Ernakulam

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി:  റസിഡന്റ്‌സ് അസോ സിയേഷനുകളുടെ യോഗം മാര്‍ച്ച് 3 ന്

സംഘാടക സമിതി രൂപീകരണ യോഗം 

നവകേരള സദസ്സിന്റെ തുടര്‍പരിപാടി എന്ന നിലയില്‍ വ്യത്യസ്ത മേഖലകളിലുള്ളവരുടെ നവകേരള കാഴ്ചപ്പാട് ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 3 ന് എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റസിഡന്റ്സ്  അസോസിയേഷന്‍ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ സംസ്ഥാനതല സംഘാടക സമിതി യോഗം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. 

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തി 2000 പേരുടെ പരിപാടിയാണ് സംഘടിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്തുകളിലെ റസിഡന്റ്‌സ്  അസോസിയേഷനുകളില്‍  ഒരാള്‍ എന്ന നിലയില്‍ 941 പേരും
നഗരസഭകളില്‍ നിന്ന് 10 പേര്‍ എന്ന നിലയില്‍ 870 പേരും കോര്‍പ്പറേഷനുകളില്‍ നിന്ന് 15 പേര്‍ എന്ന നിലയില്‍ 90 പേരും ഉള്‍പ്പെടെ ആകെ 1901 പേരാണ് പങ്കെടുക്കുക. 100 ഫ്‌ളാറ്റ് ഉടമകളുടെ പ്രതിനിധികളെയും ചേര്‍ന്ന് 2001 പേരെ പരിപാടിയില്‍ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിക്കാം. എല്ലാ വിഭാഗങ്ങളിലും 50 % സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയാകും പരിപാടി. എല്ലാ ജില്ലകളുടേയും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

2024 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെ വിവിധ ജില്ലകളിലായാണ് പരിപാടി നടക്കുന്നത്. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിപാടി. വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, ആദിവാസികള്‍, ദളിത് വിഭാഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഭിന്നശേഷിക്കാര്‍, പെന്‍ഷന്‍കാര്‍, വയോജനങ്ങള്‍, തൊഴിലാളികള്‍, കര്‍ഷകര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരാണ് വിവിധ ജില്ലകളിലായി പരിപാടിയില്‍ പങ്കെടുക്കുന്നത്. 

വിവിധ ജില്ലകളില്‍ നിന്നുള്ള കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ യോഗത്തില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിച്ചു. പരിപാടി നടത്തിപ്പുമായി ബന്ധപെട്ട് സംഘാടക സമിതി അംഗങ്ങളെ ഉടന്‍ നിശ്ചയിക്കും. 

മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സില്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സി.ഇ. ഒ. ഷാജി. വി. നായര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡെന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. അജിത് കുമാര്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് മുരളീധരന്‍ പുതുക്കുടി, സംസ്ഥാന ട്രഷറര്‍ രംഗദാസ പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close