THRISSUR

ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പ് നാളെ (ഡിസംബര്‍ 27) തുടങ്ങും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അനിമേഷന്‍ തുടങ്ങിയവയിലെ സാങ്കേതികവിദ്യ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ദ്വിദിന ക്യാമ്പുകള്‍ക്ക് ജില്ലയില്‍ തുടക്കമായി. ഡിസംബര്‍ 31 വരെ പന്ത്രണ്ട് ഉപജില്ലകളില്‍ 23 ക്യാമ്പുകള്‍  നടക്കും.

കൈറ്റ് തയ്യാറാക്കിയ മൊഡ്യൂള്‍ അടിസ്ഥാനമാക്കി രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം നേടിയ കൈറ്റ് മാസ്റ്റര്‍മാര്‍, സ്‌കൂള്‍ ഐ ടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് പരിശീലനം. സ്‌കൂള്‍തല ക്യാമ്പുകളില്‍ നിന്നും പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 1303 കുട്ടികളള്‍ ക്യാമ്പില്‍ പങ്കെടുക്കും.

അനിമേഷന്‍ വിഭാഗത്തില്‍  ലഘുകഥകളെ അടിസ്ഥാനമാക്കി ഓപ്പണ്‍ ടൂണ്‍സ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് അനിമേഷന്‍ സിനിമകള്‍ തയ്യാറാക്കല്‍, കെഡിയെന്‍ ലൈവ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യല്‍, ത്രിമാന അനിമേഷന്‍ സോഫ്റ്റ്വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അനിമേഷന്‍ ടൈറ്റില്‍ തയാറാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കും. പ്രോഗ്രാമിംഗ് വിഭാഗത്തില്‍ പിക്‌റ്റോബ്ലോക്ക് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഗെയിം നിര്‍മ്മാണം, നിര്‍മ്മിതബുദ്ധി, റോബോട്ടിക്‌സ് എന്നിവ അടിസ്ഥാനമാക്കി മുഖം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വാതില്‍, ഡ്രൈവര്‍ ഉറങ്ങിയാല്‍ മുന്നറിയിപ്പ് നല്‍കുന്ന ഉപകരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന തരംതിരിക്കല്‍ യന്ത്രം തുടങ്ങിയവ തയ്യാറാക്കുന്നതിലും പരിശീലനം നല്‍കും. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റവെയര്‍ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പില്‍ മൊഡ്യൂള്‍ പരിശീലിപ്പിക്കുന്നത്. 

സബ് ജില്ലാ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലും ജില്ലാ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് സംസ്ഥാന ക്യാമ്പിലും പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close