Palakkad

ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി: മന്ത്രി കെ. രാജന്‍

ഭൂരഹിതരായ മുഴുവന്‍ പേരെയും കണ്ടെത്തി  ഭൂമി നല്‍കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. മുതുതല, നെല്ലായ, വാണിയംകുളം, പരുതൂര്‍, ചാലിശ്ശേരി എന്നിവിടങ്ങളിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ ഭൂസര്‍വേ നടപടികള്‍ ഏറ്റവും വേഗത്തിലും നല്ല രീതിയിലും നടക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ സര്‍വ്വേ നടപടികള്‍ പഠിക്കാന്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുവരെ സംഘങ്ങള്‍ എത്തുന്നു. സര്‍വ്വേ നടപടികള്‍ തുടങ്ങിയ 11 മാസം കൊണ്ട് 1.62 ലക്ഷം ഹെക്ടര്‍ ഭൂമി അളന്നു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
പട്ടയ അസംബ്ലിയിലൂടെ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ ഒരു ജില്ല, ഒരു അദാലത്ത് പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കുന്നതിന് വിവിധ തലത്തില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവയിലും പരിഹാരമാവാത്ത ഭൂപ്രശ്‌നങ്ങള്‍ ചട്ട-നിയമ ഭേദഗതികളിലൂടെ പരിഹരിക്കും. കൈയ്യേറ്റവും കുടിയേറ്റവും ഒരേ രീതിയില്‍ കാണുന്ന സമീപനം സര്‍ക്കാറിനില്ല. വന്‍കിട അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കും. സംസ്ഥാനത്തെ അതി ദരിദ്രരില്‍ ഭൂരഹിതരായി കണ്ടെത്തിയ 5632 കുടുംബങ്ങള്‍ക്ക് 2024നകം ഭൂമി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കോളനികളില്‍ കൈവശാവകാശ രേഖയില്ലാതെ താമസിക്കുന്നവരായി കണ്ടെത്തിയ 20,000 ത്തോളം കുടുംബങ്ങള്‍ക്ക് പ്രത്യേക മിഷന്‍ നടത്തി പട്ടയ വിതരണം നടത്തും. വിവിധ വകുപ്പുകളുടെ കൈയ്യിലുള്ള പുറമ്പോക്ക് ഭൂമികള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. ഭൂമി സംബന്ധമായ കേസുകള്‍ അനന്തമായി നീളുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പരുതൂര്‍, ചാലിശ്ശേരിയില്‍ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, നെല്ലായ, വാണിയംകുളം എന്നിവിടങ്ങളില്‍ പി. മമ്മിക്കുട്ടി എം.എല്‍.എ, മുതുതലയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ എന്നിവര്‍ അധ്യക്ഷരായി. പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, വകുപ്പ് മേധാവികള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

തൃത്താലയിലെ മുഴുവന്‍ വില്ലേജ് 
ഓഫീസുകളും സ്മാര്‍ട്ടാക്കുക ലക്ഷ്യം*: മന്ത്രി എം.ബി രാജേഷ്

