THRISSUR

ഗുരുവായൂർ റെയിൽവേ മേൽപ്പാലം: അവസാന ഘട്ട മിനിക്കു പണിയിൽ

അവലോകന യോഗം ചേർന്നു

ഗുരുവായൂർ റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ട് എൻ.കെ. അക്ബർ എംഎൽഎ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

ഗുരുവായൂർ മേൽപ്പാലത്തിൻ്റെ ഉദ്ഘാടനം സംബന്ധിച്ച ഒരുക്കങ്ങൾ പൂർത്തീകരിച്ചു വരുന്നതായും അവസാന മിനുക്ക് പണികൾ നടക്കുന്നതായും ആർബിഡിസികെ ഉദ്യോഗസ്ഥരും കരാർ കമ്പനിയും യോഗത്തെ അറിയിച്ചു.

തുടർന്ന് സംസാരിച്ച ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ മേൽപ്പാല നിർമ്മാണത്തിൽ സഹകരിച്ച എല്ലാ വകുപ്പുകൾക്കും ആർ ബി ഡി സികെ, റെയിൽവേ, കരാർ കമ്പനി റൈറ്റ്സ് എന്നിവയ്ക്കും ഗുരുവായൂർ പൗരാവലിയുടെ നന്ദി അറിയിച്ചു. കൂട്ടായ്മയുടെ ഫലമായാണ് നമുക്ക് കിഫ്ബി പദ്ധതിയിൽ പൂർത്തീകരിക്കുന്ന ആദ്യ ഉരുക്കുപാലമായി ഗുരുവായൂർ മേൽപ്പാലം മാറിയതെന്ന് എംഎൽഎ പറഞ്ഞു. മേൽപ്പാലം നിർമ്മിച്ച തൊഴിലാളികൾക്ക് നവംബർ 13 ന് വൈകീട്ട് 7 മണിക്ക് ഗുരുവായൂർ ടൗൺ ഹാളിൽ പ്രത്യേകം വിരുന്ന് ഏർപ്പെടുത്തുമെന്നും എംഎൽഎ അറിയിച്ചു.

ഉദ്ഘാടനത്തിന്റെ തലേദിവസം പൊതുജനങ്ങൾക്ക് പാലത്തിലൂടെ നടന്ന് കാണാനുള്ള അവസരം ഒരുക്കും. ഉദ്ഘാടന ദിവസം നാടമുറിക്കലിനു ശേഷം പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസ്സിൽ പാലത്തിലൂടെ ആദ്യ യാത്ര നടത്തും. ബസ്സിൽ പൊതു ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. മേൽപ്പാല ഉദ്ഘാടനത്തിൽ ജില്ലയിലെ മന്ത്രിമാർ, റെയിൽവേ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, ടി.എൻ. പ്രതാപൻ എംപി, എംഎൽഎമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്നും എംഎൽഎ യോഗത്തിൽ അറിയിച്ചു.

തിരുവെങ്കിടം അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട അവലോകനവും പൊതുമരാമത്ത് പ്രവർത്തികളുടെ പ്രതിമാസ അവലോകന യോഗത്തിൽ ഉൾപ്പെടുത്തുമെന്നും എംഎൽഎ വ്യക്തമാക്കി.

റെയിൽവേ മേൽപ്പാലം നിർമ്മാണ പുരോഗതി വിലയിരുത്താൻ 28 അവലോകന യോഗങ്ങളാണ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നത്.

ഗുരുവായൂർ നഗരസഭ ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ഗുരുവായൂർ എ.സി.പി സുരേഷ്, ചാവക്കാട് തഹസിൽദാർ ടി.കെ. ഷാജി, ആർബിഡിസികെ എഞ്ചിനീയർ അഷിദ്, റൈറ്റ്സ് ഉദ്യോഗസ്ഥർ, കരാർ കമ്പനി ഉദ്യോഗസ്ഥർ, നഗരസഭാ ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close