Alappuzha

മുഖ്യമന്ത്രി പിണറായി വിജയന്റെ കായംകുളത്തെ വാർത്താസമ്മേളനത്തിൽ നിന്ന് 16.12.23

നവകേരള സദസ്സ് അതിന്റെ പൂർത്തീകരണത്തോടടുക്കുകയാണ്. ഇന്ന് സമാപന കേന്ദ്രം  തിരുവല്ലയാണ്. നാളെ പത്തനംതിട്ട ജില്ലയിലെ പര്യടനം പൂർത്തിയാക്കും. കൊല്ലം,തിരുവനന്തപുരം എന്നീ ജില്ലകളാണ് പിന്നെ ശേഷിക്കുന്നത്. 

590  കിലോമീറ്റർ നീണ്ട കടൽ തീരമുള്ള സംസ്ഥാനമാണ് നമ്മുടേത്. മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയാകെയും ജീവിതം മെച്ചപ്പെടുത്തുക എന്നത് ഈ സർക്കാരിന്റെ സുപ്രധാന മുൻഗണയിലൊന്നാണ്.  

കാലാവസ്ഥാ വ്യതിയാനംമൂലം കടൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരദേശവാസികൾ ഇപ്പോൾത്തന്നെ വലിയ സമ്മർദ്ദത്തിലാണ്. ഇതിനൊപ്പം, കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ബ്ലൂ ഇക്കോണമി മൂലമുള്ള അശാസ്ത്രീയ വികസനവും കൂടിയാകുമ്പോൾ സ്ഥിതി കൂടുതൽ മോശമാകും എന്ന ആശങ്ക പൊതുവെ നിലനിൽക്കുന്നു. 

സമുദ്രത്തെ മത്സ്യ തൊഴിലാളികളിൽ നിന്ന് അന്യവൽക്കരിച്ച് വൻകിട ഖനനക്കാർക്കും വ്യവസായികൾക്കും വീതിച്ചു  കൊടുക്കുന്നതാണ് ബ്ലൂ ഇക്കോണമി എന്ന ശക്തമായ വിമർശനം ഇതിനകം  ഉയർന്നിട്ടുണ്ട്. വനങ്ങളുടെ അവകാശം ആദിവാസികൾക്കെന്ന പോലെ കടലിൻ്റെ അവകാശം മത്സ്യത്തൊഴിലാളികൾക്കാണെന്ന നയമാണ് സംസ്ഥാന സർക്കാരിൻ്റേത്. തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധിക്കും കോട്ടം തട്ടാത്തവിധത്തിലും പരിസ്ഥിതി നാശം ഒഴിവാക്കിക്കൊണ്ടുമുള്ള സാമ്പത്തിക വികസന സങ്കൽപം എന്ന നിലയിലാണ് ബ്ലൂ ഇക്കോണമി പ്രയോഗത്തിൽ കൊണ്ടുവരേണ്ടത്.  അത്തരമൊരു വികസനത്തിന് മാത്രമേ സുസ്ഥിരത കൈവരിക്കാൻ സാധിക്കുകയുള്ളൂ. 

തീരദേശത്ത് ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് പാർപ്പിടത്തിന്റേതാണ്. അത് പരിഹരിക്കാൻ സർക്കാർ തീവ്രമായി  ശ്രമിക്കുകയാണ്.  12104 വീടുകളാണ് മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ ഏഴുവർഷത്തിൽ നിർമിച്ചു നൽകിയത്. ആലപ്പുഴ ജില്ലയിലെ മണ്ണുംപുറത്ത് 204 ഫ്ലാറ്റുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. മുട്ടത്തറയിലെ 400 ഫ്ളാറ്റുകളുടെ നിർമ്മാണം പകുതിയോളം പൂർത്തിയായിട്ടുണ്ട്.  മലപ്പുറം ജില്ലയിലെ പൊന്നാനി (100), ഉണ്ണിയാൽ (16), കോഴിക്കോട് ജില്ലയിലെ വെസ്റ്റ്ഹിൽ (80), കാസർഗോഡ് ജില്ലയിലെ കോയിപ്പാടി (144) എന്നിങ്ങനെ 944 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ വലിയതുറയിലും വേളിയിലുമായി 2.37 ഏക്കർ ഭൂമി ലഭ്യമാക്കി 192 ഫ്ലാറ്റുകളുടെ നിർമ്മാണാനുമതിക്കുള്ള നടപടിയും പുരോഗമിക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാക്തികരിക്കുന്നതിന്റെ ഭാഗമായി 10 പേർ വീതമടങ്ങുന്ന ഗ്രൂപ്പിന് 1.56 കോടി  രൂപ വീതം വിലവരുന്ന 10 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ നൽകാൻ തീരുമാനിച്ചിരുന്നു. അതിൽ 6 ബോട്ടുകൾ കൈമാറി.  ബാക്കി നാലെണ്ണം ഈ മാസം തന്നെ  കൈമാറും. 320 എഫ്. ആർ. പി. മത്സ്യബന്ധന യൂണിറ്റുകൾ വിതരണം ചെയ്തു‌. ഈ വർഷം 100  യൂണിറ്റുകൾ കൂടി വിതരണം ചെയ്യും. 

