Wayanad

വയറിളക്ക രോഗങ്ങള്‍- ഭക്ഷ്യ വിഷ ബാധക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ

വേനല്‍ക്കാലത്ത് വയറിളക്ക രോഗങ്ങള്‍, ഭക്ഷ്യ വിഷ ബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി ദിനീഷ് അറിയിച്ചു. ജില്ലയില്‍ വയറിളക്ക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം.  ജലസ്രോതസ്സുകള്‍ മലിനമാകാന്‍ സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം. മലിന ജലം, ഭക്ഷണം, വ്യക്തിത്വ-പരിസര ശുചിത്വത്തില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങളാണ് വയറിളക്ക രോഗങ്ങള്‍ക്ക് കാരണമാകുന്നത്. കേടായ ഭക്ഷണത്തിലൂടെ ഷിഗെല്ലോസിസ് പോലുള്ള മാരക പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകും. വയറുവേദന, പനി, വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ്  പ്രാഥമിക രോഗ ലക്ഷണങ്ങള്‍. വയറിളക്കത്തോടൊപ്പം മലത്തില്‍ രക്തം, അപസ്മാര ലക്ഷണങ്ങള്‍, നിര്‍ജ്ജലീകരണം തുടങ്ങിയവ  ഗുരുതര രോഗ ലക്ഷണങ്ങളാണ്.  പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ നേടാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ നേടണമെന്ന് അധികൃതര്‍ അറിയിച്ചു. കേടായതും പഴകിയതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും ചൂടാക്കി കഴിക്കുന്നതും പൂര്‍ണ്ണമായി ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. കിണറുകള്‍, കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. അനധികൃതമായി വിപണനം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍, പാക്കറ്റ് പാനീയങ്ങള്‍, സിപ് അപ്, ഐസ്‌ക്രീം എന്നിവ ഭക്ഷ്യവിഷബാധക്ക് സാധ്യതയുള്ളതിനാല്‍ ഒഴിവാക്കണം. പഴങ്ങള്‍, പച്ചക്കറികള്‍ കഴുകി ഉപയോഗിക്കണം. തുറന്ന് വച്ച ആഹാര പദാര്‍ത്ഥങ്ങള്‍, മലിനമായ  സ്ഥലങ്ങളില്‍  പാചകം ചെയ്യുന്ന പലഹാരങ്ങള്‍, മറ്റ് ഭക്ഷ്യ വസ്തുക്കള്‍ എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കണം. മാംസാഹാരം നന്നായി വേവിച്ച് സുരക്ഷിതമായി കഴിക്കണം. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മൂടിവെച്ച് ഉപയോഗിക്കുക. വ്യക്തിത്വ-കുടിവെള്ള-ഭക്ഷ്യ-പരിസര ശുചിത്വം പാലിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close