Malappuram

മഹത്തായ ജനമുന്നേറ്റമായി നവകേരളസദസ്സ് മാറി: മന്ത്രി സജി ചെറിയാന്‍

മഹത്തായ ജനമുന്നേറ്റമായി നവകേരള സദസ്സ് മാറിയെന്നതാണ് ഈ യാത്രയിലൂടെ കണ്ടതെന്ന് മന്ത്രി സജി ചെറിയാന്‍. മലയോര മേഖലയിലെ പിന്നാക്കം നിന്ന മണ്ഡലങ്ങളിലൊന്നായ പാറശ്ശാലയില്‍ കഴിഞ്ഞ ഏഴര വര്‍ഷം കൊണ്ടുണ്ടായത് സര്‍വതലസ്പര്‍ശിയായ വികസനമാണ്. കേരളം എങ്ങനെ മാറിയോ അതിനൊപ്പം തന്നെ പാറശ്ശാലയും മാറി. കേരളം സര്‍വമേഖലകളിലും രാജ്യത്ത് തന്നെ ഒന്നാമതാണ്. പ്രത്യേകിച്ച് സാമൂഹിക മേഖലയില്‍ വലിയ വികസനമാണ് കേരളത്തിലുണ്ടായത്. അര്‍ധ വികസിത രാജ്യങ്ങള്‍ കേരളത്തെക്കാള്‍ 25 വര്‍ഷം പിന്നിലാണ്. നമുക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതിന്റെ ഒരു കാരണം കിഫ്ബിയാണ്. 83,000 കോടിയുടെ വികസനമാണ് കിഫ്ബിയിലൂടെ നടത്തിയത്. 64 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം സംസ്ഥാനം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നു.
നമുക്ക് ലഭിക്കേണ്ട ന്യായമായ നികുതി വിഹിതം കേന്ദ്രം നല്‍കിയില്ലെങ്കില്‍ വികസനപ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകും. നികുതി വിഹിതത്തില്‍ 18,000 കോടിയുടെ കുറവാണുള്ളത്. സംസ്ഥാനത്തിന് കിട്ടേണ്ട ഗ്രാന്റില്‍ പത്ത് ശതമാനം കുറവു വരുത്തി. ആകെ 58,000 കോടി രൂപയാണ് സംസ്ഥാനത്തിന് കിട്ടാനുള്ളത്. നെല്ല്‌സംഭരണം, ഭക്ഷ്യസുരക്ഷ, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി തുടങ്ങി വിവിധ വകുപ്പുകളിലായി 60,009 കോടി രൂപയാണ് കിട്ടാനുള്ളത്. കേരളം നേടിയ മുന്നേറ്റങ്ങളെ ഇത് തടസ്സപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. മത്സ്യമേഖലയില്‍ ഇത്രയധികം സര്‍ക്കാര്‍ ഇടപെട്ട കാലം ചരിത്രത്തിലില്ല. തീരമേഖലയിലെ ഏറ്റവും വലിയ ദുരിത മേഖലയായിരുന്ന ചെല്ലാനത്തെ പ്രശ്‌നം സര്‍ക്കാര്‍ പരിഹരിച്ചു. റോഡുകള്‍, പാലങ്ങള്‍ എന്ന് തുടങ്ങി വന്‍ വികസനം സര്‍ക്കാര്‍ സാധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close