Kannur

നവോത്ഥാനത്തിന്റെ രാഷ്ട്രീയ തുടര്‍ച്ചയാണ് കേരളമാതൃകയുടെ കരുത്ത്: മുഖ്യമന്ത്രി

ഇന്ത്യയില്‍ ശക്തമായ നവോത്ഥാന മുന്നേറ്റം ഉണ്ടായിരുന്ന സംസ്ഥാനങ്ങള്‍ പോലും മൂല്യങ്ങള്‍ അന്ധകാരത്തിലേക്കു വീഴുമ്പോള്‍ കേരളത്തിന് നവോത്ഥാന മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനായെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ തുടര്‍ച്ചയേകാന്‍ കേരളത്തിന് കഴിഞ്ഞതുകൊണ്ടാണ് ഇത് സാധ്യമായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നതും ഇക്കാര്യമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സദസിന്റെ തുടര്‍ച്ചയായി ആദിവാസി ദളിത് മേഖലയിലെ വിഷയങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന പ്രസ്ഥാനങ്ങള്‍ നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കാനും വ്യാപിപ്പിക്കാനും പുരോഗമന പ്രസ്ഥാനങ്ങള്‍ കാണിച്ച നിഷ്‌കര്‍ഷയാണ് കേരളത്തെ മാറ്റി മറിച്ചത്. അയ്യങ്കാളിയെ പോലുള്ളവര്‍ നിന്നിടത്ത് നിന്ന് മുന്നോട്ട് പോവുകയാണ് നമ്മള്‍ ചെയ്തത്. ഇടത്പക്ഷ പ്രസ്ഥാനങ്ങളാണ് ഇതിന് തുണയായത്. ഭൂപരിഷ്‌കരണം, ആദിവാസി സമൂഹത്തിന്റെ നവീകരണം തുടങ്ങിയ രാഷ്ട്രീയ ഇടപെടലുകളാണ് കേരളത്തെ മാറ്റിയത്. അത്തരം രാഷ്ട്രീയ ഇടപെടലുകള്‍ നടക്കാത്ത സംസ്ഥാനങ്ങള്‍ ഇരുട്ടിലേക്ക് വഴുതിവീണു. കേരളത്തിന്റെ ഈ മാറ്റം ദൃഢീകരിച്ച് പുരോഗമനപരമായ വലിയ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍  പറഞ്ഞു.
നവകേരള യാത്ര, നവോത്ഥാന സംരക്ഷണ സമിതി, നവകേരള സദസ് തുടങ്ങി വിവിധ പരിപാടികളില്‍ കണ്ടുമുട്ടിയവരാണ് നമ്മള്‍. ഈ മുഖാമുഖം ഒരു തുടര്‍പ്രക്രിയയാണ്. ഇവിടുത്തെ നിര്‍ദ്ദേശങ്ങളെ ഗൗരവപൂര്‍വ്വം കാണും. നവകേരള നിര്‍മ്മിതിയെ ജനകീയ കര്‍മ്മ പദ്ധതിയാക്കി മാറ്റും. കേരളീയ പുനര്‍നിര്‍മ്മാണത്തെ എല്ലാവരുടെയും അഭിമാന ബോധമാക്കി മാറ്റുകയാണ് ലക്ഷ്യം. ഒരു വ്യക്തിയോ സര്‍ക്കാരോ അല്ല നമ്മള്‍ എല്ലാവരും കൂടിച്ചേര്‍ന്നാണ് നവകേരളം സൃഷ്ടിക്കേണ്ടത്. വിജ്ഞാനസമൂഹ സൃഷ്ടിയില്‍ ആദിവാസി ദളിത് സമൂഹത്തെ പങ്കാളികളാക്കാനുള്ള പദ്ധതികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് സര്‍ക്കാറിന്റെ ശ്രമം. ഈ നേട്ടങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ ഗൗരവമായി കാണണം. അന്ധവിശ്വാസവും അയിത്തവും തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തെ ജാഗ്രതയോടെ നേരിടണം. മുഖ്യമന്ത്രി പറഞ്ഞു.
നവോത്ഥാനത്തിനും പുരോഗമന മുന്നേറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ച നാട്ടില്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്തവരെ വെടിവെച്ച് കൊന്ന മുത്തങ്ങ സംഭവം നാടിന് അപമാനമായി. എന്നാല്‍ സമരത്തില്‍ പങ്കെടുത്ത, ഭൂമി അനുവദിക്കേണ്ട 37 കുടുംബങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ ഒരേക്കര്‍ വീതം ഭൂമി നല്‍കി. തിരുവനന്തപുരം ചെറ്റച്ചലിലെ 20 വര്‍ഷം പഴക്കമുള്ള ഭൂസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ചെങ്ങറ, ചിന്നക്കനാല്‍, മുതലമട, മരിയനാട്, മല്ലികപ്പാറ എന്നിവിടങ്ങളിലെ ഭൂപ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എല്ലാ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഭൂമിയുള്ള ജില്ലയാക്കി തിരുവനന്തപുരത്തെ മാറ്റാനും സര്‍ക്കാറിന് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ കെ രാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ വിശിഷ്ട സാന്നിധ്യമായി. ജസ്റ്റിസ് വി കെ മോഹനന്‍, പദ്മശ്രീ പുരസ്‌കാര ജേതാവായ കര്‍ഷകന്‍ ചെറുവയല്‍ രാമന്‍, വാദ്യകലാകാരന്‍ പെരിങ്ങോട് ചന്ദ്രന്‍, സംരംഭകന്‍ കെ കെ വിജയന്‍, എഴുത്തുകാരന്‍ ചെറായി രാമദാസ്, ഫുട്‌ബോള്‍ താരം എന്‍ പി പ്രദീപ്, കവി അശോകന്‍ മറയൂര്‍, ട്രഷറി ഡയറക്ടര്‍ വി സാജന്‍, എയര്‍ ഹോസ്റ്റസ് ഗോപിക ഗോവിന്ദന്‍, പി എസ് സി മുന്‍ അംഗം പി കെ വിജയകുമാര്‍,
എം എല്‍ എ മാരായ ഒ ആര്‍ കേളു, കെ ശാന്തകുമാരി, കെ വി സുമേഷ്, സച്ചിന്‍ ദേവ്, കെ പി മോഹനന്‍, പി പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീക്ഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, പട്ടികജാതി ക്ഷേമ സമിതി സെക്രട്ടറി കെ സോമപ്രസാദ്, ആദിവാസി ക്ഷേമ സമിതി സെക്രട്ടറി ബി വിദ്യാധരന്‍ കാണി, ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി രാമഭദ്രന്‍, ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, സബ്കലക്ടര്‍ സന്ദീപ് കുമാര്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close