി വി. ശിവന്‍കുട്ടി

പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം വളരെയധികം വര്‍ധിച്ചിരിക്കുകയാണെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തിലെ കിസിമം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 86 കോടി രൂപ ഉപയോഗിച്ച് നിരവധിയായ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുകയാണ്. റാന്നി നിയോജകമണ്ഡലത്തിലെ വടശേരിക്കര ഗവ.എല്‍ പി സ്‌കൂളിനും കോട്ടാങ്ങല്‍ ഗവ.എല്‍ പി സ്‌കൂളിനും കെട്ടിട നിര്‍മാണത്തിന് ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തില്‍ 2022 -23 സാമ്പത്തിക വര്‍ഷം അനുവദിച്ച 10 കോടി രൂപയുടെ ഇന്നവേഷന്‍ ഹബ്ബ് ഉള്‍പ്പെടെയുള്ള സ്‌കില്‍ പാര്‍ക്കിന്റെ ഭരണാനുമതിയും ഉടന്‍ ലഭിക്കും.
വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ പഠനം സുഗമമാക്കാനുള്ള സൗകര്യങ്ങളും വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന് ലൈബറികള്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കി. പഠനന്തരീക്ഷം മെച്ചപ്പെടുത്തി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേരള വിദ്യാഭ്യാസ മോഡല്‍ ലോകത്തിന് തന്നെ മാതൃകയാകുന്നു. അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ഈ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും
റാന്നിയില്‍ അനുവദിച്ചിട്ടുള്ള തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒടെപേക്കിന്റെ ഒരു സെന്റിന്റെ
പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജീവിതത്തില്‍ കൃത്യമായ ലക്ഷ്യവും അത് പിന്‍തുടരാനുള്ള ആത്മധൈര്യവും വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സ്വപ്നങ്ങള്‍ കാണാനും വിദ്യാര്‍ഥികളുടെ അഭിരുചിയെ ഉണര്‍ത്താനും അധ്യാപകന് സാധിക്കണമെന്നും കിസിമം ഗവണ്‍മെന്റ് സ്‌കൂളിലേക്ക് പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ്, വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഒരു കോടി രൂപ ചെലവഴിച്ചാണ്   സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. സ്‌കൂള്‍ കെട്ടിടത്തിന്റെ നിലവിലുണ്ടായിരുന്ന ഗ്രൗണ്ട് ഫ്‌ലോറിന്റെ മുകളില്‍ ഒന്നും രണ്ടും നിലകളിലായി നാല് ക്ലാസ് റൂം, സ്റ്റെയര്‍ കേസ് ഉള്‍പ്പെടെ 395 ച. മീറ്ററിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. മഴ വെള്ള സംഭരണിയും നിര്‍മിച്ചിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ജില്ലാ പഞ്ചായത്ത് അംഗം ലേഖാ സുരേഷ്, ഹെഡ് മിസ്ട്രസ് കെ.എസ് ഗീത, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യേഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close