Ernakulam

രണ്ടര വർഷത്തിനിടെ നൽകിയത് ഒന്നര ലക്ഷം പട്ടയങ്ങൾ: മന്ത്രി കെ. രാജൻ

*കോട്ടുവള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു*

രണ്ടര വർഷത്തിനിടെ സംസ്ഥാന സർക്കാർ ഒന്നരലക്ഷം പട്ടയങ്ങൾ നൽകിയെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ഇത് വളരെ അഭിമാനകരമായ നേട്ടമാണ്. കൈവശക്കാർക്ക് ഭൂമി നൽകാൻ വലിയ തോതിൽ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോട്ടുവള്ളി സ്മാർട്ട് വില്ലേജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

തണ്ടപ്പേര് പോലും അവകാശപ്പെടാൻ ഇല്ലാത്ത കേരളത്തിലെ സാധാരണക്കാർക്ക് ഭൂമി നൽകുക എന്നതാണ് സർക്കാർ ലക്ഷ്യം. എല്ലാ ഭൂമിക്കും രേഖയുണ്ടാക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. എങ്കിലും നാലുവർഷത്തിനകം എല്ലാവർക്കും രേഖയുണ്ടാക്കാനായി റീബിൽഡ് കേരള ഇനീഷ്യയേറ്റീവിൽ ഉൾപ്പെടുത്തി ഡിജിറ്റൽ റീസർവ്വെ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് വില്ലേജ് ഓഫീസുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കേരളത്തിലെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 “എല്ലാവർക്കും ഭൂമി,എല്ലാവർക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്” എന്ന സർക്കാരിന്റെ പ്രതിജ്ഞാ വാചകം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപയിലാണ് കോട്ടുവള്ളി സ്മാർട്ട് വില്ലേജ് നിർമ്മിച്ചത്. ഭിന്നശേഷിക്കാർക്ക് എളുപ്പത്തിൽ പ്രവേശിക്കാനായി ഇവിടെ റാംപ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ മുറി, ഫയൽ റൂം, ജീവനക്കാരുടെ മുറി, ശുചിമുറി എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയ വില്ലേജ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. 

പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന് സമീപം സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അനീജ വിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ബാലൻ, വാർഡ് മെമ്പർമാരായ സിന്ധു നാരായണൻകുട്ടി, വി.എച്ച് ജമാൽ, വില്ലേജ് ഓഫീസർ ജി. മഹേഷ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close