Alappuzha

കയർ മേഖലയിൽ രണ്ടാംപിണറായി സർക്കാർ വിതരണം ചെയ്തത് 343 കോടി രൂപ: മന്ത്രി പി രാജീവ്

ആലപ്പുഴ:  രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം കയർ മേഖലയിൽ ഇതുവരെ വിതരണം ചെയ്തത് 343 കോടി രൂപയാണെന്ന് വ്യവസായ വകുപ്പുമന്ത്രി പി. രാജീവ്. ചേർത്തല മണ്ഡലതല നവ കേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി സർക്കാർ 1112 കോടി രൂപയും വിതരണം ചെയ്തു. രണ്ടര വർഷം കൊണ്ട് 115.70 കോടിയുടെ കയർ ഭൂവസ്ത്രവും വിപണനം ചെയ്യാൻ സാധിച്ചു. 
വല്ലാത്ത സാമ്പത്തിക ആക്രമണമാണ് കേരളം നേരിടുന്നത്. ഒരു വർഷം ലഭിക്കേണ്ട നികുതി ഇനത്തിൽ 57,603 കോടി രൂപ നിഷേധിച്ചു. നികുതി പിരിവ്, വരുമാനം, സമ്പദ് വ്യവസ്ഥ, വ്യവസായ രംഗം തുടങ്ങിയ സർവ്വ മേഖലയിലും വർദ്ധനവ് ഉണ്ടായിട്ടും സംസ്ഥാനത്തിന് രണ്ടറ്റവും കൂട്ടിമുട്ടാൻ സാധിക്കുന്നില്ല. ഈ സാമ്പത്തികം കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ സമീപനത്തിന്റെ ഭാഗമാണ്.  യുജിസി 750 കോടി, 
നഗരവികസനം 200 കോടി, ഗ്രാമ വികസനം 1250 കോടി, നെല്ല് സംഭരണം 290 കോടി, അടിസ്ഥാന വികസനം 1925 കോടി ഉൾപ്പെടെ സംസ്ഥാനം ചെലവഴിച്ച 5352 കോടി ഇതുവരെയും തിരിച്ചു നൽകിയിട്ടില്ല. കേരളത്തിനേക്കാൾ ജനസംഖ്യ കുറവുള്ള സംസ്ഥാനങ്ങൾക്ക് പോലും  ഉയർന്ന തുക കേന്ദ്രസർക്കാർ തിരിച്ചു നൽകുന്നുണ്ട്. കേന്ദ്രം നൽകേണ്ട തുക  സംസ്ഥാനത്തിന് ലഭിച്ചിരുന്നെങ്കിൽ ഇതിനോടകം എല്ലാവർക്കും ലൈഫ് ഭവനങ്ങൾ നൽകുമായിരുന്നെന്നും മന്ത്രി പറഞ്ഞു. 

 ദേശീയപാത വികസനത്തിനായി ഇതിനോടകം 5760 കോടി രൂപ  ഭൂമി ഏറ്റെടുക്കാനായി ചിലവഴിച്ചു. 2025 നവംബർ ഒന്നിന് ഇന്ത്യയിൽ അതി ദരിദ്രയില്ലാത്ത സംസ്ഥാനമായി  കേരളം മാറും.  കേരള സർവകലാശാലയിൽ മാത്രം 48 രാജ്യങ്ങളിൽ നിന്നായി 1600 വിദേശ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഭരണതുടർച്ചയുള്ള സർക്കാർ എന്ന പ്രത്യേകത ഈ സർക്കാരിനുണ്ട്. ജനങ്ങൾ എല്ലാ കാര്യങ്ങളും മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് നിലപാട് സ്വീകരിക്കുന്നത്. രാഷ്ട്രീയ അനുഭവങ്ങൾ രൂപം കൊള്ളുന്നത് ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. ജീവിതാനുഭവങ്ങൾ മനുഷ്യരെ തിരിച്ചറിവിലേക്ക് എത്തിക്കുന്നു. ആ തിരിച്ചറിവുകളാണ് രാഷ്ട്രീയ നിലപാടായി വികസിക്കുന്നത്. ഭരണ തുടർച്ചയിലേക്ക് എത്തിയ സർക്കാർ കഴിഞ്ഞ സർക്കാരിന്റെ നയങ്ങൾ അതിവേഗം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടവേളകളില്ലാതെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സഞ്ചരിക്കുകയാണ്. ലോകത്തൊരിടത്തും ഇങ്ങനെയൊന്നു സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close