THRISSUR

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്: ആറ് പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങില്‍ പരിഗണിച്ച് 12 പരാതികളില്‍ ആറെണ്ണം തീര്‍പ്പാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് അധ്യക്ഷനായി. ബാക്കി പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.

17 വര്‍ഷമായി വാടക വീട്ടില്‍ താമസിക്കുന്ന വെള്ളാനിക്കര സ്വദേശിയെ ലൈഫ് ഭവന പദ്ധതിയുടെ മുന്‍ഗണന ക്രമത്തില്‍ ഉള്‍പ്പെടുത്തി വാസയോഗ്യമായ ഭൂമിയും വീടും നല്‍കുന്നതിന് മാടക്കത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. 2017 -ല്‍ പലരുടെയും സഹായത്തോടെ സ്ഥലം വാങ്ങിയെങ്കിലും ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയായതിനാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ട് പ്രകാരം കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് അനുമതി ലഭ്യമാക്കുന്നതിന് നല്‍കിയ ഹര്‍ജിയാണ് കമ്മിഷന്‍ പരിഗണിച്ചത്.

നാഗലശ്ശേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന അശോക നിര്‍മിതിയായ ബുദ്ധസ്തൂപത്തിന്റെ ഭാഗമായ കട്ടില്‍മാടം നിര്‍മിതിയും ചേര്‍ന്നുള്ള ജലാശയവും ജീര്‍ണാവസ്ഥയിലാണെന്ന ഹര്‍ജിയില്‍ സംരക്ഷണത്തിന് ആവശ്യമായ തുക പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന പുരാവസ്തു വകുപ്പ്  ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി. കട്ടില്‍മാടത്തോട് ചേര്‍ന്നുള്ള കൊക്കരണി ജലാശയം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി നടപടികള്‍ സ്വീകരിക്കാനും പുരാവസ്തു വകുപ്പ്  ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

വെങ്കിടങ് ഗ്രാമപഞ്ചായത്ത് കെട്ടിടം നമ്പര്‍ അനുവദിക്കുന്നില്ലെന്ന പാടൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയില്‍ അനുബന്ധ രേഖകള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കാന്‍ പരാതിക്കാരന് നിര്‍ദേശം നല്‍കി. ഭവന നിര്‍മാണ വായ്പ നല്‍കുന്നില്ലെന്ന ചാലക്കുടി സ്വദേശി നല്‍കിയ പരാതി പരിശോധിച്ച് വായ്പ നല്‍കുന്നതിന് നടപടിയെടുക്കാനും ബാങ്ക് അധികൃതരോട് പറഞ്ഞു. കൂടാതെ കെഎസ്എഫ്ഇ വായ്പ കുടിശ്ശിക വരുത്തിയ ഈരാറ്റുപേട്ട സ്വദേശിക്ക് പരമാവധി ഇളവുകള്‍ അനുവദിച്ച് നല്‍കണമെന്നും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close