Kerala

ശൈലി 2: ആർദ്രം ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് രണ്ടാം ഘട്ടത്തിലേക്ക്

*ഒന്നാം ഘട്ടത്തിൽ 6.26 ലക്ഷം പേർക്ക് രക്താതിമർദവും അര ലക്ഷത്തിലധികം പേർക്ക് പ്രമേഹവും പുതുതായി കണ്ടെത്തി

*രോഗ നിർണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ്

*മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യഘട്ടത്തിൽ 30 വയസിന് മുകളിൽ പ്രായമുള്ള 1.53 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കിയിരുന്നു. സ്‌ക്രീനിംഗിൽ രോഗ സാധ്യതയുള്ള 13.6 ലക്ഷത്തോളം പേരുടെ തുടർ പരിശോധനകൾ പൂർത്തിയാക്കുകയും ആവശ്യമായവർക്ക് തുടർ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. 30 വയസിന് മുകളിൽ ലക്ഷ്യം വച്ചവരിൽ ബഹുഭൂരിപക്ഷം വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയ സ്ഥിതിയിലാണ് രണ്ടാം ഘട്ടത്തിലേക്ക് പോകുന്നത്. ഇതിനായി ശൈലി 2 ആപ്പ് വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ ശൈലി 2 പദ്ധതിയ്ക്ക് അന്തിമ രൂപം നൽകി. ജനകീയ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇ ഹെൽത്ത് രൂപകല്പന ചെയ്യുന്ന ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ കുഷ്ഠ രോഗം, കാഴ്ച പരിമിതി, കേൾവി പരിമിതി, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ സ്‌ക്രീനിംഗും നടത്തും. നഗര പ്രദേശങ്ങളിലെ സ്‌ക്രീനിംഗ് ഊർജിതമാക്കും. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീൻ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വാർഷികാരോഗ്യ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കത്തക്ക രീതിയിൽ പ്രവർത്തനങ്ങൾ ക്രോഡീകരിക്കും.

ഇതുവരെ ആകെ 1,53,25,530 പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കി. ഇതിൽ നിലവിൽ 18.14 ശതമാനം (27,80,639) പേർക്ക് ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള സാധ്യത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആശാവർക്കർമാർ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തിയവരിൽ രോഗസാധ്യത കൂടുതലുള്ളവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. സ്‌ക്രീനിംഗിലൂടെ രക്താതിമർദം സംശയിച്ച 20,51,305 പേരിൽ നടത്തിയ പരിശോധനയിൽ 6,26,530 (31 ശതമാനം) പേർക്ക് പുതുതായി രക്താതിമർദവും സ്‌ക്രീനിംഗിലൂടെ പ്രമേഹം സംശയിച്ച 20,45,507 പേരിൽ നടത്തിയ പരിശോധനയിൽ 55,102 (2.7 ശതമാനം) പേർക്ക് പുതുതായി പ്രമേഹവും സ്ഥിരീകരിച്ചു. നിലവിൽ രക്താതിമർദവും പ്രമേഹവുമുള്ളവർക്ക് പുറമേയുള്ള കണക്കാണിത്. സംസ്ഥാനത്ത് പരിശോധന നടത്തിയ മൂന്നിൽ ഒരാൾക്ക് രക്താതിമർദം ഉണ്ടെന്നാണ് ഒന്നാംഘട്ട സർവേയിലൂടെ കണ്ടെത്തിയിരിക്കുന്നത്.

വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി രോഗസാധ്യത കണ്ടെത്തിയ വ്യക്തികളെ പരിശോധിച്ച് രോഗനിർണയം നടത്തി തുടർചികിത്സ ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. നിലവിൽ ജീവിതശൈലീ രോഗങ്ങളുള്ളവരുടേയും സാധ്യതയുള്ളവരുടേയും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പിനായി. ജീവിതശൈലീ രോഗങ്ങൾ നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ നിയന്ത്രിക്കാൻ സാധിക്കും. അതോടൊപ്പം രോഗസാധ്യത കണ്ടെത്തിയവരിൽ ജീവിതശൈലിയിൽ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങൾ വരാതെ നോക്കാനും സാധിക്കുന്നു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ആർദ്രം മിഷൻ എക്സി. കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close