THRISSUR

അമ്മമാരുടെ വായനാസമേതം ഡിസംബറില്‍

‘സമേതം’ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അമ്മമാരായ വായനക്കാരുടെ ജില്ലാതല സംഗമം സംഘടിപ്പിക്കാന്‍ സമേതം ജില്ലാതല കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഡിസംബര്‍ 16 നാണ് വായനാസമേതം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുക. 750 ഓളം അമ്മമാരാണ് പരിപാടിയില്‍ പങ്കെടുക്കുക. എഴുത്ത്, വായന, ആസ്വാദനം, പ്രസാധനം തുടങ്ങി വിവിധ മേഖലകളില്‍ ഇടപെടാനുള്ള ശേഷിയും താല്‍പര്യവും വളര്‍ത്തിയെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവര്‍ഷം ‘അമ്മവായന’ എന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. വായനയും ഒപ്പം കൃഷിയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഈ പരിപാടിയില്‍ പങ്കെടുത്ത അമ്മമാരില്‍ നിന്നും തെരഞ്ഞെടുത്ത അമ്മമാരുടെ സംഗമമാണ് സംഘടിപ്പിക്കുക. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളും പരിപാടിയുമായി സഹകരിക്കും.

കോര്‍കമ്മിറ്റി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗങ്ങളായ എ.വി. വല്ലഭന്‍, കെ.ആര്‍. മായ ടീച്ചര്‍, അസി. പ്ലാനിങ്ങ് ഓഫീസര്‍ പ്രവീണ്‍, എ.ഇ.ഒ
മാരായ എം.ബി. ബാലകൃഷ്ണന്‍, പി.ജെ. ബിജു, സമേതം ജില്ലാ കോര്‍ഡിനേറ്റര്‍ ടി.വി. മദനമോഹനന്‍, അസി. കോര്‍ഡിനേറ്റര്‍ വി. മനോജ്, വിവിധ പദ്ധതികളുടെ കോര്‍ഡിനേറ്റര്‍മാരായ ഡോ. ഷീല, ടി.എസ് സജീവന്‍, പി.എസ്. ഫഹ്മിദ, പി.കെ. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പരിശീലനം, ജെന്ററുമായി ബന്ധപ്പെട്ട അനന്യസമേതം, നാട്ടുപ്പൊലിമ തുടങ്ങി വിവിധ പരിപാടികളും ഡിസംബര്‍-ജനുവരി മാസത്തില്‍ നടത്താനും കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close