തൃത്താല മണ്ഡലത്തിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കുകയാണ് ലക്ഷ്യമെന്ന് മണ്ഡലം എം.എല്‍.എയും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രിയുമായ എം.ബി രാജേഷ് പറഞ്ഞു. പരുതൂരില്‍ 50 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം ആരംഭിക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെയും ചാലിശ്ശേരിയില്‍ 44 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെയും ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ രേഖയും സ്മാര്‍ട്ട് എന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. കേരളത്തിലെ ഭൂമി സംബന്ധമായ എല്ലാ രേഖയും ഡിജിറ്റലാവുന്നതോടുകൂടി ഭൂമി സംബന്ധമായ ആ വ്യക്തിയും അതുകാരണമുള്ള പ്രയാസങ്ങളും ഇല്ലാതാവും. 
വിരല്‍ത്തുമ്പില്‍ ഭൂരേഖകള്‍ ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടാവുക. ഇത് വലിയ മാറ്റമാണ്. വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാവുന്നതിന്റെ അര്‍ത്ഥം കെട്ടിടം ഭംഗിയാവുക എന്നത് മാത്രമല്ല. ഭൂരേഖകള്‍ ഡിജിറ്റല്‍ ആവുന്നു എന്നത് കൂടിയാണ്. സംസ്ഥാനത്തെ അതിദരിദ്രരെ മുന്നോട്ട് എത്തിക്കുക എന്നതാണ് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം. 2025 നവംബര്‍ ഒന്നോടുകൂടി കേരളം അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു. 
സംസ്ഥാനത്തെ മുഴുവന്‍ നഗരസഭ ഗ്രാമപഞ്ചായത്ത് സേവനങ്ങളും ജനുവരിയില്‍ കെ-സമാര്‍ട്ട് ആപ്ലിക്കേഷനിലേക്ക് മാറും. ഇതോടെ പഞ്ചായത്ത് നഗരസഭ സംവിധാനങ്ങളില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ സേവനങ്ങളും ഈ ഓഫീസുകളില്‍ പോകാതെ തന്നെ മൊബൈല്‍ ഫോണില്‍ ലഭിക്കും. പദ്ധതി നവംബറില്‍ ട്രയല്‍ റണ്‍ ആരംഭിക്കും. നഗരസഭാ സേവനങ്ങള്‍ പൂര്‍ണമായി ജനുവരിയില്‍ കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനി ലേക്ക് മാറും. ഏപ്രില്‍ ഒന്നു മുതല്‍ ഗ്രാമപഞ്ചായത്ത് സേവനങ്ങളും ഇതിലേക്ക് മാറും. മരണം, ജനനം, വിവാഹം തുടങ്ങി ഏത് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ കൊടുത്താലും അപേക്ഷ നല്‍കിയതിന്റെ രസീത് ഫോണില്‍ ലഭിക്കും. 
സര്‍ട്ടിഫിക്കറ്റുകള്‍ വാട്‌സാപ്പിലൂടെ ലഭ്യമാവും. വീട്, കെട്ടിടം പണിയില്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഭൂമിയുടെ ഫോട്ടോ അപ്ലോഡ് ചെയ്താല്‍ അവിടെ നിര്‍മ്മാണം നടത്താന്‍ കഴിയുമോ തുടങ്ങി മുഴുവന്‍ വിവരങ്ങളും ലഭ്യമാവും. 3100 സ്‌ക്വയര്‍ ഫീറ്റ് വരെ വരുന്ന കെട്ടിടങ്ങള്‍ക്ക് 30 സെക്കന്‍ഡില്‍ പെര്‍മിറ്റ് ലഭിക്കുന്ന സ്ഥിതിയുണ്ടാവും. വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആവുമ്പോള്‍ നഗരസഭാ, പഞ്ചായത്ത് സംവിധാനങ്ങളും സ്മാര്‍ട്ടാവുകയാണ്. ഭരണനിര്‍വഹണമാകെ സ്മാര്‍ട്ട് ആവുകയാണെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീയുടെ പ്രവര്‍ത്തനം പഠിക്കാന്‍ വിദേശങ്ങളില്‍ നിന്നു പോലും കേരളത്തിലേക്ക് ആളുകള്‍ എത്തുന്നുണ്ട്. കേരളത്തിന്റെ മികച്ച പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ച് പഠിക്കാന്‍ മണിപ്പൂര്‍ എം.എല്‍.എ കഴിഞ്ഞദിവസം എത്തിയിരുന്നു. നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം കേരളത്തിന്റെ നേട്ടങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാണെന്നും കേരളീയത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും ഉള്‍പ്പെടെ വിദഗ്ധര്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ മാലിന്യ നിര്‍മ്മാര്‍ജന പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close