Palakkad

മണ്ണാര്‍ക്കാട് കോളെജില്‍ ഭൂചലനം, കെട്ടിടം തകരല്‍; *അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റിയും എന്‍.ഡി.ആര്‍.എഫും വിജയകരമായി മോക്ഡ്രില്‍

ചൊവ്വാഴ്ച രാവിലെ 10.45. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജിലെ രണ്ടുനില കെട്ടിടം തകര്‍ന്നതായി മണ്ണാര്‍ക്കാട് താലൂക്ക് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു. വിവരം ഉടന്‍ താലൂക്ക് കണ്‍ട്രോള്‍ റൂമില്‍നിന്നും ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയതോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആരംഭിച്ചു. അഗ്നിരക്ഷാസേനയും എന്‍.ഡി.ആര്‍.എഫും പോലീസും അതിവേഗം  അപകടസ്ഥലത്തെത്തി കെട്ടിടത്തില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് താലൂക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്നും വിവിധ വകുപ്പുകള്‍ക്കും വിവരം കൈമാറി. 
ഇന്‍സിഡന്റ് കമാന്‍ഡറായി മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ രേവ സംഭവസ്ഥലത്തെത്തി ഏകോപന ചുമതല ഏറ്റെടുത്തു. മണ്ണാര്‍ക്കാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ നാസറുടെ നേതൃത്വത്തില്‍ പോലീസ് സം ഘവും ഫയര്‍ ഓഫീസര്‍ സുല്‍ഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റും സിവില്‍ ഡിഫന്‍സ് സേനയുമാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. കെട്ടിടത്തിന് പുറത്ത് പരുക്കേറ്റു കിടന്ന രണ്ടുപേരെ സംഭവസ്ഥലത്ത് സജ്ജീകരിച്ച മെഡിക്കല്‍ എയ്ഡ് പോസ്റ്റിലെ മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങികിടക്കുന്നുവെന്ന് മനസിലാക്കിയതോടെ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ വിദഗ്ധരുടെ സേവനം ആവശ്യമാണെന്ന് ഇന്‍സിഡന്റ് കമാന്‍ഡര്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. 
തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയില്‍നിന്ന് എന്‍.ഡി.ആര്‍.എഫിന്റെ സഹായം ആവശ്യപ്പെട്ടു. ടീം കമാന്‍ഡര്‍ ദീപക്, അസി. ടീം കമാന്‍ഡര്‍ ആശിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള 23 അംഗ ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി. അപകടത്തിന്റെ വ്യാപ്തി ദ്രുതഗതിയില്‍ വിശകലനം ചെയ്ത ശേഷം മൂന്ന് സംഘമായി പിരിഞ്ഞ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒരു സംഘം തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റി അകത്ത് പ്രവേശിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ മുകളിലത്തെ നിലയില്‍ ഒരാള്‍ കൂടിയുണ്ടെന്ന് അറിഞ്ഞ സേന അവിടെ എത്തി പരുക്കേറ്റയാളെ കയര്‍ മാര്‍ഗം താഴെയിറക്കി ആശുപത്രിയി ലേക്ക് മാറ്റി. ഒരു മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനം ഉച്ചക്ക് 12 മണിയോടെയാണ് പൂര്‍ത്തിയായത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും എന്‍.ഡി.ആര്‍.എഫും സംയുക്തമായി നടത്തിയ മോക്ഡ്രില്ലാണ് പി ഴവില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന് മാതൃകയായത്. 
സേനക്ക് പുറമേ തഹസില്‍ദാര്‍ രേവ, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ. രാമന്‍കുട്ടി, സി. വിനോദ്, തദ്ദേശ സ്വയംഭരണ ദുരന്തനിവാരണ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആഷാ വി.കെ മേനോന്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ലേഖ ചാക്കോ, മണ്ണാര്‍ക്കാട് ബി.ഡി.ഒ ഡി. അജിതകുമാരി, പോലീസ്, അഗ്നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ്, റവന്യു, ആരോഗ്യം, കെ.എസ്.ഇ.ബി, മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ എന്നിവര്‍ മോക്ഡ്രില്ലില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close