Ernakulam

തൃപ്പൂണിത്തുറ അപകടം കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും: മന്ത്രി പി. രാജീവ്

അപകടം നടന്ന സ്ഥലവും പരിസരവും സന്ദര്‍ശിച്ചു

തൃപ്പൂണിത്തുറയില്‍ അനധികൃത പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുള്ള എല്ലാ  നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് സാമഗ്രികൾക്ക് തീ പിടിച്ച്  സ്‌ഫോടനം നടന്ന സ്ഥലവും പരിസരവും നാശനഷ്ടം സംഭവിച്ച വീടുകളും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗൗരവമായ നിയമലംഘനമാണ് ഇത്തരമൊരു സംഭവത്തിലേക്ക് എത്തിച്ചത്. യാതൊരുവിധ അനുമതിയും ഇല്ലാതെ നിയമ വിരുദ്ധമായാണ് സംഭവത്തിന് ആധാരമായ വസ്തുക്കള്‍ സ്ഥലത്ത് എത്തിച്ചത്. നിയമപരമായ പരിശോധന സര്‍ക്കാര്‍ നടത്തുന്നുണ്ട്. അന്വേഷണം കൃത്യമായി മുന്നോട്ടു പോകുകയും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും.

സംഭവവുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നാശനഷ്ടങ്ങള്‍ കണക്കാക്കി കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ലഭ്യമാകും. അതനുസരിച്ച് മുന്‍കാല സംഭവങ്ങളിലെ കീഴ് വഴക്കം നോക്കി നഷ്ടപരിഹാരത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പരിസരത്തെ ജനങ്ങള്‍ ആശങ്കാകുലരാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നുണ്ട്. അന്വേഷണശേഷം ലഭ്യമാകുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ കെ.മീര, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യു കെ പീതാംബരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close