THRISSUR

കുട്ടികളുടെ മഹനീയ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ ബിഗ് സല്യൂട്ട്; മന്ത്രി കെ. രാജൻ

മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ 10 അതിദരിദ്ര കുടുംബങ്ങൾക്ക് ടുഗതർ ഫോർ തൃശ്ശൂരിന്റെ ഭാഗമായി വിമലഗിരി പബ്ലിക് സ്കൂളിൽ കിറ്റുകൾ കൈമാറി

അതി ദാരിദ്ര്യ നിർമ്മാർജനത്തിൻ്റെ ഭാഗമായി ജില്ലയിലെ 4734 അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് താങ്ങാവുന്ന ടുഗദർ ഫോർ തൃശ്ശൂരിൻ്റെ ഭാഗമായി മാടക്കത്തറ പഞ്ചായത്തിൽ പത്തു കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. കരുവൻകാട് വിമലഗിരി പബ്ലിക് സ്കൂളാണ് മാടക്കത്തറ പഞ്ചായത്തിലെ 43 കുടുംബങ്ങളിൽ നിന്നുള്ള 10 അതി ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ കൈമാറിയത്. സ്കൂൾ അങ്കണത്തിൽ നടന്ന അതിദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. 

നല്ല മക്കളായി വളരുന്നതിനുള്ള ആദ്യത്തെ ഗൃഹപാഠമായാണ് വിമലഗിരി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളുടെ സന്നദ്ധ പ്രവർത്തനങ്ങളെ കാണുന്നതെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു. ഓരോ ക്ലാസിലെ കുട്ടികളും അവർ പഠിച്ചു വളരുന്നതോടൊപ്പം ഒരു കുടുംബം കൂടി പട്ടിണി കിടക്കില്ലെന്നുള്ള ഉത്തരവാദിത്വം നിറവേറ്റുന്നത് പ്രശംസനീയാർഹമായ കാര്യമാണ്. ഇത്തരം മഹനീയ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ ബിഗ് സല്യൂട്ട് നൽകുകയാണെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയും സംയോജിത പ്രവർത്തനങ്ങളിലൂടെയും 2025 നവംബർ ഒന്നിനു മുൻപായി സംസ്ഥാനത്ത് അതിദരിദ്രർ ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.  

വിമലഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു മോഹൻദാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മാടക്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ മോഹൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി.  പ്രശാന്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിമലഗിരി പബ്ലിക് സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് കറുത്തേടത്ത്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ രശ്മി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ജി.  ശ്രീകല, അധ്യാപകർ, രക്ഷിതാക്കൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. 
1700 രൂപയോളം വില വരുന്ന കിറ്റാണ് കുടുംബങ്ങൾക്ക് കൈമാറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close