കാലാവസ്ഥ വ്യതിയാനം കാരണമുണ്ടാകുന്ന തൊഴിൽനഷ്ടം നികത്താൻ ധനസഹായം നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. നിലവിൽ 50 കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു കഴിഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പ്, കോവിഡ് എന്നിവ മൂലം തൊഴിൽ ദിനങ്ങൾ  നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളിലായി ആകെ180 കോടി രൂപയുടെ ധനസഹായമാണ്  നൽകിയത്.  

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എൻജിൻ വാങ്ങുന്നതിന് 30000 രൂപ വീതവും വല വാങ്ങുന്നതിന് 10000 രൂപ വിതവും ധനസഹായം നൽകുന്നുണ്ട്. മണ്ണെണ്ണയുടെ ലഭ്യതക്കുറവും വിലവർദ്ധനയും പരിഗണിച്ച് കൂടുതൽ സുലഭവും ആദായകരവുമായ പെട്രോൾ, ഡീസൽ, എൽ.പി.ജി തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള എൻജിനുകളിലേയ്ക്ക് മാറുന്നതിന് സർക്കാർ ധനസഹായം നൽകും. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക്  ഇൻഷ്വറൻസ് ലഭ്യമാക്കി. പ്രീമിയം തുകയുടെ 90% വും സർക്കാർ ധനസഹായമാണ്.

സമുദ്ര മത്സ്യബന്ധന നിയമം കാലോചിതമായി പരിഷ്‌കരിച്ച് ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കിയത് വഴി സമുദ്രമത്സ്യ ഉത്പാദനത്തിൽ 6.93 ലക്ഷം മെട്രിക് ടൺ ഉല്‌പാദനം കൈവരിച്ച് കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തി. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി മത്സ്യസംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും നിയമം കൊണ്ടുവന്നു. ഇതിന്റെ ചട്ടം രൂപീകരിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു.

മത്സ്യബന്ധന ഹാർബറുകളുടെ നടത്തിപ്പിനും പരിപാലനത്തിനുമായി സംസ്ഥാനത്തെ 21 പ്രധാന ഹാർബറുകളിൽ ഹാർബർ മാനേജ്‌മെൻ്റ് സൊസൈറ്റികൾ രൂപീകരിച്ചു. വനിതാ മത്സ്യവിപണന തൊഴിലാളികൾക്ക് സൗജന്യയാത്ര ഒരുക്കാൻ കെ. എസ്. ആർ. റ്റി. സി. യുമായി ചേർന്ന് സമുദ്ര പദ്ധതി നടപ്പിലാക്കി. മത്സ്യത്തൊഴിലാളികൾക്കുള്ള അപകട ഇൻഷ്വറൻസ് 10 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. മുഴുവൻ മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളികളെയും ഇൻഷ്വറൻസിന്റെ പരിധിയിൽ ഉൾപ്പെടുത്തി.

മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് 20 ശതമാനം സംവരണം ഏർപ്പെടുത്തിയ രാജ്യത്തിലെ ആദ്യത്തെ ഫിഷറീസ് സർവ്വകലാശാല ആരംഭിച്ചത് കേരളത്തിലേതാണ്. ഫിഷറീസ് സർവകലാശാലയ്ക്ക് പയ്യന്നൂരിൽ സെന്റർ ആരംഭിച്ചു. വിദ്യാതീരം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ/സിവിൽ സർവ്വീസ്/ബാങ്ക് ടെസ്റ്റ് പരീക്ഷാ പരിശീലനം നൽകുകയാണ്. ഈ പദ്ധതിയിലൂടെ തിരമേഖലയിൽ ഇതിനകം 75 ഡോക്ട‌ർമാരെ സൃഷ്ടിച്ചു. 

മാതാപിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളെ ദത്തെടുത്ത് അവരുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുത്തു.

ഇങ്ങനെ മത്സ്യത്തൊഴിലാളികളെ എല്ലാ അർത്ഥത്തിലും ചേർത്തു പിടിച്ച് കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. തീരദേശ മേഖലകളിലാകെ ആവേശത്തോടെ ജനങ്ങൾ നവകേരള സദസ്സിനെത്തുന്നതിന്റെ കാരണവും സർക്കാരിന്റെ ഈ സമീപനമാണ്.

തോട്ടപ്പള്ളി

തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് 2012 ല്‍ യു.ഡി.എഫ് ഭരണകാലത്ത് അനുമതി നല്‍കിയത്. (14.05.2012 ലെ ജി.ഒ(ആര്‍.ടി) നമ്പര്‍.  571/2012/ഡബ്ല്യൂ.ആര്‍.ഡി.) മണല്‍ അടിഞ്ഞുകൂടുന്നത് വെള്ളത്തിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നത് മൂലം കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത് കണക്കിലെടുത്തായിരുന്നു പ്രസ്തുത അനുമതി നല്‍കിയത്. മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ പ്രളയഭീഷണിയുണ്ടാകുമെന്ന ചെന്നൈ ഐ.ഐ.ടി യുടെ പഠനത്തിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ഉത്തരവ്. 

പുറക്കാട് ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് മണല്‍ നീക്കം ചെയ്യാനാണ് ഐ.ആര്‍.ഇ.എല്‍ ന് അനുമതി നല്‍കിയത്. എന്നാല്‍ പഞ്ചായത്തുമായി ധാരണയിലെത്താത്തതിനാല്‍ പ്രസ്തുത പ്രവര്‍ത്തി നടന്നില്ല. 

യു.ഡി.എഫ് ഭരണകാലത്ത് തന്നെ വീണ്ടും 16.05.2014 ലെ ജി.ഒ(ആര്‍.ടി) നമ്പര്‍. 348/2014/ എഫ് ആന്‍റ് പി.  ഉത്തരവ് പ്രകാരം തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബറില്‍ ഡ്രെഡ്ജ് ചെയ്ത് കൂട്ടിയിട്ട ധാതു കലര്‍ന്ന 46000 ക്യുബിക് മീറ്റര്‍ മണ്ണ് ഐ.ആര്‍.ഇ.എല്‍ ന് അനുവദിച്ചുനല്‍കിയിരുന്നു. പിന്നീട് 72000 ക്യുബിക് മീറ്റര്‍ മണല്‍ കൂടി വേണമെന്ന് ഐ.ആര്‍.ഇ.എല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന ജി.ഒ(ആര്‍.ടി) നമ്പര്‍. 657/2015/ എഫ് ആന്‍റ് പി പ്രകാരം അനുമതി നല്‍കി. 25.04.2016 ലെ ജി.ഒ(ആര്‍.ടി) നമ്പര്‍.296/2016/ എഫ് ആന്‍റ് പി ഉത്തരവില്‍ ഐ.ആര്‍.ഇ.എല്‍ സ്വന്തം ചെലവില്‍ ഡ്രെഡ്ജിംഗ് നടത്തി സൂക്ഷിച്ചിരുന്ന 85000 ക്യുബിക് ലിറ്റര്‍ മണല്‍ കൂടി ഐ.ആര്‍.ഇ.എല്‍ ന് നല്‍കിയിട്ടുണ്ട്. 

കുട്ടനാട്ടിലെ മഴക്കാലത്തുള്ള വെള്ളപ്പൊക്ക നിവാരണത്തിന് വിവിധ പഠനങ്ങള്‍ നടന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച എം.എസ്. സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ഐ.ഐ.ടി ചെന്നൈയുടെ പഠന റിപ്പോര്‍ട്ട്, യുണൈറ്റ് നേഷന്‍സ് എന്‍വയോണ്‍മെന്‍റ് പ്രോഗ്രാമുമായി (ഐ.യു.എന്‍.ഇ.പി) ചേര്‍ന്നുള്ള പ്രളയ സാധ്യതാ അവലോകനം, ലോക ബാങ്ക് സഹായത്തോടുകൂടി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടത്തിയ അവലോകനം, ഇവയെല്ലാം ഇതിന്‍റെ ഭാഗമായി ഉണ്ടായിട്ടുള്ളതാണ്. 

