Palakkad

ജില്ലയിലെ ആയുഷ് സ്ഥാപനങ്ങള്‍ എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക്

ജില്ലയിലെ ഒന്‍പത് ആയുഷ് സ്ഥാപനങ്ങള്‍ എന്‍.എ.ബി.എച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേര്‍സ്) നിലവാരത്തിലേക്ക് ഉയരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കിണാവല്ലൂര്‍, തിരുവേഗപ്പുറ, പുതുക്കോട്, വടക്കഞ്ചേരി എന്നിവിടങ്ങളിലെ ഹോമിയോപ്പതി സ്ഥാപനങ്ങളിലും പുതുപ്പരിയാരം, മുണ്ടൂര്‍, തച്ചമ്പാറ, മാത്തൂര്‍, തൃത്താല തുടങ്ങിയ ആയുര്‍വേദ സ്ഥാപനങ്ങളിലുമാണ് നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ എന്‍.എ.ബി.എച്ച് നിലവാരം നടപ്പാക്കുന്നത്. ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ വന്നതോടെ വലിയ മാറ്റങ്ങളാണ് ആരോഗ്യ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. സമൂഹത്തിലെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനും രോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രാഥമിക പ്രതിരോധം ശക്തിപ്പെടുത്തുകയുമാണ് ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളിലൂടെ ലക്ഷ്യമിടുന്നത്.
യോഗ പരിശീലനം, ആയുഷ് ചികിത്സാരീതികളിലൂടെ പ്രാഥമിക പ്രതിരോധത്തിനുള്ള സാധ്യതകള്‍ നടപ്പാക്കുന്നതിനു വേണ്ടി ആശാവര്‍ക്കര്‍മാര്‍ക്ക് പരിശീലന പരിപാടികള്‍ എന്നിവ സെന്ററില്‍ നല്‍കുന്നുണ്ട്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് നാഷണല്‍ ആയുഷ് മിഷനിലൂടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്ക് ലാപ്‌ടോപ്പ്, ആശാ വര്‍ക്കര്‍മാര്‍ക്ക് ടാബ് തുടങ്ങിയവ നല്‍കി. ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിലെ ആശാവര്‍ക്കര്‍മാരിലൂടെ സമൂഹത്തിലെ പൊതുവായ ആരോഗ്യ പ്രശ്‌നങ്ങളെ മനസിലാക്കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.
ജീവിതശൈലിരോഗങ്ങളുടെ പ്രതിരോധം, കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണം, വയോജന ആരോഗ്യ സംരക്ഷണം, പ്രത്യുത്പാദന ആരോഗ്യ സംരക്ഷണം എന്നീ മേഖലയിലാണ് ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ ഊന്നല്‍ നല്‍കുന്നത്. ഇന്ത്യയില്‍ മുഴുവനായി 12,500 ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളാണ് ആയുഷ് മന്ത്രാലയം സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിലെ 520 ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സ്ഥാപനങ്ങളില്‍ 150 എണ്ണമാണ് ഈ വര്‍ഷം എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close