Idukki

ജില്ലയിലെ  88 ശതമാനം കുട്ടികൾക്ക് പോളിയോ വാക്സിൻ  നൽകി

*ഞായറാഴ്ച വാക്‌സിന്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നല്‍കും

ഇടുക്കി ജില്ലയിലെ 88 ശതമാനം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.അഞ്ചുവയസിന് താഴെയുള്ള  69092 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിട്ടിരുന്നത് . ഇതിൽ 60748 കുട്ടികൾക്ക് പള്‍സ് പോളിയോ ഇമ്യുണൈസേഷന്‍ പരിപാടിയുടെ ഭാഗമായി വാക്സിൻ നൽകി..ആശുപത്രികളിൽ ഒരുക്കിയ ബൂത്തുകളിൽ 56780 കുട്ടികൾ , ,ബസ് സ്റ്റാൻഡുകൾ , ടൂറിസ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊരുക്കിയ ബൂത്തുകളിൽ 1805 കുട്ടികൾ ,   2163 അതിഥി തൊഴിലാളികളുടെ കുട്ടികൾ എന്നിവർ  വാക്സിൻ സ്വീകരിച്ചു.

 പള്‍സ് പോളിയോ ഇമ്യുണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി മെഡിക്കല്‍ കോളേജില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ നിര്‍വഹിച്ചു. പോളിയോ വിമുക്തമായ നമ്മുടെ രാജ്യത്തെ പോളിയോ രോഗബാധയില്ലാത്ത രാജ്യമായി തന്നെ നിലനിര്‍ത്തുന്നതിനാണ് ഇമ്യൂണൈസേഷന്‍ പരിപാടി രാജ്യവ്യാപകമായി വീണ്ടും നടത്തുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ജില്ല ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സിബി ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പോളിയോ വാക്‌സിന്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. കുട്ടികളില്‍ അംഗവൈകല്യത്തിന് കാരണമാകുന്ന പോളിയോ മൈലൈറ്റിസ് രോഗത്തെ പോളിയോ വാക്‌സിന്‍ നല്‍കുന്നതിലൂടെ തടയാനാവും. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്തരാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നതിന് കാമ്പയ്ന്‍ നടത്തുന്നത്.

ജില്ലാതല ഉദ്ഘാടനത്തെ തുടര്‍ന്ന് ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട 1021 ബൂത്തുകളില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ തുള്ളിമരുന്ന് വിതരണം നടന്നു. അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ജില്ലയിലെ 69092 കുഞ്ഞുങ്ങള്‍ക്ക് ഓരോ ഡോസ് പോളിയോ വാക്‌സിന്‍ നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം.  
ഇന്ന് തുള്ളി മരുന്ന് ലഭിക്കാത്തവര്‍ക്ക് 4, 5 തീയതികളില്‍ ഭവനസന്ദര്‍ശനത്തിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ നല്‍കും. വാക്‌സിനേഷന്‍ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 21 ട്രാന്‍സിസ്റ്റ് ബൂത്തുകളും 27 മൊബൈല്‍ ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് 120 സൂപ്പര്‍വൈസര്‍മാരും രംഗത്തുണ്ട്. ജില്ലയിലെ അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കും ആദിവാസി മേഖലകളിലുള്ള കുഞ്ഞുങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  
ഉദ്ഘാടന ചടങ്ങില്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് അന്നമ്മ കെ. ജെ., ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധസംഘടനപ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ആരോഗ്യവിഭാഗം മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി സ്വാഗതവും വാഴത്തോപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close