Palakkad

മാലിന്യക്കൂന നീക്കം ചെയ്ത് വീണ്ടെടുക്കുന്ന ഭൂമി ബയോപാര്‍ക്ക് ആക്കും: മന്ത്രി എം.ബി രാജേഷ്

കൂട്ടുപാത ഡംപ്സൈറ്റിലെ ബയോ മൈനിങ് ഉദ്ഘാടനം ചെയ്തു

മാലിന്യക്കൂനകള്‍ നീക്കം ചെയ്ത് വീണ്ടെടുക്കുന്ന ഭൂമി ആധുനിക ബയോപാര്‍ക്കുകളാക്കി മാറ്റുമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. പാലക്കാട് നഗരസഭയുടെ കൂട്ടുപാതയിലുള്ള ഡംപ്സൈറ്റിലെ ബയോ മൈനിങ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശുചിത്വം ഉറപ്പാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം ആളുകള്‍ക്ക് വരാനും വൈകുന്നേരങ്ങളില്‍ സമയം ചെലവഴിക്കാനും കഴിയുന്ന ആധുനിക ബയോ പാര്‍ക്കുകളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ നിലവില്‍ കണ്ടെത്തിയിട്ടുള്ള 20 വലിയ മാലിന്യക്കൂനകള്‍ നിര്‍മാര്‍ജനം ചെയ്തു വൃത്തിയാക്കുന്നതിനും ആ സ്ഥലം വീണ്ടെടുക്കുന്നതിനുമുള്ള പദ്ധതി കെ.എസ്.ഡബ്ല്യു.എം.പിയുടെ ഭാഗമായി നടപ്പാക്കാന്‍ കഴിഞ്ഞ ദിവസമാണ് ധാരണപത്രത്തില്‍ ഒപ്പിട്ടത്. അതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ നാല് സ്ഥലങ്ങളില്‍ ബയോമൈനിങ് പ്രവൃത്തി ആരംഭിക്കുകയാണ്. ഇതിന് തുടക്കം കുറിക്കുന്നത് പാലക്കാടാണ്.

100 കോടിയോളം രൂപ ചെലവില്‍ 20 നഗരസഭകളിലായി 20 മാലിന്യക്കൂനകളാണ് നീക്കം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ കണ്ണായ സ്ഥലത്തുള്ള 66 ഏക്കര്‍ ഭൂമി വീണ്ടെടുക്കാനും ഉപയോഗിക്കാനും കഴിയും. ഇവിടെ എട്ടര ഏക്കര്‍ ഭൂമി വീണ്ടെടുക്കാനാകും. ഇനിയൊരു മാലിന്യക്കൂന ഉണ്ടാകരുതെന്നും അതിന് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മപുരത്തിന്റെ കാര്യത്തില്‍ കൊച്ചിയിലുണ്ടായ മാറ്റങ്ങള്‍ കേരളത്തില്‍ മുഴുവന്‍ നടപ്പാക്കും. മാലിന്യം ശേഖരിക്കുന്ന ഏജന്‍സികള്‍ അത് വഴിയില്‍ വലിച്ചെറിയുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജലസ്രോതസ്സുകളില്‍ മാലിന്യം തള്ളിയാല്‍ ഒരു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കും. സി.സി.ടി.വി നിരീക്ഷണം ശക്തിപ്പെടുത്തും. ഇതോടുകൂടി മാലിന്യക്കൂനകള്‍ ഇല്ലാതാകണം.

ജൈവമാലിന്യങ്ങള്‍ വീടുകളില്‍ തന്നെ സംസ്‌കരിക്കണം. നല്‍കുന്ന ബയോബിന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അവ ദുരുപയോഗിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണം. ഉത്തരവാദിത്തം നിറവേറ്റാത്ത നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

ഹരിതകര്‍മ്മ സേനയ്ക്കൊപ്പമാണ് സര്‍ക്കാര്‍. ഹരിതകര്‍മ്മ സേനയ്ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂസര്‍ ഫീ വര്‍ധിക്കുമ്പോള്‍ വരുമാനവും കൂടും. ഹരിതകര്‍മ്മ സേനയ്ക്ക് സുരക്ഷിതമായ വരുമാനം സര്‍ക്കാര്‍ ഉറപ്പാക്കുകയും സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുകയും ചെയ്യും. കേരളത്തിന്റെ ശുചിത്വ സൈന്യമായിട്ടാണ് ഹരിതകര്‍മ്മസേനയെ സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷയായ പരിപാടിയില്‍ നഗരസഭ ക്ലീന്‍ കേരള മാനേജര്‍ ഇ.പി വിസ്മല്‍ പദ്ധതി വിശദീകരിച്ചു. പരിപാടിയില്‍ കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ്, പാലക്കാട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി. സ്മിതേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. ബേബി, പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ് മീനാക്ഷി, കൊടുമ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എം.എ പ്രവീണ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.കെ ഉഷ, നവകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. വരുണ്‍, കെ.എസ്.ഡബ്ല്യു.എം.പി ഡെപ്യൂട്ടി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് ഷിന്റ, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ആദര്‍ശ്, മറ്റു ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close