Idukki

പട്ടയമേള നാളെ(22); ജില്ലയില്‍ 1000 പട്ടയങ്ങള്‍ വിതരണം ചെയ്യും

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല പട്ടയമേളയോടനുബന്ധിച്ചുള്ള ജില്ലാതല പട്ടയമേള ഫെബ്രുവരി 22 ന് വൈകിട്ട് മൂന്നിന് ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാളില്‍ നടക്കും. സംസ്ഥാനതല പട്ടയമേള തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനതല പട്ടയമേളയുടെ തത്സമയം 14 ജില്ലകളിലും നടക്കുന്ന ജില്ലാതല പട്ടയമേളകളിലായി 30000 ത്തോളം പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.
ചെറുതോണിയില്‍ നടക്കുന്ന ജില്ലാതല പട്ടയമേള ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലയില്‍ വിവിധ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം തയ്യാറാക്കിയ 1000 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നത്. ജില്ലയിലെ താലൂക്ക് ഓഫീസുകള്‍, വിവിധ ഭൂമിപതിവ് സ്‌പെഷ്യല്‍ ഓഫീസുകള്‍ എന്നിവ മുഖേന തയ്യാറാക്കിയ 1993 ലെ ഭൂമി പതിവ് ചട്ടങ്ങള്‍, ജില്ലയിലെ അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് കണ്ടെത്തിയ ഭൂമിക്കുള്ള പട്ടയങ്ങള്‍, രാജീവ് ദശലക്ഷം പദ്ധതി പ്രകാരം ഹൗസിംഗ് ബോര്‍ഡ് ഭവനപദ്ധതി നടപ്പാക്കിയ ഗുണഭോക്താക്കള്‍ക്കുള്ള പട്ടയങ്ങള്‍, വനാവകാശ രേഖകള്‍, ലാന്‍ഡ് ട്രൈബ്യൂണല്‍ ക്രയസര്‍ട്ടിഫിക്കറ്റുകള്‍, മുനിസിപ്പല്‍ പ്രദേശത്തെ പട്ടയങ്ങള്‍, ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പട്ടയങ്ങള്‍ എന്നിവ മേളയില്‍ വിതരണം ചെയ്യും.
1993 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമുള്ള 670 പട്ടയങ്ങള്‍, 1964 ചട്ടങ്ങള്‍ പ്രകാരമുള്ള 198, 35 എല്‍റ്റി ക്രയസര്‍ട്ടിഫിക്കറ്റുകള്‍, 1995 ലെ മുന്‍സിപ്പല്‍ ചട്ടങ്ങള്‍ പ്രകാരമുള്ള 5 പട്ടയങ്ങള്‍, ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പ്രകാരമുള്ള 13 പട്ടയങ്ങള്‍, 79 വനാവകാശരേഖ എന്നിവയാണ് മേളയില്‍ വിതരണം ചെയ്യുന്നത്.
സംസ്ഥാനത്തെ എല്ലാ ഭൂരഹിതരെയും കണ്ടെത്തി അവരെ ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മൂന്നാംപട്ടയ മേളക്ക് ശേഷം സജ്ജമായ 30000 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുന്നതോടെ രണ്ടരവര്‍ഷം കൊണ്ട് ഒന്നരലക്ഷം പട്ടയങ്ങളെന്ന ലക്ഷ്യസാക്ഷാത്കാരത്തിലാണ് റവന്യൂവകുപ്പ്.
ജില്ലാതല പട്ടയമേളയില്‍ ഇടുക്കി എം.പി, ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാകളക്ടര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close