Alappuzha

ലോക്‌സഭ തിരഞ്ഞെടുപ്പ്; കളക്ടറേറ്റില്‍ ഹരിത മാതൃക പോളിംഗ് ബൂത്ത്  ഒരുങ്ങി

ആലപ്പുഴ: ഏപ്രില്‍ 26-ന് നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഒരുക്കിയ ഹരിത മാതൃക പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍വ്വഹിച്ചു. പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വ മിഷന്‍, ജില്ല ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മാതൃകാ ബൂത്ത് ഒരുക്കിയത്.

തടി, മുള, ഓല, കയര്‍ തുടങ്ങി പൂര്‍ണമായും പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളാണ് ബൂത്ത് നിര്‍മിക്കാന്‍ ഉപയോഗിച്ചത്. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഹരിതചട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നല്‍കാന്‍ വീഡിയോ വാള്‍, ലഘുലേഖകള്‍, വിവരങ്ങള്‍ നല്‍കാന്‍ റിസോഴ്‌സ് പേഴ്‌സണ്‍ സേവനം എന്നിവയും ബൂത്തില്‍ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം വരെ സിവില്‍ സ്റ്റേഷനില്‍ ബൂത്ത് പ്രവര്‍ത്തിക്കും. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് നഗരസഭ തലത്തിലും ഇത്തരത്തില്‍ ഹരിത മാതൃക ബൂത്തുകള്‍ സ്ഥാപിക്കും.

ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാതലത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിയിരുന്നു. പ്രചരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ നൂറ് ശതമാനം കോട്ടണ്‍, പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുളളതാവണം. വോട്ടെടുപ്പിന് ശേഷം പ്രചരണത്തിന് ഉപയോഗിച്ച ബാനറുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ അന്നുതന്നെ അഴിച്ചുമാറ്റുകയും മറ്റു മാലിന്യങ്ങള്‍ ഹരിതകര്‍മസേന, അംഗീകൃത ഏജന്‍സികള്‍ എന്നിവയ്ക്ക് കൈമാറുകയും വേണം.  

ചടങ്ങില്‍ ശുചിത്വ മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ കെ.ഇ. വിനോദ് കുമാര്‍, പ്രോഗ്രാം ഓഫീസര്‍ അഖില്‍ പ്രകാശ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ അരുണ്‍ ജോയ്, എന്‍ജിനീയര്‍ സി.ആര്‍. സന്ധ്യ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close