Palakkad

ലീഡര്‍ഷിപ്പില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ല, സ്ത്രീകള്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുവരണം: ജില്ലാ കലക്ടർ

ബാലികാ ദിനത്തിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംവാദം സംഘടിപ്പിച്ചു

പല തരത്തിലുള്ളവരെ ഒന്നിച്ച് ചേര്‍ത്ത് ഒരു പൊതുവായ ലക്ഷ്യത്തിലേക്ക് എന്നതാണ് ലീഡര്‍ഷിപ്പ് എന്ന കാണിക്കമാത കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രീയ സുരേഷിന്റെ ആശയത്തോടു കൂടിയാണ് അന്താരാഷ്ട്ര ബാലികാദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ ശിശു വികസന ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗ്ലൈഡ് 2023-ദി വിന്നിങ് വേ എന്ന തീമില്‍ ലീഡര്‍ ഫ്രം എ ജന്‍ഡര്‍ പെര്‍സ്‌പെക്ടീവ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച  സംവാദം ആരംഭിച്ചത്. ഒരു ലീഡര്‍ എന്നാല്‍ മരം പോലെ ആകണമെന്നും എല്ലാവരിലേക്കും ഇറങ്ങി ചെല്ലാന്‍ കഴിയുന്ന ആളാവണം എന്നുമാണ് പുതുപ്പരിയാരം സി.ബി.കെ.എം എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളുടെ അഭിപ്രായം. 

ലീഡര്‍ഷിപ്പില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലെന്നും ഒരു ലീഡര്‍ എപ്പോഴും നല്ല വ്യക്തിയായിരിക്കണമെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പല രീതിയിലും തൊഴിലിടങ്ങളില്‍ തുല്യതയില്ലായ്മ നിലനില്‍ക്കുന്നുണ്ടെന്നും സ്ത്രീകള്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് വരണമെന്നും അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും മാറ്റി നിര്‍ത്തരുതെന്നും തൊഴിലിടങ്ങളിലെ തുല്യതയില്ലായ്മ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ജില്ലാ കലക്ടര്‍ പറഞ്ഞു. 

പെണ്‍ ബുദ്ധി പിന്‍ബുദ്ധിയാണെന്ന ധാരണ സമൂഹത്തിനുണ്ടെന്നും ആ ധാരണ പുതുതലമുറ മാറ്റിയെടുക്കണമെന്നും സംവാദത്തില്‍ പങ്കെടുത്ത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്വയം ചിന്തിക്കാനുള്ള പ്രായമാകുമ്പോൾ  സ്വയം തീരുമാനം എടുക്കണമെന്നും സ്വന്തം കഴിവുകള്‍  തിരിച്ചറിയാൻ ശ്രമിക്കണമെന്നും അവ വികസിപ്പിച്ചെടുക്കണമെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ.ഉണ്ണികൃഷണൻ കൂട്ടിച്ചേര്‍ത്തു. രാത്രിയായാല്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്നും സുരക്ഷിതരല്ലെന്നുമുള്ള ധാരണകള്‍ മാറ്റി പകരം അവര്‍ക്ക് സുരക്ഷിതമായ ഇടം ഒരുക്കി നല്‍കുകയാണ് ചെയ്യേണ്ടതെന്ന് ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു പറഞ്ഞു. എല്ലാവര്‍ക്കും അടിയന്തര ഘട്ടത്തില്‍ സഹായം ലഭ്യമാക്കുന്നതിനായി 112 ടോള്‍ ഫ്രീ നമ്പര്‍ നിലവിലുണ്ടെന്നും ഇതോടൊപ്പം 112 ആപ്പിന്റെ സേവനവും ഉപയോഗപ്പെടുത്താമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും അത് എല്ലാവരുടെയും കുടുംബത്തില്‍നിന്നും ആദ്യം തുടങ്ങണമെന്നും സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയായി വനിതാ പോലീസ് സ്റ്റേഷന്‍ സി.ഐ മേരി സുപ്രഭ പറഞ്ഞു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വത്തിനായാണ് പിങ്ക് പോലീസുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്ത് മുഴുവന്‍ അംഗീകരിച്ച പിങ്ക് നിറമാണ് പിങ്ക് പൊലീസിന്റെ വാഹനത്തിന് നല്‍കിയിരിക്കുന്നതെന്നും വുമണ്‍ സെല്‍ എസ്.ഐ സോഫിയ   വ്യക്തമാക്കി. 

വിവിധ മേഖകളിലെ സ്ത്രീ സംവരണത്തെക്കുറിച്ച് സംസാരിച്ച പുതുപ്പരിയാരം സി.ബി.കെ.എം. എച്ച്.എസ്. എസിലെ അക്ഷയ് വിശ്വത്തെ സംവാദത്തിലെ മികച്ച സ്പീക്കറായി തെരഞ്ഞടുത്തു. പിങ്ക് പോലീസിന്റെ വാഹനത്തിന് പിങ്ക് നിറം നല്‍കിയതിന്റെ കാരണം ചോദിച്ച പി.എം.ജി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എം. ശ്യാമയുടെതാണ് ഏറ്റവും മികച്ച തോട്ട് പ്രൊവോക്കിങ് ചോദ്യം. ഒരു ലീഡര്‍ എങ്ങനെ ആയിരിക്കണമെന്ന് സംസാരിച്ച കാണിക്കമാത കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രീയ സുരേഷിന്റെയാണ് ഏറ്റവും മികച്ച തോട്ട്.

കാണിക്കമാത കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രശ്മി കൃഷ്ണ, ശ്രീയ സുരേഷ് എന്നിവര്‍ ഒന്നാം സ്ഥാനവും പി.എം.ജി മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ എം. ശ്യാമ, ആയുഷ് രാജ്, ആര്‍ച്ച ദാസ് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.

പാലക്കാട് കോട്ടയുടെ സമീപം നടന്ന പരിപടിയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, വനിതാ വുമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു, വനിതാ പോലീസ് സ്റ്റേഷന്‍ സി.ഐ മേരി സുപ്രഭ, വുമണ്‍ സെല്‍ എസ്.ഐ സോഫിയ, കൗണ്‍സിലറായ ഡോ. പ്രീത തോമസ്, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. 

വെണ്ണക്കര ഗവ ഹൈസ്‌കൂള്‍, പിരായിരി പുളിയപറമ്പ് എച്ച്.എസ്.എസ്., പാലക്കാട് കര്‍ണ്ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാണിക്കമാത കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് പി.എം.ജി. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുതുപ്പരിയാരം സി.ബി.കെ.എം.എച്ച്.എസ്.എസ്., പാലക്കാട് ബിഗ് ബസാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നായി രണ്ട് വിദ്യാര്‍ത്ഥികള്‍ വീതം 20 പേര്‍ സംവാദത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close