THRISSUR

ജില്ലയില്‍ അജൈവ മാലിന്യ ശേഖരണത്തില്‍ മുന്നേറ്റം; 3048 ടണ്‍ നീക്കം ചെയ്തു

ജില്ലയിലെ അജൈവമാലിന്യ ശേഖരണത്തില്‍ വന്‍ മുന്നേറ്റമെന്ന് ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ശംഭു ഭാസ്‌കര്‍ അറിയിച്ചു. 2023 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 3048 ടണ്‍ അജൈവമാലിന്യം ജില്ലയില്‍ നിന്ന് നീക്കം ചെയ്യാന്‍ സാധിച്ചു. അജൈവ മാലിന്യ ശേഖരണത്തില്‍ മൂന്നിരട്ടി വര്‍ധനവാണുണ്ടായത്. ഇതില്‍ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.

80 ടണ്‍ മള്‍ട്ടി ലയര്‍ പ്ലാസ്റ്റിക്, 1560 ടണ്‍ നിഷ്‌ക്രിയ മാലിന്യങ്ങള്‍, 2500 ടണ്‍ ഇ മാലിന്യം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ 815 ടണ്‍ പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക്കുകള്‍ പ്ലാസ്റ്റിക് റീസൈക്കിളേഴ്സിന് കൈമാറാന്‍ കഴിഞ്ഞു.

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന ശക്തന്‍ ഡംബ് സൈറ്റില്‍ നിന്നും 710 ടണ്‍ ലെഗസി മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് ശാസ്ത്രീയ നിര്‍മ്മാര്‍ജ്ജനത്തിന് സിമന്റ് ഫാക്ടറികള്‍ക്ക് കൈമാറി. തൃശൂര്‍ കോര്‍പ്പറേഷന്റെ ഇടപെടലും പ്രവര്‍ത്തന മികവും കൊണ്ടാണ് രണ്ടുമാസം കൊണ്ട് ഈ ഡംബ് സൈറ്റിലെ മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിച്ചത്.

സര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങളെ ഹരിത ഓഫീസാക്കി മാറ്റുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ നിന്നും 40 ടണ്‍ അജൈവമാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി ശാസ്ത്രീയ പരമായ രീതിയിലുള്ള നിര്‍മാര്‍ജനത്തിന് കയറ്റി അയച്ചിട്ടുണ്ട്. ഹരിതകര്‍മ സേന കലണ്ടര്‍ പ്രകാരം ഡിസംബറിലെ ചില്ലുമാലിന്യ ശേഖരണവും ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close