കുട്ടനാട്ടിലെ പ്രളയ ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളിയില്‍ മണല്‍ നീക്കം ചെയ്യുന്നതിന് ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരില്‍ ശിപാര്‍ശ സമര്‍പ്പിക്കുകയുണ്ടായി. തുടര്‍ന്ന് വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം 31.05.2019 ലെ ജി.ഒ(ആര്‍.ടി) നമ്പര്‍.385/2019/ ഡബ്ല്യൂ.ആര്‍.ഡി ഉത്തരവ് മണല്‍ നീക്കം ചെയ്യാന്‍ കെ.എം.എം.എല്‍ ന് അനുമതി നല്‍കി. ഇതിനായി കെ.എം.എം.എല്ലുമായി ധാരണാപത്രം ഒപ്പിടാന്‍ ചീഫ് എഞ്ചിനീയര്‍ക്ക് (ഇറിഗേഷന്‍ & അഡ്മിനിസ്ട്രേഷന്‍) നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഘനമീറ്ററിന് നിശ്ചയിച്ച 464 രൂപ 55 പൈസ  എന്ന നിരക്ക് മൂന്ന് മാസത്തിനു ശേഷം പുനര്‍നിര്‍ണ്ണയിക്കണമെന്നും ഉത്തരവില്‍ വ്യക്തിമാക്കിയിരുന്നു. 

ഇതനുസരിച്ച് നിരക്ക് 900 രൂപയായി പുനര്‍നിര്‍ണ്ണയിച്ച് 03.12.2022 ല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ധാതുക്കള്‍ നീക്കം ചെയ്ത മണല്‍ കടല്‍ത്തീര സംരക്ഷണത്തിനായി നിശ്ചിത സ്ഥലങ്ങളില്‍ തിരികെ നിക്ഷേപിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇത് കാലാകാലങ്ങളില്‍ പുന:പരിശോധിച്ച് പുതുക്കി നല്‍കുന്ന രീതിയാണ് ജലസേചന വകുപ്പ് സ്വീകരിച്ചുവരുന്നത്. ഒരു സ്വകാര്യ കമ്പനികള്‍ക്കും   ഇത്തരത്തില്‍ മണല്‍ നല്‍കുന്നില്ല. 

തോട്ടപ്പള്ളി സ്പില്‍വേയുടെ സുഗമമായ ജലമൊഴുക്കിന് പ്രവേശന കവാടത്തിലും ചാനലിലും അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ് ഡ്രഡ്ജ് ചെയ്ത് നീക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.ആര്‍.ഇ.എല്‍ ന് അനുമതി നല്‍കി 06.08.2018 ലെ ജി.ഒ(ആര്‍.ടി)നമ്പര്‍. 645/2018/എഫ്.ആന്‍റ്.പി ജി.ഒ(ആര്‍.ടി)നമ്പര്‍.385/2019/ഡബ്ല്യു.ആര്‍.ഡി 31.05.2019 എന്നിവ  പ്രകാരം ഉത്തരവ് നല്‍കിയിട്ടുണ്ട്.

ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളു എന്ന ഉറച്ച നിലപാടാണ് ഇടതുപക്ഷ സർക്കാരിന്.

ആലപ്പുഴ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും മികച്ച സ്വീകരണമാണ് നവകേരള സദസ്സിന് ലഭിച്ചത്. എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒരേവികാരത്തോടെ ഇങ്ങനെ ജനങ്ങൾ ഒഴുകിയെത്തുന്ന അനുഭവം സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഒന്നിച്ച് നിൽക്കും എന്ന പ്രഖ്യാപനം തന്നെയാണ്. 

ആലപ്പുഴ ജില്ലയിൽ ലഭിച്ച നിവേദനങ്ങൾ: 

അരൂർ -7216
ചേർത്തല – 6965
ആലപ്പുഴ – 5265
അമ്പലപ്പുഴ -5979
കുട്ടനാട് -8012
ഹരിപ്പാട് -5772

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close