Thiruvananthapuram

ചെമ്പ് ചായ,ഖാട്ടി റോള്‍, മൊഹബത്ത് കാ സര്‍ബത്ത്: രുചിവീഥീയൊരുക്കി സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍

തട്ടുദോശ മുതല്‍ കേരള-കൊല്‍ക്കത്ത ഫ്യൂഷന്‍ വിഭവങ്ങള്‍ വരെ നിരന്ന രുചിവീഥിയുമായി കേരളീയത്തിലെ സ്ട്രീറ്റ് ഫുഡ്ഫെസ്റ്റ്. യൂണിവേഴ്സ്റ്റി കോളജ് മുതല്‍ വാന്റോസ് ജങ്ഷന്‍ വരെയുള്ള റോഡിലാണ് വേറിട്ട രുചിയുടെ നീളന്‍ തെരുവ് കേരളീയത്തിലെത്തുന്ന ഭക്ഷണപ്രേമികളെ മാടിവിളിക്കുന്നത്. 17 സ്റ്റാളുകളാണ് സ്ട്രീറ്റ് ഫെസ്റ്റിന്റെ ഭാഗമായുള്ളത്.

 യൂണിവേഴ്സിറ്റി കോളജിനു സമീപമുള്ള ആദ്യ ‘തട്ടുകടയില്‍’ ചെമ്പില്‍ ചായയുമായാണ് സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. കൂടെ പഴംപൊരി ബീഫ്, നെയ്യപ്പം ബീഫ്, കേക്ക് ബീഫ് എന്നിവയുടെ കോമ്പോ 100 രൂപ നിരക്കില്‍ ലഭിക്കും.
 കൊല്‍ക്കത്ത- ട്രാവന്‍കൂര്‍ ഫ്യൂഷന്‍ വിഭവങ്ങളുടെ കാല്‍വന്‍ -കോര്‍ സ്റ്റാളാണ് സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിലെ മറ്റൊരു വേറിട്ട വിഭവം. കൊല്‍ക്കത്തയില്‍ നിന്നുള്ള സുഗന്ധ വ്യജ്ഞനങ്ങള്‍ നാടന്‍ ഉല്‍പന്നങ്ങളില്‍ ചേര്‍ത്തുള്ള പാചകമാണ് ഇവിടത്തെ പ്രത്യേകത. ദേശീയ വോളിബോള്‍ ടീം മുന്‍ അംഗവും നിലവില്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയറുമായ സാരംഗ് ശാന്തിലാലും കൊല്‍ക്കത്ത സ്വദേശിനിയായ ഭാര്യ ശ്രീജിതയുമാണ് കാല്‍വന്‍ -കോറിന് പിന്നില്‍. ഇവിടത്തെ ഖാട്ടി റോളിനാണ് ആരാധകര്‍ കൂടുതല്‍. എഗ് ചിക്കന്‍ കബാബ്, എഗ് ബീഫ് റോസ്റ്റ്, കാല്‍-വന്‍കോര്‍ ചിക്കന്‍ ദം ബിരിയാണി എന്നിവയാണ് മറ്റു വിഭവങ്ങള്‍.

 ഡല്‍ഹി സ്‌പെഷ്യല്‍ മൊഹബത്ത് കാ സര്‍ബത്ത്, തണ്ണിമത്തന്‍, മില്‍ക്ക്‌മെയ്ഡ്, ഐസ് ക്യൂബ് മിക്‌സ്ഡ് പാനീയം എന്നിവ 50 രൂപയ്ക്കു ലഭിക്കും. അണ്ടിപരിപ്പ് പായസം, ആപ്പിള്‍ പായസം, അട- പാലട പ്രഥമന്‍ എന്നിവ ഒരു ഗ്ലാസിന് 40-50 രൂപയ്ക്കു ലഭിക്കും.
  ജൈവ- അജൈവ മാലിന്യങ്ങള്‍ പ്രത്യേകം തരം തിരിച്ച് കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഹരിത കര്‍മസേന ശേഖരിച്ച് ശുചിത്വവും ഉറപ്പാക്കിയാണ് ഭക്ഷ്യമേള പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close