Idukki

ഇടുക്കിയിൽ ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്) ആരംഭിച്ചു :  ആകെ 7852 വോട്ടുകൾ 

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ  85 വയസ്‌  പിന്നിട്ട മുതിർന്ന വോട്ടർമാരും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരും  അവരവരുടെ വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തുന്ന  ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്) ഇന്നലെ ( ഏപ്രിൽ 15 ) ആരംഭിച്ചു.  തൊടുപുഴ, ഇടുക്കി ,ഉടുമ്പൻചോല, ദേവികുളം, പീരുമേട്, കോതമംഗലം , മൂവാറ്റുപുഴ  നിയോജക മണ്ഡലങ്ങളിലായി ആകെ 7852 വോട്ടുകളാണ്   വീടുകളിൽ രേഖപ്പെടുത്താനുള്ളത്. ഇതിനായി അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍  100  ടീമുകളെയാണ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ  നിയോഗിച്ചിട്ടുള്ളത്. രണ്ട് പോളിങ് ഓഫീസര്‍മാര്‍,മൈക്രോ ഒബ്സെർവർ , വീഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുള്‍പ്പെടുന്നതാണ് ഒരു ടീം.  ബൂത്ത് ലെവല്‍ ഓഫീസര്‍മാരും സംഘത്തെ അനുഗമിക്കും. വോട്ടിങ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും സംഘത്തോടൊപ്പം  നടപടിക്രമങ്ങള്‍ വീക്ഷിക്കാവുന്നതാണ് . വോട്ടിങിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടാത്ത  വിധത്തില്‍ വോട്ടിങ് നടപടികള്‍ ഫോട്ടോ,വീഡിയോ എടുത്ത് സൂക്ഷിക്കുകയും ചെയ്യും.

പോസ്റ്റൽ ബാലറ്റ് രൂപത്തിൽ സീൽ ചെയ്യപ്പെട്ട ഏഴ് നിയോജകമണ്ഡലങ്ങളിലെയും വോട്ടുകൾ അതത് ദിവസം തന്നെ അസി .റിട്ടേർണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഇടുക്കി കലക്ടറേറ്റിലെ സ്ട്രോങ്ങ് റൂമിൽ  എത്തിച്ചാകും സൂക്ഷിക്കുക .

ഏപ്രിൽ 19 വരെ ആകെ 6 ദിവസങ്ങളിലായാണ്  ‘വീട്ടില്‍ നിന്നും വോട്ട്’ സൗകര്യം  ഇടുക്കി മണ്ഡലത്തിലുണ്ടാവുക. ഈ ദിവസങ്ങളിൽ  പട്ടികയിലുള്ള  ഏതെങ്കിലും വോട്ടറെ സന്ദർശിക്കാൻ സാധിക്കാതെ വന്നാൽ 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ഒരിക്കൽ കൂടി ഭവന സന്ദർശനം നടത്തുന്നതാണ്. ഹോം വോട്ടിംഗിനുള്ള അപേക്ഷ അംഗീകരിച്ചവർക്ക് യാതൊരു കാരണവശാലും 26 ന് നടക്കുന്ന വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യുന്നതിന് സാധിക്കുന്നതല്ല.             വോട്ടിങിനായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന തീയതിയും സമയവും മുന്‍കൂട്ടി എസ്.എം.എസ് വഴിയും ഇതിന് സൗകര്യമില്ലാത്ത സാഹചര്യത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയും വോട്ടര്‍മാരെ അറിയിക്കും.

 മുന്‍കൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വീട്ടില്‍ നിന്നും വോട്ടിന് ചെയ്യുന്നതിന് അവസരം ലഭിച്ചിട്ടുള്ളത്. ഏപ്രിൽ 2 വരെ ഇതിനുള്ള അപേക്ഷ സ്വീകരിച്ചിരുന്നു. അപേക്ഷ അംഗീകരിച്ചിട്ടുള്ളവരുടെ വീട്ടിൽ  തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി   വോട്ട് ചെയ്യുന്നതിന് സൗകര്യം ഒരുക്കുവാൻ  തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയാണ്  ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close