Alappuzha

നവ കേരള സദസ്സ് ; മന്ത്രിസഭ നാളെ മുതൽ മൂന്ന് ദിവസം ജില്ലയിൽ

ആലപ്പുഴ മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും നേരിട്ട് ജനങ്ങളെ കേൾക്കുകയും അപേക്ഷകൾ സ്വീകരിക്കുകയും ചെയുന്ന നവകേരള സദസ്‌ വ്യാഴാഴ്‌ച ജില്ലയിൽ തുടങ്ങും. നവകേരള സദസ്സിന്റെ ജില്ലയിലെ അന്തിമ സമയക്രമമായി. 14 ന് ഉച്ചയ്ക്ക് ശേഷം വൈക്കത്ത് നിന്ന് എത്തുന്ന മുഖ്യമന്ത്രിയും സംഘവും തവണക്കടവ് ഫെറിയിലൂടെ ജില്ലയിൽ പ്രവേശിക്കും. അരൂരിൽ നവകേരള സദസ്സ് വേദിയായ അരയൻകാവിൽ മുഖ്യമന്ത്രി 4: 30 ന് എത്തും. മുഖ്യമന്ത്രി എത്തുന്നതിന് മണിക്കൂറുകൾ മുമ്പ്‌ തന്നെ വേദിയിൽ പരിപാടികളും മൂന്നു മന്ത്രിമാരും സംസാരിക്കും. ശേഷം മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. ചേർത്തല മണ്ഡലത്തിലെ നവകേരള സദസ്സിനായി സെൻറ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിലെ വേദിയിൽ പരിപാടികൾ അഞ്ചിന്‌ മുമ്പ്‌ തുടങ്ങും. ആലപ്പുഴ ഗവൺമെൻറ് ഗസ്റ്റ് ഹൗസിലാണ് അന്നുരാത്രി മുഖ്യമന്ത്രി താമസിക്കുക. 15-ന് രാവിലെ 9ന്‌ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ പ്രഭാത യോഗം. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിൽ നിന്നായി സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 300-ഓളം പേർ യോഗത്തിൽ പങ്കെടുക്കും. ഇവർക്കൊപ്പമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഭാത ഭക്ഷണം കഴിക്കുക. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇവരുമായി സംവദിക്കും. ശേഷം വാർത്ത സമ്മേളനം നടത്തും. 11 ന്‌ എസ്ഡിവി സ്കൂൾ ഗ്രൗണ്ടിൽ ആലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ്‌ ചേരും. പരിപാടികളും അപേക്ഷ സ്വീകരിക്കലും നേരത്തെ തുടങ്ങും. രണ്ടരയ്‌ക്ക്‌ കപ്പക്കട മൈതാനത്തിൽ അമ്പലപ്പുഴ മണ്ഡല സദസ്സ് ആരംഭിക്കും. മൂന്നിന്‌ മുഖ്യമന്ത്രി എത്തും. വൈകിട്ട് 4: 30ന് നെടുമുടിയിൽ ഇന്ത്യൻ ഓയിൽ പമ്പിനു സമീപമുള്ള മൈതാനത്തിൽ കുട്ടനാട് മണ്ഡലത്തിലെ സദസ്സിനായി മുഖ്യമന്ത്രി എത്തും. ഹരിപ്പാട് മണ്ഡലത്തിലെ സദസ്സിനായി ആറിന്‌ ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനിയിലും എത്തും. രണ്ടിടത്തും മന്ത്രിമാരുടെ പ്രസംഗവും പരിപാടികളും നേരത്തെ ആരംഭിക്കും. കായംകുളത്തെ എൻടിപിസി ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രി താമസിക്കുക. 16-ന് രാവിലെ 9ന്‌ കായംകുളം താമരശേരി ഓഡിറ്റോറിയത്തിൽ ചേരുന്ന പ്രഭാതയോഗത്തിൽ ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ നിന്നായി സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ചുള്ള 300-ഓളംപേർ പങ്കെടുക്കും. പ്രഭാത യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രി സഭാംഗങ്ങളും ഇവർക്കൊപ്പം ഭക്ഷണം കഴിക്കും. തുടർന്ന് അംഗങ്ങളുമായി സംവദിക്കും. ശേഷം വാർത്താസമ്മേളനം. കായംകുളം മണ്ഡല സദസ്‌ പകൽ 11ന്‌ എൽമെക്സ് മൈതാനത്ത് നടക്കും. മന്ത്രിമാരുടെ പ്രസംഗവും പരിപാടികളും നേരത്തെ ആരംഭിക്കും. മാവേലിക്കര ഗവൺമെൻറ് ഹൈസ്കൂളിൽ രണ്ടിന്‌ മണ്ഡലത്തിലെ നവകേരള സദസ്സ് ആരംഭിക്കും. മൂന്നിന്‌ മുഖ്യമന്ത്രി എത്തും. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുക. മൂന്നിന്‌ പരിപാടികൾ ആരംഭിക്കും. 4.30 ന് മുഖ്യമന്ത്രി സദസ്സിനെത്തും. കലാപരിപാടികൾ നേരത്തെ തന്നെ ആരംഭിക്കും. ജില്ലയിലെ നവകേരള സദസ്സിനുശേഷം സംഘം തിരുവല്ലയിലേക്ക് തിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close